അശരണരുടെ ആശ്വാസ കിരണം കെടുത്തരുത്
സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള നിരവധി ആശ്വാസ പദ്ധതികളിലൊന്നാണ് ആശാകിരണം പദ്ധതി. എന്‍ഡോസള്‍ഫാന്‍ ബാധിതരെ പരിചരിക്കുന്നവരെ ഉദ്ദേശിച്ച് തുടങ്ങിയ പദ്ധതിയില്‍ സഹായം അര്‍ഹിക്കുന്ന വയോവൃദ്ധരെയും രോഗികളെയും അഗതികളെയും നിരാലംബരെയുമെല്ലാം ഉള്‍പെടുത്തുകയായിരുന്നു. മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ മൂലം ശയ്യാവലംബികളായ രോഗികളെ പരിചരിക്കുന്നതുമൂലം പുറംജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് പ്രതിമാസം നല്‍കുന്ന ധനസഹായ പദ്ധതിയാണിത്. ഈ ധനസഹായം ലഭിക്കാതായിട്ട് ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി.
വയോമിത്രം പദ്ധതിക്കുകീഴില്‍ 65 വയസിനു മുകളിലുള്ളവര്‍ക്ക് കൊടുത്തുവരുന്ന ക്ഷേമ പെന്‍ഷന്റെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ തുക ഒരുമിച്ച് അടുത്തമാസം നല്‍കാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍, എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുമുള്ള ധനസഹായം ഒരു വര്‍ഷമായിട്ടും നല്‍കാത്തത് മഹാകഷ്ടമാണ്. എന്താണ് ഇത്തരമൊരു തീരുമാനം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. അതിനുപിന്നിലെ ലക്ഷ്യമെന്താണ്. ധൂര്‍ത്തിന്റെ അനന്തരഫലം കൊണ്ടുണ്ടായ ഖജനാവ് ശൂന്യതയാണോ കാരണം? കിടപ്പിലായ രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമുള്ള ധനസഹായം തല്‍ക്കാലം നീട്ടിവച്ചാലും അതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന മനുഷ്യത്വരഹിതമായ നിലപാടാണോ ഈ സഹായ നിഷേധത്തിനു കാരണം? 65 വയസു കഴിഞ്ഞവര്‍ക്ക് നല്‍കിവരുന്ന ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തിവച്ചാല്‍ തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകും. സര്‍ക്കാരിന് മേനി പറയാനുള്ള ഒരവസരം അതുവഴി ഇല്ലാതാവുകയും ചെയ്യും. അടുത്ത മാസത്തേതും കഴിഞ്ഞ മാസത്തേതും കൂട്ടി നല്‍കുമ്പോള്‍ 3,000 രൂപ കൈയില്‍ കിട്ടുന്നവര്‍ സര്‍ക്കാരിനെ അകമഴിഞ്ഞ് പിന്തുണച്ചേക്കുമെന്ന അതിമോഹമായിരിക്കുമോ ഇത്തരമൊരു നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക?
സഹായം അര്‍ഹിക്കുന്ന നിരാലംബരെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് ക്രൂരതയാണ്. വോട്ടെടുപ്പിനു തൊട്ടുമുന്‍പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഒന്നിച്ചുകൊടുക്കുമ്പോള്‍, അവര്‍ സര്‍ക്കാരിനെ വാഴ്ത്തുമെന്നും അത് വോട്ടാക്കാമെന്നുമുള്ള രാഷ്ട്രീയതന്ത്രജ്ഞതയിലൂന്നിയ കുബുദ്ധിയായിരിക്കുമോ ഇത്തരമൊരു നീക്കത്തിനു സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക? എങ്കിലത് കിടപ്പിലായ രോഗികളോടും അവരെ പരിചരിക്കുന്നവരോടും ചെയ്യുന്ന അനീതിയായി മാത്രമേ കാണാനാവൂ.
ആശ്വാസകിരണം പദ്ധതിയില്‍ 1,14,188 പേര്‍ക്കും സമാശ്വാസം പദ്ധതിയില്‍ 8,382 പേര്‍ക്കും സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ 1,614 പേര്‍ക്കും സ്‌നേഹപൂര്‍വം പദ്ധതിയില്‍ 22,107 പേര്‍ക്കും സ്‌നേഹ സാന്ത്വനം പദ്ധതിയില്‍ 5,358 പേര്‍ക്കും വി.കെയര്‍ പദ്ധതിയില്‍ 472 പേര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സഹായധനം നിര്‍ത്തലാക്കിയിട്ട്. കിടപ്പുരോഗികളെ പരിചരിക്കേണ്ടതിനാല്‍ ജോലിക്കുപോകാന്‍ കഴിയാത്തവര്‍ക്ക് പ്രതിമാസം നല്‍കിവരുന്ന 600 രൂപയും ഡയാലിസിസിനു വിധേയരാകുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികള്‍, വൃക്ക മാറ്റിവയ്ക്കലിനു വിധേയരായവര്‍, ഹീമോഫീലിയ, അരിവാള്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന 1,100 രൂപയുമാണ് കഴിഞ്ഞ കുറെ മാസങ്ങളായി സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത്.
