പിണറായിക്ക് മോദിയുടെ ശൈലി
വി.ഡി സതീശൻ
കേരളത്തിൽ ഇന്നുവരെയുണ്ടാകാത്ത തരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമൂഹം ഒന്നാകെ അണിനിരക്കുന്ന ജനകീയ സമരമാണ് സിൽവർലൈനിനെതിരേ ഉയർന്നുവരുന്നത്. മാടപ്പള്ളിയും മുളക്കുഴയും കല്ലായിയുമൊക്കെ സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരായ പ്രക്ഷോഭങ്ങളുടെ ഒരു തുടക്കം മാത്രമാണ്. കിടപ്പാടവും ചവുട്ടിനിൽക്കുന്ന മണ്ണും നഷ്ടമാകുമെന്ന യാഥാർഥ്യത്തിൽ മാടപ്പള്ളിയിലെ ജനങ്ങൾ കാട്ടിയ ആവേശവും പ്രതിഷേധവും ചെറുത്തുനിൽക്കാനുള്ള ധൈര്യവുമൊക്കെ ശരിക്കും അത്ഭുതപ്പെടുത്തുന്നതും സിൽവർലൈൻവിരുദ്ധ പ്രക്ഷോഭങ്ങൾക്കാകെ കരുത്ത് നൽകുന്നതുമാണ്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേരളം ഒറ്റക്കെട്ടായി പ്രഖ്യാപിക്കുകയാണ്. പൊലിസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ നന്ദിഗ്രാമിൽ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന ജനകീയ സമരങ്ങളെ ഐക്യജനാധിപത്യ മുന്നണി ഏറ്റെടുത്തിരിക്കുകയാണ്.
കേരളത്തിൽ നിരവധി സമരങ്ങൾ ചെയ്ത പാർട്ടിയാണ് സി.പി.എം. അവർ ചെയ്തതുപോലുള്ള അക്രമപ്രവർത്തനങ്ങൾ സിൽവർലൈൻവിരുദ്ധ സമരത്തിലുണ്ടായിട്ടില്ല. കൃത്യമായ പഠനങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് നാല് കാരണങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നത്. പാരിസ്ഥിതി ലോലമായ കേരളത്തെ ഈ പദ്ധതി തകർക്കുമെന്നതാണ് ഒന്നാമത്തെ കാരണം. രണ്ടുലക്ഷം കോടി രൂപയുടെ പദ്ധതി സാമ്പത്തികമായും കേരളത്തെ തകർത്ത് തരിപ്പണമാക്കും. സാമൂഹികമായി ഉണ്ടാക്കുന്ന ആഘാതവും പദ്ധതിക്ക് പിന്നിലുള്ള വൻ സാമ്പത്തിക ഇടപാടും അഴിമതിയുമാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.
കേരളത്തെ ഗൗരവതരമായി ബാധിക്കുന്ന വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാരിന് ഭയമാണ്. ഗത്യന്തരമില്ലാതെ വിഷയം ചർച്ചയ്ക്ക് എടുത്തപ്പോഴാകട്ടെ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രിക്കോ സർക്കാരിനോ മറുപടിയില്ല. കുടിയിറക്കപ്പെടുന്നവർ മാത്രമല്ല കേരളം മുഴുവൻ സിൽവർലൈനിന്റെ ഇരകളായി മാറും. പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും കേരളം തകർന്നുപോകുന്നൊരു പദ്ധതിയാണിത്. കേരളത്തിന്റെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയെ സ്വാഭാവിക മരണത്തിന് വിട്ടുനൽകിക്കൊണ്ടാണ് വരേണ്യവർഗത്തിനുവേണ്ടി സർക്കാർ സിൽവർലൈൻ നടപ്പാക്കുന്നത്. സിൽവർലൈൻ വിജയകരമാകണമെങ്കിൽ എൻ.എച്ച് വീതി കൂട്ടരുതെന്നാണ് ഡി.പി.ആറിൽ പറയുന്നത്. കൂട്ടിയാൽ തന്നെ ടോൾ നിരക്ക് ഉയർത്തണം. തീവണ്ടികളിലെ യാത്രാനിരക്ക് ഉയർത്തിയില്ലെങ്കിലും സിൽവർലൈനിന് ആളെ കിട്ടില്ലെന്നും പറയുന്നുണ്ട്. മറ്റു പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്ന രീതിയിലേക്കാണ് സിൽവർലൈൻ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഏതു കണക്കിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ 64000 കോടി മതിയെന്ന് പറയുന്നത്? ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം കോടി രൂപ വേണ്ടിവരുമെന്നാണ് 2018ൽ നീതി ആയോഗ് കണക്കാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ചെലവ് ഒരു ലക്ഷത്തി അറുപതിനായിരം കോടിയാകും. പത്തു വർഷമെടുത്ത് പദ്ധതി പൂർത്തിയാക്കുമ്പോഴേക്കും ചെലവ് രണ്ടു ലക്ഷം കോടി രൂപയിൽ അധികവും. ഗുരുതര സമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ നെട്ടോട്ടമോടുന്ന സംസ്ഥാന സർക്കാർ ഇത്രയും വലിയൊരു തുക വായ്പ എടുക്കാവുന്ന അവസ്ഥയിലാണോ? സിൽവർലൈൻ നടപ്പാക്കിയ ശേഷം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയാൽ അതിന്റെ ബാധ്യത കൂടി സംസ്ഥാനം എങ്ങനെ താങ്ങും?
