മരിയോപോളിൽ ആക്രമണം രൂക്ഷം
കീവ്
ഉക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം തുടരുന്നു. ഉക്രൈനിലെ തുറമുഖ നഗരമായ മരിയോപോളിലാണ് ഇപ്പോൾ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
ഇവിടെ നാനൂറിലേറെ പേർ അഭയാർഥികളായി താമസിക്കുന്ന സ്‌കൂളിനു നേരെ ഇന്നലെ റഷ്യ ബോംബാക്രമണം നടത്തി. ഉക്രൈൻ അധികൃതരാണ് ഇക്കാര്യം ആരോപിച്ച് രംഗത്തെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് ആക്രമണസമയത്ത് സ്‌കൂളിലുണ്ടായിരുന്നത്. സംഭവത്തിൽ സ്‌കൂൾ കെട്ടിടം പൂർണമായും തകർന്നതായും നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായും മരിയോപോൾ സിറ്റി കൗൺസിൽ വ്യക്തമാക്കി. സംഭവത്തിൽ രോഷം പ്രകടിപ്പിച്ചും റഷ്യയെ കടന്നാക്രമിച്ചും ഉക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി രംഗത്തെത്തി. യുദ്ധക്കുറ്റമാണ് റഷ്യ ചെയ്തതെന്നും റഷ്യയുടെ ഇത്തരം പ്രവർത്തനങ്ങൾ ചരിത്രത്തിൽ മായാതെ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മരിയോപോളിൽ നിന്നു നിരവധി പേരെ അവരുടെ അനുമതിയില്ലാതെ റഷ്യൻ സൈന്യം റഷ്യയിലേക്കു മാറ്റിയതായും ഉക്രൈൻ അധികൃതർ ആരോപിച്ചു. ഇത്തരത്തിൽ അയ്യായിരത്തോളം പേരെ റഷ്യൻ അതിർത്തി ഗ്രാമങ്ങളിലേക്കു കൊണ്ടുപോയതായാണ് ആരോപണം.മരിയോപോളിൽ നിലകൊള്ളുന്ന യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റും ഇന്നലെ റഷ്യ തകർത്തിട്ടുണ്ട്. ഉക്രൈനു സാമ്പത്തികമായി വലിയ നഷ്ടം വരുത്തിവയ്ക്കുന്ന നീക്കമാണിത്.ഖാർകീവിൽ ഇന്നലെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഉക്രൈനിൽ കടുത്ത ആക്രമണം തുടരുന്ന റഷ്യയ്‌ക്കെതിരേ കൂടുതൽ വിമർശനങ്ങളുമായി ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ ഇന്നലെയും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."