ഒളിയജന്‍ഡ വരുന്നൂ കേരളത്തിലേയ്ക്കും
മുട്ടനാടുകളെ പിരികയറ്റി തമ്മില്‍ പോരടിപ്പിച്ചു രക്തം നുണയാന്‍ സൂത്രം മെനഞ്ഞ കുറുക്കന്റെ കഥ മലയാളികള്‍ക്കു സുപരിചിതമാണ്. പോരാട്ടം തീരാനുള്ള ക്ഷമയില്ലാതെ രക്തം നക്കിക്കുടിക്കാന്‍ നടുവിലേയ്ക്കു ചാടിവീണ കുറുക്കന്‍ ആടുകളുടെ ഇടിയേറ്റു ചത്തുവെന്നാണു കഥ. പക്ഷേ, കഥയില്‍ സംഭവിച്ചതു ജീവിതത്തില്‍ നടക്കണമെന്നില്ലല്ലോ, പ്രത്യേകിച്ച്, സമകാലികരാഷ്ട്രീയത്തില്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുരാഷ്ട്രവാദക്കാര്‍ തങ്ങളുടെ അജന്‍ഡ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് കഥയിലെ കുറുക്കന്റെ അത്യാവേശത്തോടെയല്ലെന്ന് ഓര്‍ക്കണം. സ്വാതന്ത്ര്യപൂര്‍വ കാലം മുതല്‍ അവര്‍ ചതുരംഗത്തിലെന്നപോലെ അതിസൂക്ഷ്മമായും ക്ഷമയോടെയും കരുനീക്കം നടത്തിവരികയാണ്. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ഭാവിയില്‍ സ്വാതന്ത്ര്യം പ്രാപിച്ചേക്കാവുന്ന ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ കച്ചകെട്ടിത്തിരിച്ച പ്രസ്ഥാനമാണ് ഹിന്ദു മഹാസഭ. രാജ്യത്തെ വെട്ടിമുറിച്ചു അന്യമതസ്ഥരെ കെട്ടുകെട്ടിക്കണമെന്ന ആശയം ആദ്യമായി അങ്കുരിച്ചത് അവരുടെ തലയിലാണ്.
ജിന്നയും കൂട്ടരും ആ വലയില്‍ വീണു മുസ്‌ലിം രാഷ്ട്രത്തിനുവേണ്ടി കോലാഹലമുയര്‍ത്തുകയും ബ്രിട്ടീഷ് സാമ്രാജ്യം അതു പ്രോത്സാഹിപ്പിക്കുകയും അധികാരക്കൊതി മൂത്ത പല കോണ്‍ഗ്രസ് നേതാക്കളും അതിനു സമ്മതം മൂളുകയും ചെയ്തപ്പോള്‍ ഹിന്ദുരാഷ്ട്രവാദികള്‍ വിജയത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയിരുന്നുവെന്നതു ചരിത്രത്താളുകളിലുള്ള യാഥാര്‍ഥ്യം. മുസ്‌ലിംകള്‍ പാകിസ്താനിലേയ്ക്കു കെട്ടുകെട്ടിയാല്‍ ഇന്ത്യ പിന്നെ ഹിന്ദുരാഷ്ട്രം തന്നെയല്ലേ ആകേണ്ടത് എന്ന നിലപാടുകാര്‍ അക്കാലത്തു ഹിന്ദു മഹാസഭയ്ക്കു പുറത്തും ധാരാളമുണ്ടായിരുന്നു. പക്ഷേ, മഹാത്മാഗാന്ധി മതസാഹോദര്യം നട്ടുവളര്‍ത്തിയ ഭാരതത്തില്‍ ഹിന്ദുത്വവാദികളുടെ കുറുക്കന്‍ സൂത്രം നടപ്പായില്ല. അവസാന നിമിഷം വിഭജനം അംഗീകരിക്കേണ്ടിവന്നുവെങ്കിലും സ്വതന്ത്ര ഇന്ത്യ മതേതരരാജ്യമായി നിലനില്‍ക്കുമെന്നും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കുള്ള അതേ പൗരാവകാശം മുസ്‌ലിംകളുള്‍പ്പെടെ എല്ലാ ന്യൂനപക്ഷത്തിനും ഉണ്ടെന്നും ഗാന്ധി ശഠിച്ചു. ഇന്ത്യയിലെ മുസ്‌ലിംകളെ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് ആട്ടിപ്പായിക്കാന്‍ നടത്തിയ ശ്രമങ്ങളെ ഗാന്ധി വിട്ടുവീഴ്ചയില്ലാതെ ചെറുത്തു.
