സത്യമാണോ എന്നറിയാൻ സ്ത്രീകളുടെ നഗ്നവീഡിയോകൾ സി.പി.എം നേതാക്കൾ ഒന്നിച്ചിരുന്ന് പരിശോധിച്ചു; ആലപ്പുഴയിൽ പുതിയ വിവാദം
ആലപ്പുഴ: സഹപ്രവർത്തകരായ യുവതികളുടെ നഗ്‌ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചെന്ന പരാതിയിൽ സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗം എ.പി സോണയ്‌ക്കെതിരായ ആരോപണം സ്ഥിരീകരിക്കുന്നതിനായി ദൃശ്യങ്ങൾ പരിശോധിച്ച നടപടി പുതിയ വിവാദത്തിൽ. ജില്ലാ കമ്മിറ്റി ഓഫീസിൽ സജ്ജീകരിച്ച സ്റ്റുഡിയോയിൽ നേതാക്കൾ ഒരുമിച്ചിരുന്ന് പാർട്ടി പ്രവർത്തകർ കൂടിയായ യുവതികളുടെ ദൃശ്യങ്ങൾ കണ്ടതാണ് പാർട്ടിയിൽ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
പ്രശ്‌നം അന്വേഷിച്ച കമ്മിഷൻ ശേഖരിച്ച ദൃശ്യങ്ങളുള്ള പെൻഡ്രൈവ് പാർട്ടി ഓഫിസിലെ സ്റ്റുഡിയോയിൽ കംപ്യൂട്ടറിൽ കണക്റ്റ് ചെയ്തു ദൃശ്യങ്ങൾ കണ്ടെന്നാണ് പാർട്ടിയിൽ നിന്നു തന്നെ ലഭിച്ച വിവരം. തുടർന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു. ഇങ്ങനെയൊരു വിഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചിലർ ഉന്നയിച്ചപ്പോഴാണ് പെൻഡ്രൈവ് പരിശോധിക്കാമെന്ന നിർദേശം ഉയർന്നത്. പ്രവർത്തകരും അനുഭാവികളും കൂടിയായ സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങളുടെ വിഡിയോ നേതാക്കൾ ഒന്നിച്ചിരുന്നു കണ്ടത് മര്യാദകേടല്ലേ എന്നാണ് വിഷയത്തിൽ ഉയർന്ന ചോദ്യം.
ദൃശ്യങ്ങൾ ലീക്ക് ആയേക്കാമെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോകളിൽ പലതും പാർട്ടി ഓഫിസുകളിൽ വച്ചാണ് മൊബൈലിൽ പകർത്തിയതെന്ന് പശ്ചാത്തല ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
വിഡിയോ കണ്ട നേതാക്കളെ അതിലുള്ളവർ ഇനി എങ്ങനെ അഭിമുഖീകരിക്കും എന്ന ചോദ്യവുമുണ്ട്. അശ്ലീല വിഡിയോ പകർത്തിയതിനെപ്പറ്റി പരാതിയില്ലെന്നതിനാൽ സംഭവത്തിൽ പൊലിസ് ഇടപെട്ടിട്ടില്ല. പാർട്ടിയുടെ ആഭ്യന്തര നടപടിയെന്ന നിലയിൽ ഈ പ്രവൃത്തിക്കുനേരെ കണ്ണടയ്ക്കാനാവില്ലെന്ന അഭിപ്രായം പൊതുസമൂഹത്തിലും ഉയർന്നുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."