'അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞ്'- എ രാജയുടെ പരാമര്‍ശത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി പളനി സ്വാമി
ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡി.എം.കെ എം.പി എ.രാജനടത്തിയ പരാമര്‍ശത്തില്‍ വിങ്ങിപൊട്ടി മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെയും ഇ.പി.എസിനെയും താരതമ്യം ചെയ്യുന്ന പ്രസ്താവനയാണ് വിവാദമായത്.
നിയമാനുസൃതമായ വിവാഹ ബന്ധത്തില്‍ പിറന്ന പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞെന്ന് സ്റ്റാലിനെ വിളിച്ചപ്പോള്‍ 'അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞ്' എന്നായിരുന്നു ഇ.പി.എസിനെ വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് ഞായറാഴ്ച ചെന്നൈയിലെ തിരുവൊട്രിയൂരില്‍ പ്രചാരണത്തില്‍ പളനി സ്വാമി വികാരഭരിതനായി പ്രതികരിച്ചത്.
'ഞാന്‍ എനിക്കു വേണ്ടി മാത്രമല്ല സംസാരിക്കുന്നത്. ഒരു മുഖ്യമന്ത്രിയുടെ മാതാവിനെ കുറിച്ച് ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ സാധാരണ സ്ത്രീകളെ കുറിച്ച് എങ്ങിനെയായിരിക്കും പ്രതികരിക്കുക'- പളനിസ്വാമി ചോദിച്ചു.
'എന്റെ മാതാവ് ഒരു ഗ്രാമത്തിലാണ് ജനിച്ചത്. അവര്‍ ഒരു കര്‍ഷകസ്ത്രീയായിരുന്നു. രാത്രിയും പകലും ജോലി ചെയ്തു. അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം നടത്തിയ ആ പരാമര്‍ശം എത്രത്തോളം വെറുപ്പ് നിറഞ്ഞതായിരുന്നു. അത്തരം ആളുകള്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ കാര്യമെന്താകുമെന്ന് ചിന്തിച്ചുനോക്കൂ. സ്ത്രീത്വത്തെയും മാതൃത്വത്തെയും കുറിച്ച് ഇത്തരം വൃത്തികെട്ട അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നവരെ പാഠം പഠിപ്പിക്കണം' ഇ.പി.എസ് പറഞ്ഞു. ദരിദ്രരായാലും സമ്പന്നരായാലും അമ്മമാര്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തിന് അര്‍ഹരാണെന്നും ആരെങ്കിലും അവരെക്കുറിച്ച് അസുഖകരമായി സംസാരിച്ചാല്‍ അവരെ ദൈവം ശിക്ഷിക്കുമെന്നും ഇ.പി.എസ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലിസ് രാജക്കെതിരെ കേസെടുത്തിരുന്നു. എ.ഐ.എ.ഡി.എം.കെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എ. രാജയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് എ.ഐ.ഡി.എം.കെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഡി. രാജയുടെ കോലം കത്തിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."