ജാമിയ നൂരിയ: പട്ടിക്കാട് കാരുടെ ഓര്‍മയില്‍...
പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജ് ഇന്ന് അമ്പത്തിയെട്ടാം വാര്‍ഷികവും അമ്പത്തിയാറാം സനദ് ദാന സമ്മേളനവും ആചരിക്കുകയാണ്. ഈ കാലമത്രയും ഒരുപാട് പണ്ഡിതന്മാരെയും രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കന്മാരെയും വാര്‍ത്തെടുത്ത കലാലയം എന്ന നിലയില്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ജാമിയ നൂരിയ.
ഞങ്ങള്‍ പട്ടിക്കാട്കാര്‍ക്ക് ജാമിയ നൂരിയ കലാലയം ഞങ്ങളുടെതായി മാറുന്നത് അതിന്റെ വാര്‍ഷിക സമ്മേളനത്തോടെയാണ്. ഓര്‍മവച്ച നാള്‍ മുതല്‍ക്ക് (ഏതാണ്ട് മുപ്പത് വര്‍ഷത്തിന്) ഇങ്ങോളം ആയി ഒരു വാര്‍ഷികവും മുടങ്ങാതെ പങ്കാളിയാവാന്‍ ശ്രമിച്ചിട്ടുണ്ട്. ജാമിയ യോഗം, കോളേജോഗം (കോളേജ് യോഗം), വാര്‍ഷ്യോഗം (വാര്‍ഷിക യോഗം), എന്നിങ്ങനെ പല പേരില്‍ ആണ് വര്‍ഷത്തില്‍ ഒരു പ്രാവശ്യം നടക്കുന്ന ഈ പണ്ഡിത സമ്മേളനത്തെയും സനദ്ദാന പരിപാടിയെയും ഞങ്ങള്‍ നാട്ടുകാര്‍ വിശേഷിപ്പിക്കാറുള്ളത്. ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ സമാപനദിവസമായ ഞായറാഴ്ച വീട്ടില്‍ കുടുംബക്കാരും ദൂരെ കെട്ടിച്ചയച്ച പെങ്ങന്മാരും എല്ലാം എത്തിച്ചേരും. ബന്ധുക്കളും മുന്‍പ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും ബന്ധം പുതുക്കാന്‍ വീടുകളിലേക്ക് വരും. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും തീറ്റ സാധനങ്ങളും എല്ലാമായി ഏറെ സന്തോഷം നല്‍കുന്ന ദിനങ്ങള്‍ ആയിരിക്കും സമ്മേളനങ്ങള്‍ ദിവസങ്ങള്‍.
30 വര്‍ഷത്തിന് ഇങ്ങോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും സന്തോഷം നല്‍കിയിരുന്ന ജാമിയ സമ്മേളനം കുട്ടിക്കാലത്തുള്ളതുതന്നെ ആയിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ഒരുങ്ങുന്ന കളിപ്പാട്ട ഷോപ്പുകള്‍ തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ബലൂണുകള്‍, കറങ്ങുന്ന പങ്ക, സംസാരിക്കുന്ന പാവ, പൊട്ടാത്ത ബോംബെ ബലൂണ്‍, ചാവി കൊടുത്താല്‍ ഓടുന്ന കാര്‍, മുഖമൂടി, ചെണ്ടകൊട്ടുന്ന കുരങ്ങന്‍, വള, മാല എന്നിവയുടെ സ്റ്റാളുകള്‍ വീപ്പിളി എന്നു ഞങ്ങള്‍ വിളിച്ചിരുന്ന പീപി, മത്തങ്ങ പോലെ ആക്കി വെച്ചിരുന്ന ബലൂണ്‍ എന്നിവയെല്ലാം അന്ന് ജാമിയ സമ്മേളനത്തിന് മാത്രമേ കണ്ടിരുന്നുള്ളൂ.