പദ്ധതിയുടെ പ്രഥമിക, അന്തിമ സാധ്യതാപഠന റിപ്പോർട്ടുകളിലെയും ഡി.പി.ആറിലെയും കണക്കുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇത് ഡാറ്റ തിരിമറിയാണ്. ഡാറ്റ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് പഠനം നടത്തിയ സിസ്ട്രയുടെ തലവൻ അലോക് കുമാർ വർമ വെളിപ്പെടുത്തിയതും. ഒരു പഠനവും നടത്താതെയാണ് ഡി.പി.ആർ ഉൾപ്പെടെയുള്ളവ ഉണ്ടാക്കിയിരിക്കുന്നത്. പദ്ധതി ലാഭകരമാണെന്നു വരുത്തിത്തീർക്കാനാണ് ഡാറ്റ തിരിമറിയിലൂടെ ശ്രമിച്ചിരിക്കുന്നത്. ഡാറ്റ തിരിമറി നടത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മറുപടി നൽകാൻ മുഖ്യമന്ത്രിയോ സർക്കാരോ തയാറായിട്ടില്ല.
328 കിലോ മീറ്റർ ദൂരത്തിലും എംബാങ്ക്‌മെന്റാണെന്ന് ഡി.പി.ആറിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡി.പി.ആറിലും കെ റെയിൽ വെബ്‌സൈറ്റിലും പറയുന്നതിന് വിരുദ്ധമായ വിവരങ്ങളാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 35 മുതൽ 40 അടി വരെ ഉയരത്തിലാണ് എംബാങ്ക്മെന്റുകൾ നിർമിക്കുന്നത്. എംബാങ്ക്‌മെന്റ്‌സ് ഇല്ലാത്ത സ്ഥലങ്ങളിൽ രണ്ടുവശത്തും ഉയരത്തിൽ മതിൽ കെട്ടുമെന്നും അതിൽ പരസ്യം നൽകി വരുമാനമുണ്ടാക്കാമെന്നുമാണ് ഡി.പി.ആറിൽ പറയുന്നത്. ഒരു രാത്രി മുഴുവൻ മഴ പെയ്താൽ പ്രളയമുണ്ടാകുന്ന സംസ്ഥാനത്ത് സിൽവർലൈൻ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ എങ്ങനെ തടത്തുനിർത്തും? ഈ എംബാങ്ക്‌മെന്റുകൾ നിർമിക്കുന്നതിന് കല്ലും മണ്ണും എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് സർക്കാരിന്റെ പക്കൽ മറുപടിയില്ല. ആവശ്യത്തിന് പാറ കിട്ടാത്തതുകൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാകാത്തതെന്നാണ് സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും പറയുന്നത്. വിഴിഞ്ഞത്ത് 3000 മീറ്റർ ഇടാൻ കല്ല് കണ്ടെത്താൻ സാധിക്കാത്തവരാണ് അഞ്ചു ലക്ഷത്തിലധികം മീറ്റർ ദൂരത്തിൽ സിൽവർലൈനിന് വേണ്ടി കല്ലിടുമെന്ന് പറയുന്നത്.
പത്ത് കോടി രൂപ ചെലവഴിച്ചുള്ള ഒരു പാലം പണിയണമെങ്കിൽ പോലും മണ്ണ് പരിശോധിക്കും. കേരളത്തിന്റെ പല ഭാഗങ്ങളിലും മണ്ണിന്റെ ഘടന പല രീതിയിലാണ്. മണ്ണ് പരിശോധിച്ചാൽ മാത്രമേ പൈലിങ് വേണമോ എന്ന് തീരുമാനിക്കാനാവൂ. ഇത് ചൂണ്ടിക്കാട്ടിയാണ് എംബാങ്ക്‌മെന്റുകൾ ഉൾപ്പെടെ നിർമിക്കുന്ന ഈ പദ്ധതിക്കുവേണ്ടി മണ്ണ് പരിശോധന ഉൾപ്പെടെ നടത്തിയിട്ടുണ്ടോയെന്ന് പ്രതിപക്ഷം നിയമസഭയിൽ ചോദിച്ചത്. അപ്പോൾ, ലൂസായ മണ്ണായതിനാൽ ട്രെയിൻ മറിയുമെന്ന് ഭരണപക്ഷക്കാർ 'ട്രോൾ' ഇറക്കി. മണ്ണിന്റെ ഘടന പരിശോധിക്കാതെയാണ് ഡി.പി.ആർ തയാറാക്കിയതെന്ന് റെയിൽവേ മന്ത്രി പാർലമെന്റിൽ പ്രസംഗിച്ചതോടെ ഇവരുടെയൊക്കെ സംശയം മാറിക്കാണുമല്ലോ. ആഴത്തിൽ പഠിച്ചിട്ടാണ് സിൽവർലൈനിനെ യു.ഡി.എഫ് എതിർക്കുന്നത്. കേരള ചരിത്രത്തിൽ ഇത്ര പഠനം നടത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനവും സമരരംഗത്തേക്ക് ഇറങ്ങിയിട്ടില്ല. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ഏതെങ്കിലും ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ സാധിച്ചോ?
ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ അഹമ്മദാബാദ് -മുംബൈ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവന്നപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ നടപ്പാക്കരുതെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്. അതേ സി.പി.എമ്മിന്റെ കേരള ഘടകം നേതൃത്വം നൽകുന്ന സർക്കാരാണ് രണ്ടു ലക്ഷം കോടി രൂപയ്ക്ക് സിൽവർലൈൻ നടപ്പാക്കുമെന്ന് വാശി പിടിക്കുന്നത്. ലോകം ഒന്നാകെ കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രീയ തെളിവുകൾ ചർച്ച ചെയ്യുകയും വികസന ബദലുകൾ കണ്ടെത്താൻ നിർബന്ധിതമാക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് വൻമൂലധനവും ദീർഘകാല പ്രത്യാഘാതമുള്ള ഒരു പദ്ധതി നടപ്പിലാക്കാൻ കേരളം ശ്രമിക്കുന്നത്.
സിൽവർലൈനിനെ എതിർത്ത എഴുത്തുകാർ പോലും പരസ്യമായി അപമാനിക്കപ്പെടുകയാണ്. കേരളത്തിൽ ആർക്കും സർക്കാരിനെ എതിർക്കാൻ അവകാശമില്ലേ? സർക്കാരിനെയോ പദ്ധതികളെയോ നേതാക്കളെയോ എതിർത്താൽ തീവ്രവാദികളും ദേശദ്രോഹികളുമാക്കുന്ന നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് പിണറായി വിജയനും സ്വീകരിച്ചിരിക്കുന്നത്. ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. ജനവിധി എന്തും ചെയ്യാനുള്ള അധികാരമാണെന്ന് സർക്കാർ തെറ്റിദ്ധരിക്കരുത്. ഭരണകൂടവും ഭരണാധികാരിയും ജനാധിപത്യ വിരുദ്ധമാകുമ്പോൾ ചില ലക്ഷണങ്ങൾ കാണിക്കും. അതാണ് സിൽവർലൈൻവിരുദ്ധ സമരങ്ങളെ അടിച്ചമർത്താൻ നടക്കുന്ന ശ്രമങ്ങൾ. ഇത് ജനാധിപത്യ കേരളമാണ്. ഇവിടെ മോണോലോഗല്ല, സംവാദങ്ങളാണ് വേണ്ടത്. എതിർപ്പുകളെയും ആശങ്കകളെയും ഉത്കണ്ഠകളെയും അഭിമുഖീകരിക്കണം. ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കാൻ കേരളത്തിലെ യു.ഡി.എഫോ ജനങ്ങളോ സമ്മതിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."