ബുദ്ധിജീവികള്‍ ഇവിടെ വന്ന് എങ്ങനെയാണ് ഗോവയില്‍ നീതിന്യായ സംവിധാനം നടക്കുന്നതെന്ന് വീക്ഷിക്കണം: സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ബുദ്ധിജീവികള്‍ പഠിക്കണമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. ഗോവയില്‍ ബോംബെ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ഗോവയിലെ ബോംബെ ഹൈക്കോടതിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ ഗോവ സിവില്‍ കോഡിന് കീഴിലെ നീതിന്യായ സംവിധാനത്തില്‍ ജോലി ചെയ്ത അനുഭവം അദ്ദേഹം എടുത്തു പറഞ്ഞു.'ഭരണഘടനാ നിര്‍മാതാക്കള്‍ വിഭാവനം ചെയ്ത ഏകീകൃത സിവില്‍ കോഡ് ഗോവയ്ക്കുണ്ട്. മതഭേദമെന്യേ വിവാഹം, അനന്തരാവകാശം എന്നിവയിലെല്ലാം ഈ സിവില്‍ കോഡാണുള്ളത്. യൂനിഫോം സിവില്‍ കോഡിനെ കുറിച്ച് ഒരുപാട് ഭൗതിക സംവാദങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്.
ബുദ്ധിജീവികളോട് ഇവിടെ വന്ന് എങ്ങനെയാണ് ഗോവയിലെ നീതിന്യായ സംവിധാനം നടക്കുന്നതെന്ന് വീക്ഷിക്കാന്‍ അഭ്യര്‍ഥിക്കുന്നു' - ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം നിലനില്‍ക്കുന്ന ഏക പ്രദേശമാണ് ഗോവ. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലാണ് ഏകീകൃത സിവില്‍കോഡിനെ കുറിച്ച് പറയുന്നത്. ഭരണഘടനയിലെ നിര്‍ദേശക തത്വത്തില്‍പ്പെട്ടതാണിത്.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സുപ്രിം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ബി.ആര്‍ ഗവായ്, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."