ആ നിലപാടെടുത്ത ഗാന്ധിയെ ഹിന്ദുരാഷ്ട്രവാദികള്‍ ഇല്ലാതാക്കിയെങ്കിലും ഗാന്ധിവധത്തോടെ ഇന്ത്യ മതേതര രാജ്യമാണെന്ന് എല്ലാവര്‍ക്കും അംഗീകരിക്കേണ്ടി വന്നു. ഹിന്ദു രാഷ്ട്രവാദത്തിനു നില്‍ക്കക്കള്ളിയില്ലാതായി. ഭരണഘടന മൂലം എല്ലാതരം വിവേചനങ്ങളും തടയപ്പെട്ടു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ, മതേതര രാജ്യമാണെന്നു ലോകം അംഗീകരിച്ചു. മതസാഹോദര്യം എന്നും ഇവിടെ ഉച്ചാവസ്ഥയില്‍ തുടരുമെന്ന് എല്ലാവരും ഉറച്ചുവിശ്വസിച്ചു.
എന്നാല്‍, സത്യത്തില്‍ ഹിന്ദുരാഷ്ട്രവാദികള്‍ തോറ്റു പിന്മാറുകയായിരുന്നോ. അങ്ങനെ വിശ്വസിച്ചവരുണ്ടാകാം. പക്ഷേ, ആര്‍ത്തിമൂത്ത് ആടുകള്‍ക്കിടയിലേയ്ക്കു കുതിച്ചുചാടിയ കഥയിലെ കുറുക്കനില്‍ നിന്നു വ്യത്യസ്തമായി ക്ഷമയോടെയുള്ള കരുനീക്കമാണ് ഹിന്ദുരാഷ്ട്രവാദികള്‍ നടത്തിയത്. ബ്രിട്ടീഷുകാര്‍ നേരത്തേ നടപ്പാക്കി വിജയിച്ച ഭിന്നിപ്പിക്കല്‍ നയം തന്നെയാണു ഹിന്ദുരാഷ്ട്രവാദികളും സ്വീകരിച്ചത്. അധികാരം പിടിച്ചെടുക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ തലയെണ്ണലാണു മാനദണ്ഡമെന്നതിനാല്‍ അതുവരെ ഹിന്ദുത്വത്തിന്റെ വേലിക്കെട്ടില്‍ നിന്ന് അകറ്റി നിര്‍ത്തിയ അവര്‍ണരെ ഹിന്ദുപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഭൂരിപക്ഷം വരുന്ന അവര്‍ണരുടെ മനസില്‍ മുസ്‌ലിം വിരോധം നിറയ്ക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരമാവധി വര്‍ഗീയവിരോധം കുത്തിവച്ചു. തങ്ങള്‍ ഹിന്ദുത്വത്തിലെ അവിഭാജ്യഘടകങ്ങളാണെന്ന പുതിയ ബോധം അവര്‍ണരില്‍ കടുത്ത മതാഭിമാനമാണുണ്ടാക്കിയത്. മുസ്‌ലിം ഹിന്ദുവിന്റെ പൊതുശത്രുവാണെന്ന പ്രചാരണം പുതുതായി 'മതാഭിമാനം' തലയ്ക്കു പിടിച്ച അവര്‍ണരെ ഉന്മത്തരാക്കി. അതോടെ ഹിന്ദു ഐക്യമെന്ന അജന്‍ഡ ഇന്ത്യയില്‍ വ്യാപകമായി. അതോടെ വോട്ടുബലം നേടി ജനാധിപത്യമാര്‍ഗത്തിലൂടെ അധികാരത്തിലെത്താന്‍ ഹിന്ദുരാഷ്ട്രവാദികള്‍ക്കു കഴിഞ്ഞു. ഇന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെ ആകെയും ഭരണാധികാരം ഈ ശക്തികളുടെ കൈകളിലാണ്. പക്ഷേ, അവര്‍ തൃപ്തരല്ല, ഇനിയും കൈപ്പിടിയില്‍ ഒതുങ്ങാത്ത പ്രദേശങ്ങള്‍ കൂടി പിടിച്ചടക്കി ഹിന്ദുരാഷ്ട്രമെന്ന ആത്യന്തികലക്ഷ്യം യാഥാര്‍ഥ്യമാക്കണം. ആ അജന്‍ഡയാണിപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കേരളം, അസം, ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്.
