HOME
DETAILS

ഇടത് പു.ക.സയും വലത് 'സര്‍ഗാത്മകത'യും

  
backup
March 29 2021 | 04:03 AM

564534241-2

 

ആശയപരമായി ചേരി തിരിഞ്ഞാണ് പ്രത്യക്ഷത്തില്‍ പടവെട്ടുന്നതെങ്കിലും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പൊതുശത്രു മുസ്‌ലിം സമൂഹമാണെന്ന തോന്നലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ സൃഷ്ടിക്കാറുള്ളത്. തെരഞ്ഞെടുപ്പു പ്രകടന പത്രികകള്‍, പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രീതികള്‍, നേതാക്കള്‍ ഈ കാലയളവില്‍ നടത്തുന്ന പ്രസംഗങ്ങള്‍, ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ മുതലായവയിലൊക്കെ ഒളിഞ്ഞോ തെളിഞ്ഞോ മുസ്‌ലിംകളോടുള്ള വിദ്വേഷപൂര്‍ണമായ നിലപാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതിന്നായി ഉപയോഗപ്പെടുത്തുന്ന പലതരം ട്രോജന്‍ കുതിരകളായി പാകിസ്താനും ഭീകരതയും ദേശസുരക്ഷയും പൗരത്വ നിയമവും മറ്റുമൊക്കെ മാറിക്കഴിഞ്ഞു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന രോഗാതുരമായ ഈ ജനാധിപത്യബോധത്തെ കേരളത്തിലേക്ക് ഒളിച്ചുകടത്തുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയമുന്നണികള്‍ ഇത്രയും കാലം ചെയ്തിരുന്നതെങ്കില്‍ ഇതാദ്യമായി മതവിദ്വേഷവും വെറുപ്പും പരനിന്ദയും മറയും മുറയുമില്ലൊതെ സംസ്ഥാനത്തെ വോട്ടര്‍മാരുടെ മുന്‍പാകെ സമ്മതം ചോദിച്ചെത്തുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിരപ്രതിഷ്ഠ നേടിയ ഭയാനകമായ ഈ ചിത്രത്തെ ഇത്രയും കാലം തിരസ്‌കരിച്ചവരായിരുന്നു മലയാളികള്‍. അവരുടെ മാറുന്ന രാഷ്ട്രീയബോധത്തിന്റെ കൂടി കണക്കെടുപ്പാവും ഈ തെരഞ്ഞെടുപ്പ്.


