ജെബി മേത്തറിന്റേത് പേയ്മെന്റ് സീറ്റെന്ന് എ.എ അസീസ്; വിവാദമായപ്പോൾ മലക്കംമറിഞ്ഞു വ്യാപക വിമർശനം; അസീസ് യു.ഡി.എഫിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ഉണ്ണിത്താൻ
തിരുവനന്തപുരം
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിന്റേത് പേയ്മെൻ്റ് സീറ്റെന്ന ആരോപണവുമായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. ആർ.വൈ.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നൽകിയത് പണം കൊടുത്തിട്ടാണെന്ന പരാമർശം അദ്ദേഹം നടത്തിയത്. കോൺഗ്രസിൽ ഒരുപിടിയാളുകൾ രാജ്യസഭാ സീറ്റിനുവേണ്ടി നെട്ടോട്ടമായിരുന്നു. അവസാനം ജെബി മേത്തർ കാശുകൊടുത്ത് അതങ്ങ് വാങ്ങി. സി.പി.എം എ.എ റഹീമിനെ നിർത്തിയപ്പോൾ കോൺഗ്രസ് ചെറുപ്പക്കാരിയും ന്യൂനപക്ഷക്കാരിയുമായ ജെബിമേത്തറിനെ നിർത്തി കടത്തിവെട്ടിയെന്നും അസീസ് പറഞ്ഞു.
പരാമർശം വാർത്തയായതോടെ വ്യാപക വിമർശനമുയർന്നു. എ.എ അസീസ് കുറച്ചുനാളായി യു.ഡി.എഫിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ആര് പണം കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് വ്യക്തമാക്കിയേ പറ്റൂവെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളിലും അസീസിനെതിരേ വിമർശനമയുർന്നു. ഇതോടെ അസീസ് പ്രസ്താവനയിൽ നിന്ന് മലക്കംമറിഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതായി സംപ്രേക്ഷണം ചെയ്ത വാർത്ത അടിസ്ഥാനരഹിതവും ദുർവ്യാഖ്യാനം ചെയ്തതുമാണെന്നും സമൂഹമാധ്യമങ്ങളിൽ താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും അസീസ് പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷ, വനിതാ പ്രാതിനിധ്യം ഉറപ്പാക്കി കോൺഗ്രസ് കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. തന്റെ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്ത് തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമത്തിന് പിന്നിലെ രാഷ്ട്രീയകൗശലം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."