തെറ്റായ നയം വരുത്തിവച്ച വിന, ശ്രീലങ്ക പാഠമാണ്
സമീപകാലത്തെങ്ങുമില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക ഇന്ന് അഭിമുഖീകരിക്കുന്നത്. ഭക്ഷ്യക്ഷാമവും രാജ്യത്ത് രൂക്ഷം. ഡോളറിനെതിരേ ശ്രീലങ്കൻ രൂപയുടെ വിനിമയം പ്രതിദിനം ഉയരുന്നു. 230 ശ്രീലങ്കൻ രൂപ നൽകിയാൽ ഒരു ഡോളർ എന്നതാണ് കഴിഞ്ഞദിവസത്തെ നിരക്ക്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെ റേഷൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ തെറ്റായ സാമ്പത്തികനയം ഒരു രാജ്യത്തെ എങ്ങനെ പാപ്പരാക്കുമെന്നതിനുള്ള തെളിവാണ് ശ്രീലങ്ക.
1948ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തിലാണ് നമ്മുടെ അയൽരാജ്യം. ശ്രീലങ്ക നേരിടാൻ പോകുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണറും അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളും പലപ്പോഴായി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. മാർച്ചിൽ വൈദ്യുതിവിതരണം ഏഴര മണിക്കൂർ മാത്രമാക്കി ചുരുക്കി. ഡീസൽ വാങ്ങാനുള്ള പണമില്ലാത്തത് കൊണ്ടായിരുന്നു ഇത്. തുടർന്ന് ഭക്ഷ്യക്ഷാമവും രൂക്ഷമായി. അരിക്കും പാലിനും വില കുതിച്ചുയർന്നു. സൂപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ കിട്ടാതായി. ഇതോടെ ജനങ്ങൾക്ക് പ്രതിസന്ധി ബോധ്യമായി. അതുവരെ രാജ്യം തെറ്റായവഴിയിൽ സഞ്ചരിക്കുന്നത് അവരറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ അത് കണ്ടില്ലെന്ന് നടിച്ചു. പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച സർക്കാർ തുടർന്ന് നടപ്പാക്കിയ പദ്ധതികളും പിഴച്ചു. സാമ്പത്തികസ്ഥിതി വഷളാകാതിരിക്കാൻ ഇറക്കുമതി നിരോധിച്ചു. ഭക്ഷ്യക്ഷാമം രൂക്ഷമായി. ജനം തെരുവിലിറങ്ങി.
ശ്രീലങ്കയെ ഈ നിലയിലേക്ക് നയിച്ചതിൽ നിരവധി കാരണങ്ങളുണ്ട്. ദേശീയവും അന്തർദേശീയവുമായ കാരണങ്ങൾ അതിലുൾപ്പെടും. സ്റ്റാൻഡേർഡ് ആൻഡ് പുവർ റേറ്റിങ് ഏജൻസി ശ്രീലങ്കയുടെ ഗ്രേഡ് കുറച്ചു. സാമ്പത്തിക അരക്ഷിതാവസ്ഥയോടൊപ്പം സാമൂഹികസ്ഥിതിയും മോശമായി. വരവറിഞ്ഞ് ചെലവഴിക്കാൻ ശ്രീലങ്ക മറന്നുവെന്നതാണ് പ്രധാന കാരണം. ഭീമമായ തുക കടമെടുത്തത് പ്രതിസന്ധിക്ക് ആക്കംകൂട്ടി. 2020ൽ തന്നെ ശ്രീലങ്കയുടെ കടം- ജി.ഡി.പി അനുപാതം 101 ശതമാനത്തിലെത്തി. 2022ഓടെ ഇത് 108ലേക്ക് ഉയരുകയാണ്. 2025 വരെയുള്ള കാലഘട്ടത്തിൽ വിദേശകടം വീട്ടാൻ തന്നെ ശ്രീലങ്കയ്ക്ക് 500 കോടി ഡോളർ വേണ്ടിവരും. ഈ വർഷം 100 കോടി ഡോളർ വിദേശ കടം വീട്ടിയിരുന്നു. ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞതിനാൽ കടം കിട്ടാനുള്ള സാധ്യത കുറഞ്ഞു. ഇത്തരം ഘട്ടങ്ങളിൽ രാജ്യങ്ങൾ കടമെടുത്ത് പ്രതിസന്ധി പരിഹരിക്കുകയാണ് പതിവ്. നിക്ഷേപകർ ശ്രീലങ്കയെ കൈവിട്ടു. അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) മുന്നോട്ടുവച്ച രക്ഷാപദ്ധതിയും ശ്രീലങ്ക അംഗീകരിച്ചില്ല.