പു.ക.സ എന്ന പുരോഗമന കലാ സാഹിത്യ സംഘം പുറത്തിറക്കിയ രണ്ട് പരസ്യങ്ങളെ കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്. സംസ്ഥാനം ഭരിക്കുന്ന കക്ഷിക്ക് വോട്ടു നേടിത്തരുമെന്ന ബോധ്യത്തില്‍ നിന്നാവുമല്ലോ ഈ പരസ്യങ്ങള്‍ ജന്മം കൊണ്ടിട്ടുണ്ടാവുക. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപരിസരം വലതുപക്ഷത്തോളം ദുര്‍ഗന്ധപൂരിതമായിരിക്കുന്നു എന്നാണ് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകുന്നത്. പുരോഗമനവും കലയും തൊട്ടുതീണ്ടിയിട്ടില്ലാത്ത, സംഘ്പരിവാറിന്റെ രഹസ്യ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ മാത്രം കണ്ടുകിട്ടുന്ന ചില സിദ്ധാന്തങ്ങളാണ് ഈ രണ്ട് പരസ്യങ്ങളുടെയും ഉസാഘു. ഉയര്‍ന്ന ജാതിക്കാരന് ഒന്നും കിട്ടുന്നില്ല, എല്ലാം സംവരണ സമുദായങ്ങള്‍ കൊണ്ടുപോകുന്നു എന്നും മുസ്‌ലിം സമൂഹം മൊത്തത്തില്‍ ഭീകരരാണ് എന്നുമുള്ള ഈ രണ്ടു സിദ്ധാന്തങ്ങളോടും ഇടക്കാലത്ത് കലഹിച്ചവരാണ് ഇടതുപക്ഷം. ഇന്ത്യ എന്ന ഭരണഘടനാ സങ്കല്‍പ്പത്തെ തരിമ്പു പോലും ശക്തിപ്പെടുത്താത്ത പ്രതിലോമകരവും വസ്തുതകള്‍ക്ക് വിരുദ്ധവുമായ ഇത്തരം കുപ്രചാരണങ്ങളാണ് ഉത്തരേന്ത്യയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഇനിയൊരു കാലത്തും നികത്താനാവാത്ത വിടവ് ഉണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞവരാണവര്‍. രാജ്യം നേരിടുന്ന അടിസ്ഥാനപരമായ ഭീഷണി ഫാസിസമാണെന്ന് സ്ഥാനത്തും അസ്ഥാനത്തും ഇത്രയും നാള്‍ കേരളത്തില്‍ വായ്ക്കുരവയിട്ട ഇതേ കൂട്ടരാണ് ഒടുവില്‍ അതേ ഫാസിസത്തിന്റെ ഉച്ചഭാഷിണികളായി മാറിയത്. കോണ്‍ഗ്രസാണ് ഇത് ചെയ്തതെങ്കില്‍ മൃദുഹിന്ദുത്വം എന്നാവുമായിരുന്നില്ലേ വിളിപ്പേര്? ഉദാത്തമായ മതേതര, ജനാധിപത്യ, പൗരാവകാശ സങ്കല്‍പ്പങ്ങളുടെ ധ്വജവാഹകരായിരുന്ന ഇടതുപക്ഷത്തിന്റെ സര്‍ഗബോധത്തിലേക്ക് പോലും ഹിന്ദുത്വ ഫാസിസം നുഴഞ്ഞുകയറിയെന്നു വേണം ഭയപ്പെടാന്‍.
വര്‍ഗീയതയ്ക്കും ഭീകരതയ്ക്കുമൊക്കെ 'നമ്മുടേതും' 'അവരുടേതു'മെന്ന കൃത്യമായ വേര്‍തിരിവ് സൃഷ്ടിക്കപ്പെട്ട ആറ് വര്‍ഷത്തിലൂടെയാണ് 2014ന് ശേഷം ഇന്ത്യ കടന്നുപോയത്. അങ്ങാടിയില്‍ മൈക്കു കെട്ടി പൊലിസ് കമ്മിഷണര്‍ നോക്കിനില്‍ക്കെ പച്ചയായി വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തതിന് ഡല്‍ഹി ഹൈക്കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും കപില്‍ മിശ്രയും അനുരാഗ് താക്കൂറും പര്‍വേഷ് ശര്‍മ്മയും സമാദരണീയരായ നേതാക്കളാവുകയും അവര്‍ ചെയ്ത പാപത്തിന്റെ ശമ്പളം സി.എ.എ നിയമത്തിനെതിരേ സമരം ചെയ്ത വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന സവിശേഷമായ ഒരുതരം നിയമവാഴ്ച ഡല്‍ഹി കലാപം രാജ്യത്തിനു പരിചയപ്പെടുത്തി. ഈ ദേശീയ 'മാനസിക രോഗ'ത്തിന്റെ ഏതോ പ്രകാരത്തിലുള്ള മാതൃകകളാണ് കേരളവും കുറെയായി കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിനെതിരേ സ്പര്‍ദ്ദ വളര്‍ത്തുക, കലാപമുണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്ക് 'രാജ്യ താല്‍പര്യ'ങ്ങളുമായി ബന്ധപ്പെട്ട ഒരുതരം പരിരക്ഷ കേരളത്തിലും ലഭ്യമാകുന്നുണ്ട്. അത് ഒരു രാഷ്ട്രീയ സൗകര്യമായല്ലാതെ നിയമവാഴ്ചയുടെയോ മനുഷ്യാവകാശങ്ങളുടെയോ പ്രശ്‌നമായി ആരും കണക്കിലെടുക്കുന്നില്ല. അനന്തമായ ജുഡിഷ്യല്‍ കസ്റ്റഡികളും കേന്ദ്രത്തില്‍നിന്ന് 'ഫണ്ട്' കിട്ടാനുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും പ്രബുദ്ധ കേരളത്തില്‍ ഇന്നൊരു ചര്‍ച്ചയേ അല്ല. എന്നാല്‍ വെടിയേറ്റു കൊല്ലപ്പെട്ട വര്‍ഗീസും അടിയന്തരാവസ്ഥയില്‍ അപ്രത്യക്ഷനായ രാജനുമൊക്കെ മരണത്തിന്റെ കാണാക്കയങ്ങളില്‍നിന്ന് രാഷ്ട്രീയ ചര്‍ച്ചാമുറികളിലേക്ക് കയറിവന്ന് നമ്മുടെ നീതിബോധത്തെ നിരന്തരമായി ചോദ്യം ചെയ്ത ഒരു കാലമുണ്ടായിരുന്നു. ആ രാഷ്ട്രീയ അവബോധത്തിന്റെ പ്രേതബാധയേറ്റുണ്ടായ വ്യവസ്ഥയില്‍ നിന്നാണ് ഇന്ന് വര്‍ഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതും. അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം കൊടുത്ത ഈ ചോരപ്പണം നമ്മുടെ സാമൂഹികബോധത്തെ ഏതോ പ്രകാരത്തില്‍ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ചുരുങ്ങിയ എട്ടു വര്‍ഗീസുമാരെയെങ്കിലും സ്വന്തമായി വെടിവച്ചു വീഴ്ത്തിയതിനു ശേഷമാണ് 'പൂച്ച ഹജ്ജിനു പോകുന്ന'തെന്നോര്‍ക്കുക. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും സാമുദായിക ധ്രുവീകരണത്തിന്റെയുമൊക്കെ പുതിയ കാലത്തെ വാര്‍പ്പു മാതൃകകള്‍ ഡല്‍ഹിയില്‍നിന്ന് അതേപടി പകര്‍ത്തുക മാത്രമാണ് കേരളം ചെയ്യുന്നത്.


