ഒമാനടക്കം ഗള്‍ഫ് നാടുകളിലും ഇന്ന് ബറാഅത്ത് രാവ്; കേരളത്തോടൊപ്പം പ്രവാസി വിശ്വാസികളും ഐശ്ചിക വൃതാനുഷ്ഠാനത്തില്‍ പങ്കാളികളാകും
ദുബൈ: ഇസ്ലാമില്‍ ഏറെ ശ്രേഷ്ഠതയുള്ള ശഅ്ബാന്‍ 15ാം ദിനത്തോടനുബന്ധിച്ചുള്ള ബറാഅത്ത് രാവ് കേരളത്തിലെ വിശ്വാസികളോടൊപ്പം ഗള്‍ഫ് നാടുകളിലും ഇന്ന് (28ന് ഞായറാഴ്ച) ആചരിക്കും.
ഒമാന്‍ അടക്കമുള്ള മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇത്തവണ ഞായറാഴ്ച അസ്തമിച്ച രാത്രിയാണ് ബറാഅത്ത് രാവ്. ഇതോടനുബന്ധിച്ച് ബറാഅത്ത് ദിനമായ തിങ്കളാഴ്ച പകലില്‍ കേരളത്തിലെ വിശ്വാസികളോടൊപ്പം ഗള്‍ഫ് നാടുകളിലുള്ള വിശ്വാസികളും പ്രത്യേകമായ സുന്നത്ത് നോമ്പില്‍ (ഐഛിക വൃതാനുഷ്ഠാനത്തില്‍) പങ്കാളികളാകും.
അയ്യാമുല്‍ ബീള് എന്നറിയപ്പെടുന്ന ചാന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങള്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുള്ളതിനാല്‍ മൂന്നു ദിവസങ്ങള്‍ തുടര്‍ച്ചയായി വ്രതമനുഷ്ഠിക്കുന്ന വിശ്വാസികളുമുണ്ട്.
വിശുദ്ധ റമദാന്‍ മാസത്തിനു മുന്നോടിയായി എത്തുന്ന പവിത്രമായ രാവാണ് ശഅ്ബാന്‍ 15ന്റെ രാവായ ബറാഅത്ത് രാവ്. ലൈലത്തുല്‍ റഹ് മ (കാരുണ്യ രാത്രി), ലൈലത്തുല്‍ മുബാറക (അനുഗ്രഹീത രാത്രി), ലൈലത്തു സ്വക്ക് (വിധി തീര്‍പ്പു രാത്രി), ലൈലത്തുല്‍ ബറാഅ (വിമോചന രാത്രി) എന്നിങ്ങനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഈ രാത്രിയുടെ മഹത്വവും പ്രാധാന്യവും പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
ഈ രാത്രിയില്‍ ദീര്‍ഘായുസ്സ്, ഭക്ഷണ വിശാലത, പാരത്രിക മോക്ഷം എന്നിവ ലക്ഷ്യമാക്കി വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് യാസീന്‍ മൂന്നു തവണ പാരായണം ചെയ്യലും വിവിധ ദിക്റ്-ദുആകള്‍ അധികരിപ്പിക്കലും വിശ്വാസികള്‍ക്കിടയില്‍ പതിവുള്ളതാണ്.
ഈ രാവില്‍ അല്ലാഹു ധാരാളം പേര്‍ക്ക് മഗ്ഫിറത്ത് (പാപമോചനം) നല്‍കുമെന്ന ഹദീസുകളുമുണ്ട്.
അതേ സമയം പരസ്പരം പിണങ്ങി നില്‍ക്കുന്നവര്‍ക്ക് ബറാഅത്ത് രാവിന്റെ മഹത്വവും പുണ്യവും ലഭിക്കില്ലെന്ന് പണ്ഢിതര്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു. ആയതിനാല്‍ വീട്ടുകാരെയും തന്റെ കീഴിലുള്ളവരെയും പരമാവധി സന്തോഷിപ്പിക്കുകയും കുടുംബാംഗങ്ങളോട് കൂടുതല്‍ കാരുണ്ണ്യത്തോടെ വര്‍ത്തിക്കുകയും ചെയ്യണമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തുന്നു.
പരസ്പരം മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മറ്റുള്ളവര്‍ക്കിടയില്‍ സന്തോഷം പങ്കിട്ടും ഈ രാവും പകലും വിശ്വാസികള്‍ കൂടുതല്‍ സജീവമാക്കാറുണ്ട്.
നാട്ടിലെ ഗൃഹാതുര സ്മരണകള്‍ അയവിറക്കി ഗള്‍ഫിലെ പ്രവാസികുടുംബങ്ങളിലും ഇത്തരം സുകൃതങ്ങള്‍ നില നില്‍ക്കുന്നു.
പ്രവാസ ലോകത്തെ വിവിധ മത സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക ആത്മീയ സദസ്സുകളും നടക്കും. കോവിഡ് സാഹചര്യത്തില്‍ ഇവയിലേറെയും ഓണ്‍ലൈനായാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."