ഇന്ന് പാലിയേറ്റീവ് ദിനം, ഇന്ത്യയിൽ സമാനതകളില്ലാത്ത കേരളാ മോഡൽ
പാലക്കാട്: പാലിയേറ്റീവ് കെയർ കേരളാ മോഡൽ ദേശീയതലത്തിൽ ശ്രദ്ധേയമാകുന്നു. ജനകീയ പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ സാന്ത്വന പരിചരണ രംഗം ഇതര സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാവുകയാണ്. 1994ൽ കോഴിക്കോട് മെഡിക്കൽ കോളജിനോട് ചേർന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രൂപം കൊണ്ടതുമുതൽ ഇന്നു വരെയുള്ള സാന്ത്വന പരിചരണ ചരിത്രം പരിശോധിച്ചാൽ വലിയ മുന്നേറ്റമുണ്ടായതായി കാണാം. കേരളീയ സംസ്‌കാരത്തിന്റെ സവിശേഷതയാണ് സാന്ത്വന പരിചരണത്തെ സംസ്ഥാനത്ത് ഇത്രയും ജനകീയമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ പദ്ധതി, ആർദ്രം മിഷൻ പദ്ധതികളും പാലിയേറ്റീവ് കെയർ പോളിസി നടപ്പിലാക്കുന്നതിനുവേണ്ടി അരികെ എന്ന പേരിൽ രൂപീകരിച്ച സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതിയുമെല്ലാം കേരളത്തിന്റെ സാന്ത്വന പരിചരണ രംഗത്തിന്റെ സവിശേഷതകളാണ്. സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാഥമിക പാലിയേറ്റീവ് പരിചരണ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും കേന്ദ്രീകരിച്ച് വിദഗ്ധ പാലിയേറ്റീവ് പരിചരണ യൂനിറ്റുകളുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സാമൂഹിക കാഴ്ചപ്പാടുകൾ ഇതരസംസ്ഥാനങ്ങളിലില്ല. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോഡേൺ മെഡിസിൻ, ഐ.എസ്.എം, ഹോമിയോ വിഭാഗങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതെല്ലാം കേരളാ മോഡലിന്റെ പ്രത്യേകതകളാണ്.
രോഗം എന്നത് ഡോക്ടർ, ആശുപത്രി, മരുന്ന് എന്ന സമവാക്യത്തിലൂടെ പരിഹരിക്കാവുന്നതല്ലെന്നും സമൂഹത്തിന്റെ ക്രിയാത്മക ഇടപെടൽ ആവശ്യമുള്ള ഒന്നാണെന്നുമുള്ള ബോധം ജനങ്ങളിലുള്ളതു കൂടിയാണ് കേരളത്തിലെ സാന്ത്വന പരിചരണ രംഗത്തിന്റെ വികാസത്തിന് കാരണമാകുന്നത്. വിവിധ ഏജൻസികൾക്കും രോഗികൾക്കും പൊതുജനത്തിനും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പാലിയേറ്റീവ് കെയർ ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. രജിസ്റ്റർ ചെയ്യുന്ന പാലിയേറ്റീവ് പരിചരണ യൂനിറ്റുകൾക്ക് വേണ്ടി ക്വാളിറ്റി കൺട്രോൾ സംവിധാനം ആരംഭിക്കും. ആശാ വർക്കർമാർ വീടുകളിൽ ചെന്ന് ശൈലി ആപ്പ് മുഖേന ശേഖരിക്കുന്ന ജീവിതശൈലീ രോഗനിർണയത്തിൽ കിടപ്പിലായവർക്കും വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും സമഗ്ര പാലിയേറ്റീവ് പരിചരണം ലഭ്യമാക്കും. വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിന് സ്‌കൂൾ, കോളജ് തലങ്ങളിൽ പരിശീലനം നൽകും.
മെഡിക്കൽ കോളജുകളിൽ പാലിയേറ്റീവ് കെയർ യൂനിറ്റും പാലിയേറ്റീവ് കോഴ്‌സുകളും ആരംഭിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. നഴ്‌സിങ് വിദ്യാഭ്യാസത്തിലും പാലിയേറ്റീവ് കെയറിന് പ്രാധാന്യം നൽകണം. ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർക്ക് വിദഗ്ധ പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്ഥമായി സ്വാന്തന പരിചരണ രംഗത്ത് പ്രത്യേക ശ്രദ്ധകൊടുക്കാൻ സർക്കാരും പൊതുജനവും താൽപര്യം കാണിക്കുന്നതാണ് കേരളത്തിന്റെ പാലിയേറ്റിവ് കെയർ രംഗത്തെ വളർച്ചയുടെ കാതൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."