ഇന്ന് രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ട് കറങ്ങുന്നതുപോലെ ഞങ്ങളുടെ കുട്ടിക്കാലത്ത് കുറെ കറങ്ങല്‍ ഇല്ലാത്തതുകൊണ്ടോ പരിപാടികള്‍ വിരളമായത് കൊണ്ടോ എന്നറിയില്ല, അന്ന് ഷോപ്പില്‍ കാണാത്ത പല സാധനങ്ങളും ജാമിയ സമ്മേളനത്തിന് കളിപ്പാട്ട പീടികയില്‍ കണ്ടിരുന്നു. അതില്‍നിന്ന് ഒന്നും വാങ്ങിയിട്ടില്ല എങ്കിലും അത് കാണുന്നത് തന്നെ മനസ്സിന് ഒരു കുളിരായിരുന്നു.
സമ്മേളനം അടുക്കുന്നതിന് മൂന്നോ നാലോ ദിവസം മുമ്പ് തന്നെ കച്ചവടക്കാര്‍ വരുകയും ഇടംപിടിക്കുകയും കച്ചവടം തുടങ്ങുകയും ചെയ്യും. എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ഓരോരുത്തരും സ്‌കൂളിലേക്ക് പോകുന്ന വഴിയും മടങ്ങുന്ന വഴിയും കച്ചവടക്കാരുടെ സാധനങ്ങളെ ചുറ്റിപ്പറ്റി ആസ്വദിക്കല്‍ പതിവായിരുന്നു. പലരും വാങ്ങിയ പീപ്പിയും ബലൂണും ആയി സ്‌കൂളിലേക്ക് വരുകയും അതിന് തല്ലു കൂടുകയും ചെയ്യറുണ്ടായിരുന്നു.
കോളേജിന്റെ 100 മീറ്റര്‍ പരിധി എത്താന്‍ ആകുമ്പോള്‍ 3 റോഡിലും സമ്മേളനത്തിന് 10 ദിവസം മുന്‍പ് എങ്കിലും ഉയര്‍ന്നിരുന്ന ജാമിയ നൂരിയ സമ്മേളന കമാനങ്ങളും സ്മാരക ഗേറ്റുകളും ആയിരുന്നു അക്കാലത്ത് ഞങ്ങള്‍ കുട്ടികളെ സമ്മേളനത്തിന്റെ വരവ് അറിയിച്ചിരുന്നത്. പിന്നീട് മദ്‌റസയിലും സ്‌കൂളിലും ഇത് ചര്‍ച്ചാവിഷയമാകും. ഇന്ന ദിവസമാണ് ജാമിയ സമ്മേളനം ഇന്ന സാധനങ്ങളെല്ലാം വാങ്ങണം ഇങ്ങനെ ചര്‍ച്ച നീണ്ടുപോകും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പ്രദേശത്തിന്റെ വലിയപെരുന്നാള്‍ തന്നെ ആയിരുന്നു ഈ കോളേജ് യോഗം.
നാട്ടിലെ ഈ സാംസ്‌കാരിക പരിപാടിയിലൂടെയാണ് അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരന്‍, സംസ്ഥാനത്തെയും അയല്‍ സംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, വിദേശ പ്രതിനിധികള്‍ എന്നിവരെയെല്ലാം നേരില്‍ കാണുന്നത്. ടി വിയും സോഷ്യല്‍ മീഡിയയും ഇത്ര വ്യാപകമാകാത്തതിനാല്‍ ഇവരെയൊക്കെ നേരില്‍ കാണുക എന്നത് വലിയ സംഭവമായിരുന്നു. സ്‌കൂളില്‍ ചെന്ന് ഞാന്‍ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും പരിഹസിച്ചത് ഇന്നുമോര്‍ക്കുന്നു.
കളിപ്പാട്ടങ്ങള്‍ മാത്രമായിരുന്നില്ല, പാണ്ടിക്കാട് റോഡില്‍ പുസ്തകങ്ങളുടെ ഒരു വലിയ കലവറ തന്നെയായിരുന്നു ജാമിയ സമ്മേളനത്തോടനുബന്ധിച്ച് തുറന്നിരുന്നത്. അവിടെ വരുന്ന പണ്ഡിത ശ്രേഷ്ഠരുടെ ദറജക്ക് അനുസരിച്ചുള്ള പുസ്തകങ്ങള്‍, വിവിധ പുസ്തകശാലകള്‍ എന്നിവയും സമ്മേളനത്തിന്റെ സ്ഥിരം കാഴ്ചയാണ്. കാലത്തിനനുസരിച്ച് പുസ്തക വില്‍പന സിഡി യിലേക്കും ഓണ്‍ലൈനിലും മാറിയിട്ടുണ്ട് എന്നുണ്ടെങ്കിലും അക്കാദമിക് സ്രോതസ്സ് ഇന്നും നിന്നു പോയിട്ടില്ല എന്ന് എടുത്തു പറയേണ്ടതാണ്.
