ലങ്കൻ റിയലിസം
1975ൽ ദക്ഷിണ ശ്രീലങ്കയിലെ ഗല്ലെയിലാണ് ഷെഹൻ കരുണതിലകെയുടെ ജനനം. വളർന്നത് കൊളംബോയിലും. ന്യൂസിലൻഡിലായിരുന്നു പഠനം. ലണ്ടൻ, ആംസ്റ്റർഡാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ തൊഴിലെടുത്തു. പരസ്യമേഖലയിലെ ക്യാപ്ഷൻ എഴുത്തുകാരനായാണ് ജോലി ചെയ്തത്. ഇതിനിടയിൽ നോവലെഴുത്ത് പുരോഗമിച്ചു. നോവലെഴുത്തിനു മുമ്പ് ‘ദ ഗാർഡിയൻ’, ‘ന്യൂസ്വീക്ക് ’, ‘നാഷനൽ ജിയോഗ്രഫിക് ’ ഉൾപ്പെടെ പ്രസിദ്ധീകരണങ്ങളിൽ ഫീച്ചറുകൾ പ്രസിദ്ധീകരിച്ചു. ശ്രീലങ്കൻ റോക്ക് ബാൻഡുകളുടെയും ഭാഗമായിരുന്നു. 2010ലാണ് ആദ്യമായി നോവലെഴുതി പ്രസിദ്ധീകരിക്കുന്നത്, ‘ചൈനാമാൻ: ദ ലെജന്റ് ഓഫ് പ്രദീപ് മാത്യു’. ‘ചൈനാമാൻ’ സ്വന്തം നിലക്ക് പ്രസിദ്ധീകരിക്കുന്നതിന് പത്തുവർഷം മുമ്പ് ‘ദ പെയിന്റർ’ എന്നൊരു നോവൽ എഴുതിയെങ്കിലും പ്രസിദ്ധീകരിച്ചില്ല. ചൈനാമാന് കോമൺവെൽത്ത് പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. പിന്നീട് പത്തു വർഷത്തിനു ശേഷം എഴുതിയ ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ’ എന്ന നോവലിനാണ് 2022ൽ ബുക്കർ പ്രൈസ് ലഭിക്കുന്നത്.
എഴുത്തുതന്നെ ജീവിതം
പരസ്യകമ്പനിയിലെ കോപ്പി റൈറ്റർ ആയാണ് തുടക്കം. ആ ജോലി ഇപ്പോഴും തുടരുന്നുണ്ട്. എഴുത്ത് തന്നെയാണല്ലോ എന്റെ ജീവിതവും. ജോലിക്കിടയിൽ തന്നെ ഫീച്ചറുകൾ എഴുതാറുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യമായൊരു നോവലെഴുതിയത്. പ്രസിദ്ധീകരിക്കാൻ കൊള്ളില്ലെന്നു കണ്ടതോടെ വിട്ടു. പക്ഷേ, പിന്നീട് എഴുതിയ നോവൽ പ്രസിദ്ധീകരിച്ചു. അതു ശ്രദ്ധിക്കപ്പെട്ടു. അടുത്ത നോവലിനായി ഒദീർഘകാലമെടുത്തു.
ലങ്കയിലെ ആഭ്യന്തര യുദ്ധത്തിനു ശേഷം ശുഭാപ്തി വിശ്വാസത്തിന്റെ സമയത്താണ് ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ പുസ്തകത്തിന്റെ ജോലി തുടങ്ങുന്നത്. ഈ പുസ്തകം ആദ്യം ചാറ്റ്സ് വിത് ദ ഡേഡ് എന്ന പേരിലായിരുന്നു പുറത്തിറക്കിയത്. പുസ്തകത്തിനു നല്ല പ്രചാരം അന്നുതന്നെ കിട്ടിയിരുന്നു. പലതവണ മാറ്റി എഴുതി ഏഴു വർഷമെടുത്താണ് പുസ്തകം ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ എന്ന പേരിൽ പുനരവതരിപ്പിച്ചത്. തന്റെ ബാല്യകാലത്തെ ശ്രീലങ്കയെയാണ് പുസ്തകത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചത്.