വിദേശനാണയ കരുതൽ ശേഖരം ഇല്ലാതായതാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കുന്നത്. കടമായി ഇന്ധനം നൽകണമെന്നും ഒരു ബില്യൺ ഡോളറിന്റെ സഹായം വേണമെന്നും ശ്രീലങ്കൻ ധനമന്ത്രി ബാസിൽ രജപക്‌സെ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ജനുവരി വരെ ഇന്ത്യ ശ്രീലങ്കക്ക് 1.4 ബില്യൻ ഡോളറിന്റെ സഹായം നൽകിയിട്ടുണ്ട്. ഐ.എം.എഫിനെ ഒഴിവാക്കി ഇന്ത്യയുടെയും ചൈനയുടെയും സഹായം വാങ്ങി കടംതീർക്കാൻ കഴിയുമോയെന്നാണ് ശ്രീലങ്ക ഇപ്പോൾ ആലോചിക്കുന്നത്. ഇരുരാജ്യങ്ങളുമായി ശ്രീലങ്കക്ക് നേരത്തെതന്നെ വാണിജ്യബന്ധമുണ്ട്. ഇതു മുതലെടുക്കാനാണ് ശ്രമം. അതേസമയം, ഡോളറിനെതിരേ ശ്രീലങ്കൻ രൂപയുടെ നിലവാരം കുറയുന്നത് കയറ്റുമതിക്കാർ നേട്ടമുണ്ടാക്കുന്നു. ഡോളർ കൈവശമുള്ള കയറ്റുമതിക്കാരാണ് നിലവിൽ ഡോളർക്ഷാമത്തിന് പിന്നാലെന്ന് സർക്കാരിനും അറിയാം. പക്ഷേ, അവരെ നിയന്ത്രിക്കാനാകുന്നില്ല. ബാങ്കുകളിലെ ഡോളറുകൾ പുറത്തുപോകാതെ സംരക്ഷിച്ചാണ് ദിവസേനയുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. കൊവിഡും സാമ്പത്തികപ്രതിസന്ധിക്ക് കാരണമാണ്. ഐ.എം.എഫ് 787 ദശലക്ഷം ഡോളർ ശ്രീലങ്കക്ക് ഉപാധികളില്ലാതെ കൊവിഡ് സഹായമായി നൽകിയിരുന്നു. സെൻട്രൽ ബാങ്ക് ഹ്രസ്വകാല കറൻസി ഇടപാടിലൂടെ 359 കോടി ഡോളറും കണ്ടെത്തി. പക്ഷേ, ഇത് അടുത്ത രണ്ടുവർഷത്തെ കടംവീട്ടാൻ മാത്രമേ തികയൂ. ഏകദേശം 610 കോടി ഡോളർ തിരിച്ചടവുണ്ട്.
