വേങ്കോട് എസ്.യുടി ആശുപത്രി കാന്റീനിൽ നിന്ന് പഴകിയ സമൂസ കഴിച്ച അഞ്ചുവയസ്സുകാരിക്ക് ഛർദ്ദിൽ; സ്ഥാപനം പൂട്ടിച്ചു
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് പഴകിയ ഭക്ഷണം വിതരണംചെയ്തതിന് പിന്നാലെ വട്ടപ്പാറ വേങ്കോട് എസ്.യു.ടി ആശുപത്രിയിലെ കോഫി ഷോപ്പ് പൂട്ടിച്ചു. ജോലിക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നെസ്സ് ഇല്ലാത്തതും പഴകിയ ഭക്ഷണം വിതരണം ചെയ്തതുമാണ് സ്ഥാപനം പൂട്ടാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം ഇവിടെ നിന്നും സമൂസ കഴിച്ച അഞ്ചു വയസുകാരിക്ക് ഛർദ്ദിയും അവശതയും ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കോഫി ഷോപ്പിൽ റെയ്ഡ് നടത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ സ്ഥാപനം തുറന്നു പ്രവർത്തിക്കരുതെന്ന് കാണിച്ച് സ്ഥാപനത്തിന് നോട്ടീസ് നൽകി. പഴകിയ ഭക്ഷണം വിൽപ്പന നടത്തിയതിനും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനും മുൻപ് ഈ സ്ഥാപനത്തിന് പിഴ ചുമത്തിയിരുന്നു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ കാണാൻ മാതാപിതാക്കൾക്കൊപ്പം എത്തിയതാണ് അഞ്ച് വയസുകാരി. അതേസമയം പരിശോധനയിൽ കുട്ടിക്ക് ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോക്ടർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."