ശ്രീലങ്കയുടെ ഭൂതകാലം അസ്വസ്ഥതകൾ നിറഞ്ഞതും വർത്തമാനം കലുഷിതവുമാണെന്ന് ഷെഹാൻ പറയുന്നു. എന്റെ രണ്ട് നോവലുകളിലും ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും നർമബോധം നിലനിർത്തുന്ന ജനതയായി തുടരുക എന്നത് ശ്രീലങ്കക്കാരുടെ എന്നത്തെയും പ്രത്യേകതയാണ്. രാജ്യം പതിറ്റാണ്ടുകളായി ആഭ്യന്തരയുദ്ധം അടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയതാണെങ്കിലും നർമബോധം നിലനിർത്തുന്ന ജനതയായി തുടരാൻ അവരെപ്പോഴും ശ്രദ്ധിച്ചു. അതാണ് ഞാൻ എഴുത്തിലും കൊണ്ടുവന്നത്. രാജ്യചരിത്രത്തെ ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഹൊറർ സ്റ്റോറിക്കിടയിലും ആക്ഷേപഹാസ്യവും ദുരന്തത്തിനു മുന്നിലും ചിരിക്കാൻ മറക്കാത്ത ശ്രീലങ്കൻ മനസുമാണ് എഴുത്തിൽ പ്രതിഫലിച്ചത്.
റിയലിസ്റ്റിക്ക് എഴുത്തുകാരൻ
ഞാനൊരു രാഷ്ട്രീയ എഴുത്തുകാരനല്ല. എന്നാൽ പുരസ്കാരലബ്ധിക്കു ശേഷം ആ വേഷത്തിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടതാണ്. ശ്രീലങ്കൻ റിയലിസ്റ്റിക് എഴുത്തുകാരൻ എന്നറിയപ്പെടാനും സ്വയം വിശ്വസിക്കാനുമാണ് എനിക്കിഷ്ടം. ശ്രീലങ്കയെക്കുറിച്ച് വ്യാഖ്യാനങ്ങളും പ്രഖ്യാപനങ്ങളും എഴുതാൻ തയാറല്ല. എന്നാൽ ശ്രീലങ്കൻ സാഹചര്യങ്ങളും വിമർശനങ്ങളും വരികളിലേക്ക് കടന്നുവന്നിട്ടുണ്ട്. അത് കൈവിടില്ല- അദ്ദേഹം പറഞ്ഞു.
എഴുത്തുകാരന് തൊട്ടെഴുതാൻ കഥകളും സംഘർഷങ്ങളും വൈരുധ്യങ്ങളും അനവധിയാണ് ശ്രീലങ്കയിൽ. രണ്ടു നോവലുകളിലും ഞാൻ സമീപിച്ചിട്ടുള്ളത് എന്റെ ജീവിതകാലത്തു നടന്ന കഥകളും സംഭവങ്ങളും മാത്രമാണ്. ആദ്യ ആഭ്യന്തര യുദ്ധകാലത്ത് താൻ കൗമാരക്കാരനായിരുന്നു. അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളെ കുറിച്ച് വലിയ ധാരണയില്ലായിരുന്നു. മൃതശരീരങ്ങൾ റോഡിനു വശത്തായി കിടക്കുന്നത് ഓർമയുണ്ട്. പേടിയും ആശങ്കയും നിറഞ്ഞ അന്തരീക്ഷമാണ് കുട്ടിക്കാലത്ത് അനുഭവിച്ചത്. അതെല്ലാം എഴുത്തുകളിൽ കൊണ്ടുവന്നിട്ടുമുണ്ട്.
അതേസമയം, ചെറുകഥകളിൽ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യാനന്തരം നടന്ന മറ്റു സംഭവങ്ങളെ കുറിച്ചാണ് പരാമർശിച്ചത്. ശ്രീലങ്ക എനിക്കു പ്രചോദനമാകുന്നിടത്തോളം കാലം അതിനെപ്പറ്റി എഴുതിക്കൊണ്ടിരിക്കും.
ഇംഗ്ലിഷിൽ എഴുതുന്നത് പ്രമേയ പരിസരത്തെക്കുറിച്ച് മറ്റുള്ള രാജ്യങ്ങളിലെ വായനക്കാർക്ക് അവബോധമുണ്ടാകാൻ സഹായകരമാണ്. കൊളംബോയിലിരുന്ന് പുസ്തകങ്ങൾ എഴുതുന്ന ഒരാളെ സംബന്ധിച്ച് തന്റെ പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുക എന്നതായിരിക്കും ഏറ്റവും വലിയ സ്വപ്നം. തനിക്കും അങ്ങനെയായിരുന്നു. തെക്കേ ഏഷ്യൻ എഴുത്തുകാരനെ സംബന്ധിച്ച് പാശ്ചാത്യ ലോകത്ത് തന്റെ പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് ഇപ്പോഴും വെല്ലുവിളിയാണ്.