രാഷ്ട്രീയവും കൊമ്പന്റെ വഴിയേ ആണ് പോകുന്നത്. ജനാധിപത്യത്തില്‍ വോട്ടാണ് പ്രധാനമെന്നും വോട്ടു വരുന്ന വഴിയില്‍ എന്തു വൃത്തികേടും ചെയ്യാമെന്നുമാണ് സ്വാഭാവികമായും ഇതില്‍നിന്നു അനുക്തസിദ്ധമാവുന്നത്. മതേതരത്വം എന്ന രാഷ്ട്രസങ്കല്‍പ്പം മുസ്‌ലിംകളുടെ ഏതോ ഒരു ആവശ്യമായി ചുരുങ്ങുകയാണ്. ഭരണഘടനാ തത്വങ്ങളുടെ കാര്യത്തിലും മോദിയില്‍ നിന്നാണ് പു.ക.സ പഠിക്കുന്നത്. സംവരണം എന്ന ആശയം രൂപംകൊണ്ട വഴിയെക്കുറിച്ച് അറിയാത്തവരൊന്നുമല്ലല്ലോ ഇടതുപക്ഷക്കാര്‍. രാഷ്ട്രീയത്തിലും സിവില്‍ സര്‍വിസിലും സൈന്യത്തിലും മാധ്യമസ്ഥാപനങ്ങളിലും കയറിക്കൂടിയ ഉയര്‍ന്ന ജാതിക്കാരുടെ കണക്കുകളും സംവരണ സമുദായങ്ങള്‍ തമ്മിലുള്ള അന്തരവും എപ്പോഴെങ്കിലും പു.ക.സയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് ലഭിക്കേണ്ടതിനേക്കാളും ശരാശരി 90 ശതമാനത്തിലും മുകളിലാണ് ബ്രാഹ്മണര്‍ ഈ മേഖലകളില്‍ കൈയടക്കിവച്ച അവസരങ്ങള്‍. എന്നിട്ടാണ് ദാരിദ്ര്യത്തിന്റെയും ഭീകരതയുടെയും സംഘ്പരിവാര്‍ ഡിസ്‌കുകള്‍ പൊടിതട്ടിയെടുത്ത് പാട്ടുപെട്ടിയിലിടുന്നത്. 'രാജ്യദ്രോഹി മകന്റെ മയ്യിത്തു'മായി ബന്ധപ്പെട്ട മാധ്യമക്കഥ എല്ലാവരെയും ഉദ്ദേശിച്ചല്ലെങ്കില്‍ പിന്നെ ആ പെന്‍ഷന്‍ പണം മാത്രം എങ്ങനെയാണ് മുഴുവന്‍ സമുദായത്തിന്റേതുമാവുക? കഴുവേറിയ ഭീകരരരുടെ ഉമ്മമാര്‍ക്കു മാത്രമാണോ പെന്‍ഷന്‍? ഈ നുണക്കഥയില്‍ അടങ്ങിയ അപരവല്‍ക്കരണത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ദുഷിപ്പുകള്‍ മുഴുവന്‍ സമുദായത്തിന്റെയും തലയിലാണ് പു.ക.സ വെച്ചുകെട്ടിയത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതില്‍ പിന്നെ മനുഷ്യാവകാശങ്ങള്‍ക്ക് രാജ്യത്ത് സംഭവിച്ച വര്‍ഗീയമായ നിറംമാറ്റം നമ്മുടെ സംസ്ഥാനത്തുമുണ്ടാവുന്നുണ്ടെന്ന് മുസ്‌ലിം സമുദായം വ്യാപകമായ പരാതി ഉന്നയിക്കുന്നതിനിടയിലാണ് ഈ അസംബന്ധ പ്രചാരണമെന്നോര്‍ക്കണം. മുസ്‌ലിം സമുദായവും സര്‍ക്കാരിന് പണമായി തന്നെയല്ലേ നികുതി നല്‍കുന്നത്? തവിടൊന്നുമല്ലല്ലോ?