പ്രബുദ്ധമെന്നു പറയപ്പെടുന്ന കേരളത്തിലും അതേ വര്‍ഗീയ അജന്‍ഡ പരസ്യമായി ബി.ജെ.പി പ്രഖ്യാപിച്ചുവെന്നതാണ് ഞെട്ടലുളവാക്കുന്ന കാര്യം. കഴിഞ്ഞദിവസം പ്രകാശനം ചെയ്ത കേരളത്തിലെ എന്‍.ഡി.എ പ്രകടനപത്രികയില്‍ വര്‍ഗീയ ചേരിതിരിവിനുള്ള ഉപാധികളാണ് ഉള്‍ച്ചേര്‍ത്തു വച്ചിരിക്കുന്നത്. അതില്‍ പ്രധാനം യു.പിയിലും മറ്റും നടപ്പാക്കിയ പോലെ ലൗ ജിഹാദ് നിയമം കൊണ്ടുവരുമെന്നാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുമെന്നാണു പ്രഖ്യാപനമെങ്കില്‍ ഇന്ത്യയിലൊരിടത്തും അതിനു പുതിയ നിയമം വേണ്ട. നിലവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമവിരുദ്ധമാണ്. ഒരു വ്യക്തിയെപ്പോലും പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ സമ്മര്‍ദം ചെലുത്തിയോ മതപരിവര്‍ത്തനം ചെയ്യിക്കുന്നതും നിയമവിരുദ്ധമാണ്. അപ്പോള്‍ പിന്നെന്തായിരിക്കും പ്രകടനപത്രികയിലെ ഈ നിയമപ്രഖ്യാപനത്തിന്റെ ലക്ഷ്യം. അതു വളരെ വ്യക്തം. പേരില്‍ തന്നെയുണ്ടു കാര്യം. ലൗ ജിഹാദ്. ജിഹാദ് എന്ന അറബി വാക്ക് ഇസ്‌ലാമുമായാണ് പൊതുവെ പരാമര്‍ശിക്കാറുള്ളത്. അതായത്, കേരളത്തില്‍ മുസ്‌ലിംകള്‍ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലിയൊരു നിഗൂഢപദ്ധതിയുടെ ഭാഗമായി വിവാഹപ്രേരണ നല്‍കി മതം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഇവിടത്തെ മുസ്‌ലിംകള്‍ മുഴുവന്‍ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ശത്രുക്കളാണെന്നും അവരുടെ ലൗ ജിഹാദ് പദ്ധതി തകര്‍ക്കുന്ന തങ്ങളാണു യഥാര്‍ഥത്തില്‍ ഇവിടത്തെ ഹിന്ദുക്കളുടെയും ക്രിസ്ത്യനികളുടെയും രക്ഷകരെന്നും പ്രകടനപത്രികയിലൂടെ ബോധ്യപ്പെടുത്തുകയാണ്.