മാതാപിതാക്കളോ അവരില്‍ ആരെങ്കിലുമൊരാളോ മരിച്ചുപോയിട്ടുണ്ടെങ്കില്‍ അവരുടെ കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം പദ്ധതി വഴി നല്‍കിവരുന്ന 300 രൂപയും മുടങ്ങിയിട്ട് മാസങ്ങളായി. അടിയന്തര ചികിത്സ ആവശ്യമായവര്‍ക്ക് വി.കെയര്‍ പദ്ധതിയില്‍ നല്‍കിവരുന്ന 360 കോടി രൂപ കെട്ടിക്കിടക്കുകയാണ്. എന്ത് സാങ്കേതിക കരുക്കില്‍ കുടുങ്ങിയാണ് ഇത്രയും സംഖ്യ കെട്ടിക്കിടക്കുന്നത്? എന്തിന്റ പേരിലായാലും ആ സാങ്കേതിക കുരുക്കഴിക്കഴിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ?
ഏറ്റവുമധികം കരുണയര്‍ഹിക്കുന്നവരാണ് രോഗികളും അനാഥരുമായ വൃദ്ധജനങ്ങളും കുട്ടികളും. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ കഴിവില്ലാതെ ശയ്യാവലംബികളായി കഴിയുന്ന പാവപ്പെട്ട മനുഷ്യരോട്, അവരെ പരിചരിക്കുന്നവരോട് കരുണ കാണിക്കാതെയുള്ള കിറ്റ് വിതരണം കൊണ്ടെന്തുഫലം ? എന്തു നേട്ടം? തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏപ്രില്‍ ഒന്നുവരെ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.
കുഞ്ഞിളം പ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദന എത്രമാത്രമാണെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല. അവരില്‍ ഒരാള്‍ മരിച്ചാലും അനാഥരായിത്തീരുന്ന കുട്ടികളുടെ വേദന നിര്‍വചിക്കാനാവുന്നതുമല്ല. എല്ലാം നിറവേറ്റിത്തന്നിരുന്ന പിതാവ് ഒരു ദിവസം പൊടുന്നനെ ഇല്ലാതാവുമ്പോള്‍, ഒരു കുടുംബമാണ് നിരാലംബരായി തീരുന്നത്. സമൂഹത്തിനുമുന്‍പില്‍ നിരാശ്രയരായി തീരുന്ന കുട്ടികള്‍ മാനസികമായി തകരരുതെന്നും അവര്‍ അനാഥാലയങ്ങളില്‍ അന്യതാബോധത്തോടെ കഴിയേണ്ടവരല്ലെന്നും കണ്ടാണല്ലോ സര്‍ക്കാര്‍ സ്‌നേഹപൂര്‍വം പദ്ധതി ആവിഷ്‌ക്കരിച്ചതുതന്നെ. പദ്ധതിയനുസരിച്ച് കിട്ടിക്കൊണ്ടിരുന്ന തുഛമായ തുകപോലും സമയബന്ധിതമായി കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അനാഥക്കുട്ടികള്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ട് മാസങ്ങളായി. വലിയ സ്വപ്നങ്ങള്‍ കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനാഥരായ കുട്ടികള്‍ക്ക് മതിയായ ഭൗതിക സാഹചര്യം ഒരുക്കി കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരു സര്‍ക്കാര്‍ ഈ വിഭാഗം കുട്ടികളോടുള്ള വാഗ്ദാനം നിറവേറ്റപ്പെടാതെ പോവുകയാണ്. കരുണപോലെ, പ്രതിമാസം കിട്ടുന്ന തുക എത്ര തുഛമാണെങ്കില്‍ക്കൂടി അതിനായി കാത്തുനില്‍ക്കുന്ന അനാഥബാല്യങ്ങളുടെ മനസറിയാന്‍ കേവല രാഷ്ട്രീയവിദ്യാഭ്യാസം പോരാ. അതിനു മനുഷ്യത്വം കൂടി വേണം.
ആശ്വാസവും കാരുണ്യവും പകര്‍ന്നുനല്‍കേണ്ടത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചോ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയോ ആവരുത്. പ്രതിഷേധിക്കാനും ക്ഷോഭിക്കാനും കെല്‍പില്ലാത്തവര്‍ക്ക് നടുവളയാതെ നില്‍ക്കാനുള്ള ചെറുസഹായം പോലും തടയുന്ന സര്‍ക്കാരിന് എന്തു നേട്ടമാണ് പറയാനുണ്ടാവുക? എന്തുനേട്ടം പറഞ്ഞിട്ടുമെന്തു കാര്യം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."