ചീനിക്കുഴി കൂട്ടക്കൊലപാതകം 'പിതാവ് പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും' ഭയത്തോടെ കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരൻ
സ്വന്തം ലേഖകൻ
തൊടുപുഴ
തൊടുപുഴയ്ക്കു സമീപം ചീനിക്കുഴിയിൽ പിതാവ് മകനേയും മരുമകളേയും കൊച്ചുമക്കളേയും തീവച്ച് കൊലപ്പെടുത്തിയ കേസിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി.
ദൃക്‌സാക്ഷികളടക്കം പരമാവധി പേരുടെ മൊഴിയെടുക്കലാണ് നിലവിൽ പുരോഗമിക്കുന്നത്. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (45), ഭാര്യ ഷീബ(40), പെൺമക്കളായ മെഹ്‌റിൻ(16), അസ്‌ന(13) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ആലിയക്കുന്നേൽ ഹമീദിനെ(79) ശനിയാഴ്ച രാത്രി മുട്ടം കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലേക്ക് റിമാൻഡ് ചെയ്തു.അതേസമയം പിതാവ് പുറത്തിറങ്ങിയാൽ തങ്ങളെയും കൊല്ലുമെന്നാണ് ഫൈസലിന്റെ സഹോദരൻ എ.എച്ച്. ഷാജി പറയുന്നത്. നിയമസഹായമൊന്നും ചെയ്യില്ലെന്ന് മാത്രമല്ല, പിതാവ് പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും പിതാവ് തങ്ങളെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഇതിന്റെ പാട് കാലിൽ ഇപ്പോഴുമുണ്ട്. അനിയനെ ചീനിക്കുഴിയിലെ ടെലിഫോൺ തൂണിൽ കെട്ടിയിട്ട് പരസ്യമായി അടിച്ചിട്ടുണ്ട്. പുറത്തിറങ്ങിയാൽ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും മക്കളെ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും പിതാവ് പറഞ്ഞതായി അറിയാമെന്നും ഷാജി പറഞ്ഞു. ഹമീദിന്റെ ദുർനടപ്പു മൂലം പിതാവ് കൊച്ചുമക്കളുടെ പേരിൽ വസ്തു ഇഷ്ടദാനം നൽകിയിരുന്നു. അന്നുമുതൽ തുടങ്ങിയതാണ് ഹമീദിന്റെ പക.
സ്വത്ത് തർക്കത്തിന്റെ പേരിൽ ഫൈസലിനെയും കുടുംബത്തെയും ജീവനോടെ കത്തിക്കുമെന്ന് പ്രതി ബന്ധുക്കളോട് അടക്കം പലപ്പോഴും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിന്റെ പേരിൽ കേസും നൽകിയിരുന്നു. എന്നാൽ 79 കാരനായ വയോധികൻ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് നാട്ടുകാരും ബന്ധുക്കളും കരുതിയില്ല. പ്രതിയുടെ പേരിൽ 60 സെന്റ് ഭൂമിയും 6 ലക്ഷം രൂപ അക്കൗണ്ടിലുമുള്ളതായാണ് വിവരം. തറവാട് വീടിന്റെ ഒരു ഭാഗവും ഹമീദിന്റെ പേരിലാണ്. കഴിക്കാൻ മട്ടൺ അടക്കമുള്ള വിഭവങ്ങളും മീനും ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഇയാൾ മകനും ഭാര്യയുമായും നിരന്തരം വഴക്കിട്ടിരുന്നു. കുട്ടികളോട് പോലും ഇയാൾ വലിയ പക സൂക്ഷിച്ചിരുന്നു എന്നാണ് പൊലിസും പറയുന്നത്.ഇന്നു തന്നെ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ടുകിട്ടാൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായുള്ള ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. കോട്ടയം മെഡിക്കൽ കോളജിലെ ഒരു സംഘം വിദഗ്ധ സർജന്മാരാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇതിന്റെ വിശദമായ റിപ്പോർട്ട് ലഭിക്കാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."