എഴുത്തും ക്രിക്കറ്റും
ഇടംകൈയൻ ലെഗ്സ്പിന്നറെ അടയാളപ്പെടുത്തുന്ന എന്റെ ആദ്യ നോവലായ ‘ചൈനാമാനി’ൽ ക്രിക്കറ്റ് തന്നെയാണ് ഇതിവൃത്തം. 1980കളിൽ കാണാതായ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനെ കണ്ടെത്താൻ മദ്യപാനിയായ മാധ്യമപ്രവർത്തകൻ നടത്തുന്ന ശ്രമം വായനാസമൂഹത്തിന്റെ ഇഷ്ടം പിടിച്ചുപറ്റി. ചരിത്രം നിറയുന്ന ഒരു കഥയെഴുത്തായിരുന്നു അത്. യുദ്ധം വിഭജിച്ച രാജ്യത്തെ ഒന്നിപ്പിക്കാൻ ക്രിക്കറ്റിനു കഴിഞ്ഞിട്ടുണ്ടെന്ന അഭിപ്രായക്കാരനാണ് ഞാൻ. ദീർഘമായ ഇടവേളയ്ക്കു ശേഷമാണ് രണ്ടാം നോവൽ വരുന്നത്. എന്നാൽ മൂന്നാമത്തെ നോവലിന്റെയും ഒരു ഡോക്യുമെന്ററിയുടെയും പണിപ്പുരയിലാണ്. കൊളംബോയിലെ കോർപറേറ്റ് ലോകത്തെക്കുറിച്ചുള്ള കോമഡിയാണ് അടുത്ത നോവൽ. ശ്രീലങ്കയ്ക്കു പുറത്തുള്ള ഒരു വിഷയത്തെപ്പറ്റിയുള്ളതാണ് ഡോക്യുമെന്ററിക്കായുള്ള വിഷയം. അഗത ക്രിസ്റ്റി, ശ്രീലങ്കയിൽ ആദ്യമായി ബുക്കർ നേടിയ മൈക്കിൾ ഒണ്ടാച്ചേ തുടങ്ങിയവരാണ് ഇഷ്ട എഴുത്തുകാർ.
ശ്രീലങ്കയുടെ സംഘർഷങ്ങൾ സൃഷ്ടിച്ച അനേകം മൃതദേഹങ്ങളെക്കുറിച്ചാണ് മൈക്കൽ ഒണ്ടാച്ചേയുടെ നോവലിൽ പറയുന്നത്. എന്റെ നോവലിലും പറയുന്നത് അതുതന്നെയാണ്. അതു മാത്രമാണ് രണ്ടും തമ്മിലുള്ള സാമ്യം. ഒണ്ടാച്ചേയുടെ നോവൽ അദ്ദേഹത്തിന്റെ എല്ലാ രചനകളെയുംപോലെ ആർദ്രവും സൂക്ഷ്മവും താളാത്മകവും മികച്ചതുമായ എഴുത്താണ്. എന്റെ എഴുത്ത് അത്രയും അടുക്കും ചിട്ടയുമുള്ളതല്ല- ഷെഹാൻ പറഞ്ഞു.
ലങ്കൻ സാഹചര്യവും
എഴുത്തും
ശ്രീലങ്കയിൽ ഇന്നു പുസ്തകം അവശ്യവസ്തുവല്ല. പുസ്തകങ്ങൾ വായിക്കാൻ താൽപര്യമുള്ള വളരെക്കുറച്ചു പേരേയുള്ളൂ. പുസ്തകക്കടകൾ തുറക്കുന്നില്ല. ഓൺലൈനിൽ ഓർഡർ ചെയ്താലും ലഭിക്കാൻ കാലതാമസമെടുക്കും. ദാരിദ്ര്യവും പട്ടിണിയും നടമാടുന്ന രാജ്യത്ത്, പെട്രോളിനു വേണ്ടി വരി നിൽക്കേണ്ടിവരുന്ന കാലത്ത്, ആർക്കാണു പുസ്തകം വായിക്കാൻ നേരം, ചർച്ച ചെയ്യാൻ താൽപര്യം. എങ്കിലും പുസ്തകത്തെ സ്നേഹിക്കുന്ന, അക്ഷരങ്ങൾ കൊണ്ട് ജീവിക്കുന്ന കുറെ പേരുണ്ടവിടെ.