അന്നും ഇന്നും മാറ്റമില്ലാതെ കാണുന്ന മറ്റൊരു സമ്മേളന കാഴ്ചയാണ് സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാകുന്ന മധുര മിഠായി വില്‍പ്പന. മലപ്പുറം മുട്ടായി, ചക്കര മുട്ടായി എന്നെല്ലാം ഞങ്ങള്‍ പറയുന്ന ശര്‍ക്കര ചേര്‍ത്ത ജിലേബിയും പഞ്ചസാര ജിലേബിയും ഹല്‍വയും ഈത്തപ്പഴവും കിണ്ണത്തപ്പം പൊരിയും നുറുക്കും എല്ലാം ഇതിന്റെ മധുരമൂറുന്ന കാഴ്ചകള്‍ തന്നെയാണ്.
നാട്ടിലെ കുട്ടികള്‍ കച്ചവടക്കാരാകുന്ന മറ്റൊരു സുദിനം കൂടിയാണ് ജാമിയ സമ്മേളനം. വിവിധ സ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ദാഹശമനിയും വെള്ളവും വില്‍ക്കുന്ന കുട്ടികള്‍ സ്ഥിരം കാഴ്ചയാണ്. കൂടാതെ, നാട്ടിലെ കച്ചവടക്കാര്‍ ഹോട്ടല്‍/ coolbar കച്ചവടക്കാര്‍ ആകുകയും ഓംലെറ്റ് ചായ ബിരിയാണി എന്നിവ കൊടുക്കുന്നതില്‍ വ്യാപൃതരാവുകയും ചെയ്യാറുണ്ട്.
സമ്മേളനത്തിന്റെ ഏറ്റവും പ്രൗഢ മുഹൂര്‍ത്തം അവസാന ദിനത്തിലെ സമാപന സാംസ്‌കാരിക സനദ്ദാന സമ്മേളനം ആണ്. അവിടെ നിന്ന് ഫൈസി ബിരുദം നേടി സമൂഹത്തിന്റെ വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കാന്‍ പോകുന്ന യുവ പണ്ഡിതന്മാര്‍ ഒരുവശത്ത്, ബൗദ്ധിക മണ്ഡലത്തെ ഉഴുതുമറിക്കുന്ന സാംസ്‌കാരിക ചര്‍ച്ചകള്‍ മറുവശത്ത്, ഇവയെ ശ്രവിക്കാന്‍ ഓടിയെത്തിയ പുരുഷാരം അതിന്റെ എല്ലാ ഭാഗത്തും! അങ്ങനെ ഞങ്ങളുടെ ചുങ്കം പട്ടിക്കാട് ശരിക്കും ഒരു വെള്ള കടലായി മാറും.
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയിട്ടില്ല തുടങ്ങിയതല്ല. പണ്ട് മൂന്നു ദിവസം ആയിരുന്ന പരിപാടി പിന്നീട് ദിവസങ്ങള്‍ കൂടി വരികയും ആളുകളുടെ സാന്നിധ്യം വര്‍ധിച്ചു വരികയും ചെയ്തു. 34 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 30 വര്‍ഷത്തോളം ഇങ്ങനെ തന്നെയാണ്. എന്നാല്‍ ഈ വര്‍ഷം ജാമിയ സമ്മേളനം ഒരാഴ്ചത്തെ പരിപാടിക്ക് പകരം ഒരു ദിവസത്തെ മാത്രം പരിപാടിയാക്കി ചുരുക്കിയിരിക്കുകയാണ്.
ഈ വര്‍ഷത്തെ സമ്മേളനത്തിന് ദിവസങ്ങള്‍ കുറയുമെങ്കിലും അവിടുന്ന് പുറത്തിറങ്ങുന്ന പണ്ഡിതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ ഒട്ടുംതന്നെ കുറയില്ല എന്ന് നമുക്ക് വിശ്വസിക്കാം. പ്രാര്‍ത്ഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."