എവിടേക്ക് പോയി ഇവരെല്ലാം? സംസ്ഥാനത്ത് കഴിഞ്ഞ വർഷം കാണാതായത് 11,259 പേരെ
മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം കാണാതായത് 11,259 പേരെ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇത്രയും പേരെ കാണാനില്ലെന്ന പരാതിയാണ് വിവിധ പൊലിസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകളെടുത്താൽ കൂടുതൽ പേരെ 2022ൽ ആണ് കാണാതായത്. 2021ൽ 9713 പേരേയും 2020 ൽ 8742 പേരേയുമായിരുന്നു കാണാതായിരുന്നത്. 2019ൽ 12802 പേരേയും കാണാതായിട്ടുണ്ട്. 2018ൽ ഇത് 11536 ആയിരുന്നു. 2017 9202, 2016 7435 എന്നിങ്ങനെയാണ് മുൻപുള്ള വർഷങ്ങളിലെ കണക്കുകൾ.
കാണാതാവുന്നവരിൽ 75 ശതമാനത്തോളം പേർ തിരിച്ചുവരുകയോ പൊലിസ് കണ്ടെത്തുകയോ ചെയ്യാറുണ്ട്. പത്തനംതിട്ട നരബലി കേസിന് ശേഷം സംസ്ഥാനത്ത് കാണാതായവരെക്കുറിച്ച് പ്രത്യേക അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഇതിന് ശേഷവും കാണാതാവുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.
പ്രണയ ഒളിച്ചോട്ടം, മുന്നറിയിപ്പില്ലാതെ തൊഴിൽ തേടിപ്പോകുന്നവർ, മാനസിക വിഭ്രാന്തി മൂലം വീട് വിട്ടിറങ്ങുന്നവർ,വിവാഹ പ്രലോഭനങ്ങളിൽ വഴങ്ങി നാടുവിടുന്നവരടക്കം ഇവരിൽ ഉൾപ്പെടുന്നു. മുതിർന്നവർ മുതൽ കുട്ടികൾ വരെ കാണതായവരുടെ പട്ടികയിലുണ്ട്. ബന്ധുക്കളുടെ പരാതിയിലും വിവിധ സ്ഥാപനങ്ങളുടെ പരാതിയിലുമാണ് പൊലിസ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."