പുതിയ കാലത്ത് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയുമൊക്കെ സ്ഥൂലവായനയില്‍ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഉണ്ടോയെന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുകയാണ്. പ്രഖ്യാപിതമായ കൂറുമാറ്റങ്ങള്‍ മാത്രമാണ് ഏതോ ഒരര്‍ഥത്തില്‍ വാര്‍ത്തയാകുന്നത്. ജനങ്ങളെ വര്‍ഗീയവല്‍ക്കരിച്ചും കിറ്റ്, സോപ്പ് രാഷ്ട്രീയത്തിലൂടെ സുഖിപ്പിച്ചുമാണ് ഈ പാര്‍ട്ടികളോരോന്നും മുന്നോട്ടുപോകുന്നത്. അതോടൊപ്പം ഒന്നാന്തരമായി വിഡ്ഢീകരിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരും കോപ്പിയെടുത്ത് പഠിക്കുന്ന ബി.ജെ.പിയെ തന്നെ ഉദാഹരണമായി എടുക്കുക. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വിഘാതമാവുന്നത് കേരളത്തിലെ ജനങ്ങളുടെ സാക്ഷരതയാണെന്ന് സംസ്ഥാനത്തെ ബി.ജെ.പിയുടെ ഒരേയൊരു എം.എല്‍.എയായ ഒ. രാജഗോപാല്‍ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷനുമായ അമിത് ഷാ കേരളത്തിലെത്തുന്നത്. കേരളത്തില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ അമിത് ഷാ നടത്തിയ പ്രസംഗങ്ങള്‍ ഒരാവര്‍ത്തി ശ്രദ്ധിച്ചു വായിച്ചു നോക്കൂ. പ്രബുദ്ധത എന്നത് അദ്ദേഹത്തിന്റെ വിഷയമേ അല്ലെന്നു തോന്നും. കേരളത്തിലെ പി.എസ്.സി കാര്യാലയം സി.പി.എമ്മിന്റെ പാര്‍ട്ടി കാര്യാലയമാക്കിയെന്നാണ് അമിത് ഷായുടെ പ്രധാന ആരോപണങ്ങളിലൊന്ന്. ബി.ജെ.പി കഴിഞ്ഞ 20 വര്‍ഷമായി ഭരിക്കുന്ന മധ്യപ്രദേശിലെ പി.എസ്.സിയുടെ പേരെന്താണെന്ന് ഷാ അങ്ങാടിയിലിറങ്ങി ഒന്നു ചോദിച്ചു നോക്കൂ. ഏതു നാട്ടുമ്പുറത്തുകാരനും പറഞ്ഞു തരും വ്യാപം എന്ന്. ഇന്ത്യയിലെയെന്നല്ല ലോകത്ത് മറ്റെവിടെയെങ്കിലും അതിനേക്കാളും മോശപ്പെട്ട നിയമന, പ്രവേശന അഴിമതി നടത്തിയ മറ്റേതെങ്കിലും ഗവണ്‍മെന്റ് ഉണ്ടെങ്കില്‍ അതിന്റെ പേരു കൂടി പറഞ്ഞിട്ടു പോവാമായിരുന്നു അമിത് ഷാക്ക്. ഇതൊക്കെ യാഥാര്‍ഥ്യങ്ങളാണെന്ന് വെച്ച് കേരളത്തില്‍ ഇക്കുറി ബി.ജെ.പിയുടെ വോട്ട് ശതമാനം കുറയുമോ? ഒരിക്കലുമില്ല. പ്രഖ്യാപനങ്ങളും പദ്ധതികളുമല്ല വര്‍ഗീയതയാണ് നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ കേരളത്തിലും നയിക്കുന്നതെന്നര്‍ഥം. അമ്പട്ടനും ചെത്തുകാരനും ജാതിയും മതവുമൊക്കെയാണ് ഓരോ തെരഞ്ഞെടുപ്പു പരസ്യത്തിലും നിറയുന്നത്.