അതിവിദൂരമല്ലാത്ത ഭാവിയിൽ, അഴിമതിയുടെയും വംശീയതയും രാജ്യത്തെ എത്രത്തോളം പിന്നോട്ടു കൊണ്ടുപോയി എന്നത് ശ്രീലങ്കയിലെ ഒരുപറ്റം നേതാക്കൾ മനസിലാക്കുമെന്ന പ്രതീക്ഷയുണ്ട്. ഭൂരിപക്ഷം ആളുകളും വിലക്കയറ്റം, വരുമാനമില്ലായ്മ, ക്ഷാമം, അനിശ്ചിതത്വം തുടങ്ങിയവയിൽ ഉഴലുകയാണ്. നേതാക്കൾ അവരവരുടെ നേട്ടങ്ങൾക്കു പിന്നാലെ പോകാതെ രാജ്യത്തിനായി ദീർഘകാലത്തേക്ക് അവസരങ്ങളും സ്ഥിരതയും ഉണ്ടാക്കാൻ ശ്രമിക്കുമെന്ന പ്രതീക്ഷയുണ്ട്. പുതുതലമുറ നയിക്കുന്ന വലിയൊരു മുന്നേറ്റമാണ് ഇപ്പോൾ രാജ്യത്തു നടക്കുന്നത്. ഇപ്പോഴത്തെ ജനവികാരം പ്രതീക്ഷയും ഉത്കണ്ഠയും ഒരുപോലെ കലർന്നതാണ്. എന്നാലും അതിൽ വലിയൊരു പ്രതീക്ഷ എനിക്കുണ്ട്.
സിംഹളർക്ക് അതിജീവനത്തിന്റെ പല കഥകളും പറയാനുണ്ട്. എത്രയോ വർഷങ്ങളുടെ കഥ. അതെല്ലാം അതിജീവിച്ചാണ് സിംഹളർ ഇപ്പോഴും ജീവിക്കുന്നത്. ഓരോ ദുരന്തത്തിനു മുന്നിലും ചിരിക്കാൻ മറക്കാത്ത ശ്രീലങ്കൻ മനസു തന്നെയാണ് അതിന്റെ കാരണം. ഓരോ ദിവസവും പുലരുന്നത് ദുരന്തത്തിന്റെ വർത്തമാനങ്ങളുമായാണെങ്കിലും ചിരി മുഖങ്ങളിൽനിന്നു മാഞ്ഞുപോവാറേയില്ല. ഓരോ ദുരന്തങ്ങളിലും അവശേഷിക്കുന്നവർ ഭാവിയെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നില്ല. ലഭ്യമായ സന്തോഷങ്ങളിൽ മുഴുകാതിരിക്കുന്നില്ല. മൃതദേഹങ്ങൾ കത്തുന്ന ദുർഗന്ധത്തിനിടയിലും അവർ നല്ല നാളെയെ സ്വപ്നം കാണുന്നു. ചിതയിലും വിരിയുന്ന പൂക്കൾക്കു വേണ്ടി പരതുന്നു. പൊട്ടിച്ചിരിക്കുന്നില്ലെങ്കിലും തമാശകൾ പറയുകയും ആസ്വദിക്കുകയും ചെയ്യുന്നു. അതു തന്നെയാണ് പ്രതീക്ഷ.
ഭയന്നു ജീവിക്കുക എന്നത് എഴുത്തുകാർക്കിടയിൽ ആഗോള പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്ത് എഴുതണം, എപ്പോൾ എഴുതണം എന്നതെല്ലാം നമ്മുടെ സാഹചര്യങ്ങൾ തീരുമാനിക്കുന്ന സമയമാണിത്. ‘നിങ്ങൾക്ക് രണ്ടു ചെറിയ മക്കളുണ്ടെന്ന് ’ പല കഥകളും വായിച്ച ശേഷം എന്റെ ഭാര്യ എന്നോട് പലപ്പോഴായി ഇങ്ങനെ ഓർമപ്പെടുത്തിയിട്ടുണ്ട്. ഭരണകൂടങ്ങൾ നിരന്തരം വിമർശനത്തിന് വിധേയമാകേണ്ടതുണ്ട്. അത് എപ്പോഴും തുടരണം. 10 വർഷം മുമ്പ് ഇത് ചിന്തിക്കാനാകുമായിരുന്നില്ല- ഷെഹൻ പറഞ്ഞുനിർത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."