ഹിന്ദുത്വവാദികള്‍ എന്തിനു ക്രിസ്ത്യാനികളെ കൂട്ടുപിടിക്കുന്നു എന്നൊരു ചോദ്യം തീര്‍ച്ചയായും ഉയരാം. എത്രയൊക്കെ ഹിന്ദുത്വം പറഞ്ഞാലും നല്ലൊരു ശതമാനം ഹിന്ദുവോട്ടുകളും യു.ഡി.എഫിലേയ്ക്കും എല്‍.ഡി.എഫിലേയ്ക്കും പോകുമെന്നുറപ്പ്. ശേഷിച്ച ഹിന്ദു വോട്ടുകളെ മാത്രം ആശ്രയിച്ചാല്‍ കാത്തിരുന്നു നരയ്ക്കുകയേ നിര്‍വാഹമുള്ളൂ. അധികാരത്തിലെത്താന്‍ വേറെയും വോട്ടുവേണം.അതിന് ആശ്രയിക്കാവുന്നത് സഭയാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്‌ലിംകള്‍ വിവാഹം ചെയ്തു മതപരിവര്‍ത്തനം നടത്തുന്നുവെന്ന പേരില്‍ പരസ്യമായി സഭാനേതൃത്വം അരങ്ങത്തു വന്ന പശ്ചാത്തലത്തില്‍ പ്രകടനപത്രികയില്‍ ഇങ്ങനെയൊരു കാര്യം വച്ചാല്‍ അവരുടെ പിന്തുണ ഉറപ്പാകുമല്ലോ. 2021 അല്ല, 2026 ആണ് കേരളത്തില്‍ അവരുടെ ലക്ഷ്യം. ഇന്ത്യയില്‍ ലൗ ജിഹാദ് ഇല്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞത്. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ജാതിയും മതവും നോക്കാതെ ആരെയും വിവാഹം കഴിക്കാമെന്നു നീതിപീഠവും ഈയടുത്ത ദിവസം വ്യക്തമാക്കി. എന്നിട്ടും ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ലൗ ജിഹാദ് തടയല്‍ നിയമം കൊണ്ടുവന്നു. ലക്ഷ്യം ഒന്നുമാത്രം, ഹിന്ദുത്വവികാരം പരമാവധി ആളിക്കത്തിക്കല്‍.ബി.ജെ.പി അധികാരം പിടിച്ചെടുക്കാന്‍ അസാധ്യമായ മാര്‍ഗങ്ങള്‍ പോലും പയറ്റുമെന്നതിനാല്‍ കേരളത്തിലെ അവരുടെ നീക്കങ്ങളില്‍ അത്ഭുതമില്ല. എന്നാല്‍, ഇതൊന്നും കാണാതെ തൊട്ടതിനും പിടിച്ചതിനുമെല്ലാം തമ്മില്‍ തല്ലുകയും പരസ്പരം ഗ്വാ...ഗ്വാ.. വിളിക്കുകയും ചെയ്യുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രഭൃതികളുടെ പരിസരബോധില്ലായ്മ കാണുമ്പോഴാണ് അത്ഭുതം. മതേതരത്വത്തിന് കടുത്ത വെല്ലുവിളി ഇത്ര അടുത്തെത്തിയിട്ടും ഇവര്‍ അറിയുന്നില്ലെന്നോ.
ഒരു കാര്യം ഓര്‍ക്കുന്നതു നന്ന്, കഥയിലെ പോലെ കുറുക്കന്‍ എല്ലായ്‌പ്പോഴും ആര്‍ത്തി മൂത്ത് ആടുകള്‍ക്കിടയിലേയ്ക്കു ചാടി വീണു സ്വന്തം വിനാശം വരുത്തിവയ്ക്കില്ല. ആടുകളുടെ അന്ത്യമാണ് എന്നും സൂത്രശാലിയായ കുറുക്കന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."