സാക്ഷരത മൂലം ബി.ജെ.പിക്ക് അപ്രാപ്യമായിരുന്ന ആ സുന്ദര സുരഭില കിണാശ്ശേരി ഇങ്ങെത്താറായെന്ന് ചുരുക്കം. ഇത്തവണത്തെ രാഷ്ട്രീയ നീക്കുപോക്കുകളുടെ സൂചനകള്‍ തന്നെ വാചാലമാണ്. മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം പാര്‍ശ്വവല്‍ക്കരിക്കുന്ന രീതിയിലാണ് നെറികെട്ട ഇമേജുകള്‍ പ്രചരിപ്പിക്കപ്പെട്ടത്. സി.പി.എമ്മിനൊപ്പം നില്‍ക്കുന്നവര്‍ പോലും ഈ ചിലന്തിവലയില്‍ കുരുങ്ങി. വര്‍ഗീയ രാഷ്ട്രീയവുമായി സന്ധി ചെയ്ത് ആര് തന്നെ ജയിച്ചാലും എന്തായിരിക്കും ബാക്കിയാവുന്നത്? പിന്നീട് വരുന്ന തെരഞ്ഞെടുപ്പില്‍ ഏതളവില്‍ വിഷം തളിച്ചാലാകും വീണ്ടുമൊരു ഭരണത്തുടര്‍ച്ച ലഭിക്കുക? അഥവാ ലഭിച്ചില്ലെങ്കില്‍ എന്തായിരിക്കും പകരം കേരളത്തില്‍ ബാക്കിയാവുക? ഇടതുപക്ഷം എന്നത് ഒരു ആശയമാണെങ്കില്‍ ഇതൊക്കെയായിരുന്നില്ലേ പരിഗണിക്കേണ്ട വിഷയങ്ങള്‍?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago