സര്‍വകലാശാലകളിലെ സംവരണ അട്ടിമറികള്‍
സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കല്‍ ഇന്ത്യയില്‍ മാത്രമുള്ള സംവിധാനമല്ല. ലോകത്തെ പല രാജ്യങ്ങളിലും പിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഇത്തരം സംവരണം ഇന്ന് നടപ്പിലാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളായി സാമൂഹ്യമായി പിന്നണിയിലായവരും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുമായ ഇക്കൂട്ടര്‍ക്ക് ഈ ആനുകൂല്യം നല്‍കാതെ ഒരു ജനാധിപത്യ സര്‍ക്കാരിനും മുന്നോട്ടുപോകാന്‍ സാധ്യമല്ല. ഇന്ത്യന്‍ ഭരണഘടനയുടെ 335-ാം വകുപ്പനുസരിച്ച് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുവായി പറഞ്ഞിരിക്കുന്ന നിര്‍ദേശം ഭരണപരമായ കഴിവിനെ നിലനിര്‍ത്തുന്ന വിധത്തില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും വിശേഷാല്‍ പരിഗണന നല്‍കണമെന്നാണ്. ഈ സമുദായക്കാര്‍ക്ക് ഭരണഘനയില്‍ ജോലികളുടെ ഒരു നിശ്ചിത ശതമാനം നീക്കിവച്ചിട്ടുണ്ട്. ഇവര്‍ ഭാരതത്തിലെ മറ്റു സമുദായങ്ങളോടൊപ്പം സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ച്ച നേടുന്നതുവരെ സംസ്ഥാനങ്ങള്‍ ഈ പരിഗണന നല്‍കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍, ഉദ്യോഗ നിയമനത്തിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനത്തിനുമുള്ള സംവരണത്തെ അട്ടിമറിക്കാനുള്ള ഹീനമായ നീക്കങ്ങള്‍ ഭരണഘടന നിലവില്‍ വന്നതുമുതല്‍ തന്നെ ആരംഭിച്ചതാണ്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായി ശക്തമായ കലാപമാണ് ഉത്തരേന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോഴും ദലിത്-പിന്നോക്ക ന്യൂനപക്ഷ സംവരണത്തെ തുരങ്കംവയ്ക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങള്‍ നടന്നുവരികയാണ്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സംവരണം ഇന്നും ഒരു ബാലികേറാമലയായി അവശേഷിക്കുന്നു. കേന്ദ്രസര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരുകളായാലും സംവരണത്തെ തകര്‍ക്കാനുള്ള നടപടികളാണ് ദിനംപ്രതി സ്വീകരിച്ചുവരുന്നത്.
സംവരണത്തെ അട്ടിമറിക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്ത്യയിലെ കേന്ദ്രസര്‍വകലാശാലകളിലെ പ്രൊഫസര്‍മാരുടെയും അസി. പ്രൊഫസര്‍മാരുടെയും ഒക്കെ നിയമനത്തെ തുരങ്കംവച്ചതിന്റെ റിപ്പോര്‍ട്ടുകള്‍. സര്‍വകലാശാലകളിലെ സംവരണ അട്ടിമറി രാജ്യത്തെ ഒരു തുടര്‍ക്കഥയാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്കക്കാരനും ദലിതനും വേണ്ടായെന്നാണ് സംവരണവിരുദ്ധരുടെ പ്രഖ്യാപിത നിലപാട്. കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍വകലാശാലകളിലെ ഈ സംവരണ അട്ടിമറികള്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ആദിവാസി, ദലിത് പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം വ്യാപകമായി അട്ടിമറിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രംഗത്തുവന്നിരിക്കുന്നു. ഐ.ഐ.എം, കേന്ദ്ര സര്‍വകലാശാലകള്‍, ഇഗ്‌നോ, ഐസര്‍, ഐ.ഐ.എസ്.സി എന്നിവിടങ്ങളില്‍ അധ്യാപക-അനധ്യാപക ഒഴിവുകളില്‍ സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുന്നില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി തന്നെ പ്രസ്താവിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളായ ഐ.ഐ.എം, ഐ.ഐ.ടി എന്നിവിടങ്ങളില്‍ പട്ടികജാതി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള 60 ശതമാനം സ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്. പട്ടികവര്‍ഗത്തിനുള്ളവയില്‍ 80 ശതമാനം തസ്തികയിലും നിയമനം നടത്തിയിട്ടില്ല. ഐ.ഐ.ടികളിലെ അനധ്യാപക നിയമത്തിന്റെ കണക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇരുസ്ഥാപനങ്ങളും നിയമനങ്ങളില്‍ സംവരണം എടുത്തകളയണമെന്ന ആവശ്യം ഉയര്‍ത്തുന്നവയാണ്. കേന്ദ്ര സര്‍വകലാശാലകള്‍ പട്ടികവര്‍ഗത്തിനായി സംവരണം ചെയ്തിട്ടുള്ള 137 പ്രൊഫസര്‍ തസ്തികകളില്‍ ഒന്‍പത് എണ്ണത്തിനുമാത്രമാണ് നിയമനം നടന്നിട്ടുള്ളത്. അതായത് 93 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. 42 കേന്ദ്ര സര്‍വകലാശാലകളിലായുള്ള 1062 പ്രൊഫസര്‍മാരില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രാതിനിധ്യം ഒരു ശതമാനമാണ്. ഒ.ബി.സി വിഭാഗത്തിനായി സംവരണം ചെയ്തതില്‍ നിയമനം നടത്തിയതും അഞ്ചു ശതമാനത്തിനു താഴെ മാത്രമാണ്. കേന്ദ്ര സര്‍വകലാശാലകളില്‍ നിലവില്‍ 6074 ഒഴിവുകളുണ്ട്. ഇതില്‍ 75 ശതമാനവും സംവരണവിഭാഗത്തിലാണെന്നും റിപ്പോര്‍ട്ടുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
നമ്മുടെ രാജ്യത്ത് പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക സംവരണം നിരന്തരം അട്ടിമറിയെ നേരിടുകയാണ്. മോദി സര്‍ക്കാരിന്റെ കീഴില്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ വ്യാപകമാകുകയും ചെയ്യുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളും പിന്നോക്ക-ദലിത് വിഭാഗങ്ങളും ചേര്‍ന്നാല്‍ ജനസംഖ്യയില്‍ 80 ശതമാനത്തോളം വരുമെന്ന വസ്തുത ഈ സംവരണവിരുദ്ധര്‍ ഇപ്പോഴും ബോധപൂര്‍വം വിസ്മരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."