ശ്രീലങ്കയുടെ പ്രധാന വിദേശനാണ്യ വരുമാനമായ ടൂറിസത്തിന് കൊവിഡ് മങ്ങലേൽപ്പിച്ചതാണ് പ്രധാന വെല്ലുവിളിയായത്. 500 കോടി ഡോളർ വരെ പ്രതിവർഷ വരുമാനം ഇങ്ങനെ ലഭിക്കുമായിരുന്നു. ആദ്യ ലോക്ക്ഡൗൺ 18 മാസം നീണ്ടു. വാക്‌സിനേഷൻ പ്രവർത്തനത്തിലും ലക്ഷ്യബോധമുണ്ടായില്ല. അടച്ചിടൽ കാലത്ത് വരുമാനക്കുറവിനെ മറികടക്കാൻ പദ്ധതികളുണ്ടായില്ലെന്നത് വീഴ്ചയായി. നികുതി കുറച്ചുള്ള പരിഷ്‌കാരവും സാമ്പത്തികപ്രതിസന്ധിക്ക് കാരണമായി. 2019ൽ അധികാരത്തിലെത്തിയ പ്രസിഡന്റ് ഗോതബായ രജപക്‌സെ കോർപറേറ്റ് നികുതി കുറച്ചു. ഇതോടെ 5,600 കോടി ശ്രീലങ്കൻ രൂപയുടെ വരുമാനനഷ്ടമുണ്ടായി. പിന്നാലെ കൊവിഡും കൂടിയായപ്പോൾ ശ്രീലങ്കയുടെ സാമ്പത്തിക നട്ടെല്ലിന് ക്ഷതമേറ്റു. സർക്കാർ വരുമാനത്തിന്റെ 80 ശതമാനവും ശമ്പളത്തിനും പെൻഷനും നീക്കിവയ്‌ക്കേണ്ടിവന്നു. ബജറ്റ് കമ്മി ജി.ഡി.പിയുടെ 6 ശതമാനമായത് ഒരു സാമ്പത്തികവർഷം കൊണ്ട് 11.20 ശതമാനമായി ഉയർന്നു.
ഭക്ഷ്യക്ഷാമത്തിന് പ്രധാന കാരണം രാജ്യത്ത് ജൈവകൃഷി നയം കൊണ്ടുവന്നതാണ്. 2021 ഏപ്രിൽ മുതൽ രാസവളവും കീടനാശിനിയും അണുനാശിനിയും പൂർണമായി നിരോധിച്ചിരുന്നു. രാസവളം വാങ്ങാനുള്ള വിദേശപണം ലാഭിക്കാനായിരുന്നുവത്രേ ഇത്. ഏകദേശം 250 കോടി ഡോളറാണ് രാസവളം വാങ്ങാൻ നൽകേണ്ടിയിരുന്നത്. വിളവ് കുറഞ്ഞത് കാരണം 625 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി. പ്രധാന വിളയായ തേയില കൃഷിയെ ഇതു ബാധിച്ചു. ശ്രീലങ്കയിൽ കുരുമുളക് ഉൾപ്പെടെയുള്ളവയുടെ വിളവ് കുറഞ്ഞത് ഇന്ത്യയിലും വിലകൂടാൻ ഇടയാക്കി. ജൈവകൃഷിയിലെ ഉത്പാദനക്ഷമത 30-50 ശതമാനമായി കുറഞ്ഞു. സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതി കുറഞ്ഞു. അങ്ങനെയും തിരിച്ചടി നേരിട്ടു. പകരം ഇറക്കുമതി ചെയ്യേണ്ടിവന്നു.
ഭരണതലപ്പത്തുള്ളവരുടെ തെറ്റായ സാമ്പത്തിക, കാർഷിക, ടൂറിസം നയങ്ങളാണ് ശ്രീലങ്കയെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചത്. ഉത്തരക്കടലാസ് ഇല്ലാത്തതുകാരണം പരീക്ഷയെഴുതാൻ പോലും കഴിയാത്ത സ്ഥിതി വരുത്തിവച്ചത് ക്രിയാത്മകമല്ലാത്ത നയനിലപാടുകളാണ്. ശ്രീലങ്കയിൽ നിന്ന് മറ്റു രാജ്യങ്ങൾക്കും പാഠമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."