HOME
DETAILS

ജലംകൊണ്ട് മുറിവേൽപ്പിക്കുന്ന ജല അതോറിറ്റി

  
backup
March 21 2022 | 21:03 PM

485623-456230


ഇന്ന് ലോക ജലദിനം. എല്ലാ വർഷവും മാർച്ച് 22 നാണ് ലോകജലദിനമായി ആചരിക്കുന്നത്. ഓരോ തുള്ളി വെള്ളവും എത്രമേൽ ജീവാമൃതമാണെന്ന് ലോക ജനതയെ ബോധ്യപ്പെടുത്താനാണ് 1993ൽ യു.എൻ ഇത്തരമൊരു തീരുമാനമെടുത്തതും ദിനാചരണം നടത്തുന്നതും. എന്നാൽ അതേ മാസം തന്നെ സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് വാട്ടർ അതോറിറ്റി. ഇതിലൂടെ ജനങ്ങളെ കുടിവെള്ളത്താൽ മുറിവേൽപ്പിക്കുകയാണ് അതോറിറ്റി. ഓരോ വർഷം കഴിയുന്തോറും ജലക്ഷാമം കൂടി വരികയാണ്. രാഷ്ട്രങ്ങൾ തമ്മിൽ മൂന്നാം മഹായുദ്ധം നടക്കാൻ പോവുകയാണെങ്കിൽ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന പറച്ചിൽ ഈ നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ കേൾക്കാൻ തുടങ്ങിയതാണ്. കുടിവെള്ളം ഒരു തുള്ളി കിട്ടാത്ത അവസ്ഥയിലേക്ക് ലോകം മാറിയേക്കുമോ എന്ന ഭയാശങ്കകൾ നിലവിലുണ്ട്. അത്രമേൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് ലോകമൊട്ടാകെ കുടിവെള്ള ദൗർലഭ്യവും ജല മലിനീകരണവും.


ജനസംഖ്യ വർധിക്കുകയും ജല സ്രോതസുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും നദികളും കുളങ്ങളും മലിനമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകും. രാസവസ്തുക്കളാലും പ്ലാസ്റ്റിക് മാലിന്യങ്ങളാലും വെള്ളം ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്നു. ഇത്തരമൊരു ഘട്ടത്തിൽ കിണറുകളിൽ നിന്നും അരുവികളിൽ നിന്നും കുടിവെള്ളം സംഭരിച്ചിരുന്നവർക്ക് അത് അന്യമായി തീർന്നിരിക്കുകയാണ്. ഇതിനാലാണ് പലരും കുടിവെള്ളത്തിനായി ജലവിഭവ വകുപ്പിനെ ആശ്രയിക്കാൻ തുടങ്ങിയത്. എന്നാൽ വെള്ളക്കരം വർധിപ്പിച്ചുകൊണ്ട് വെള്ളത്താൽ ജനങ്ങളെ മുറിവേൽപ്പിക്കുകയാണ് സർക്കാർ.


ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന വിധം അഞ്ച് ശതമാനം നിരക്ക് വർധിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവായിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ജൂണിൽ കിട്ടുന്ന ബില്ലിൽ വർധിപ്പിച്ച നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഗാർഹിക, ഗാർഹികേതര വിഭാഗങ്ങളെ ബാധിക്കുന്ന നിരക്ക് വർധന ജനജീവിതത്തെ കൂടുതൽ ദുസ്സഹമാക്കും. ഗാർഹികേതര, വ്യവസായ ജലനിരക്ക് കൂട്ടുമ്പോൾ അതും വിലക്കയറ്റത്തിന്റെ രൂപത്തിൽ ആത്യന്തികമായി സാധാരണക്കാരെയാണ് ബാധിക്കുക. റഷ്യ-ഉക്രൈൻ യുദ്ധത്തെത്തുടർന്ന് ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര മാർക്കറ്റിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ അടുത്ത് തന്നെ ഇന്ത്യയിൽ ഇന്ധന വില കൂടും. അതുവഴി വിലക്കയറ്റം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. എണ്ണക്കമ്പനികൾ ഇതുവരെ വില വർധിപ്പിക്കാതിരുന്നത് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരുന്നതിനാലാണ്. ഇപ്പോൾ തെരഞ്ഞെടുപ്പിന്റെ ആരവം ഒഴിഞ്ഞു പോയിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ഏത് നിമിഷവും ഇന്ധന വിലവർധിപ്പിച്ചേക്കാം. ഈയൊരു സമയത്ത് തന്നെയാണ് സംസ്ഥാന സർക്കാർ വെള്ളക്കരം അഞ്ച് ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 35 ലക്ഷം ഗാർഹിക ഉപയോക്താക്കളാണ് ഉള്ളത്. പ്രതിമാസം ആയിരം ലിറ്റർ വെള്ളം ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് ഇപ്പോഴുള്ള മിനിമം നിരക്ക് 4.20 രൂപയാണ്. ഇത് 4.41 രൂപയാകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിർദേശപ്രകാരമാണ് നിരക്ക് വർധനയെന്നും, 2024 വരെ എല്ലാ ഏപ്രിൽ മാസത്തിലും അഞ്ച് ശതമാനം വർധന ഉണ്ടാകുമെന്നാണ് ജല അതോറിറ്റി പറയുന്നത്. കഴിഞ്ഞ വർഷവും വെള്ളക്കരം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ അൽപം പുറകോട്ടടിച്ചുവെന്ന് മാത്രം. സർക്കാർ വെള്ളക്കരം കൂട്ടാൻ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു അന്ന് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കെ. കൃഷ്ണൻ കുട്ടി പറഞ്ഞത്.


കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതലായിരുന്നു വെള്ളക്കരം കൂട്ടാൻ വാട്ടർ അതോറിറ്റി തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് പറഞ്ഞു സർക്കാർ നിരക്ക് വർധന മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് കഴിഞ്ഞതിന് ശേഷം വെള്ളക്കരം കൂട്ടുകയും ചെയ്തു. 2021 ന് മുമ്പ് 2014ലായിരുന്നു അവസാനമായി വെള്ളക്കരം കൂട്ടിയിരുന്നത്. 2021 മുതൽ വെള്ളക്കരം കൂട്ടിയപ്പോൾ ഇനി എല്ലാ വർഷവും അഞ്ച് ശതമാനം ജലനിരക്ക് കൂട്ടുമെന്ന് പറഞ്ഞിരുന്നു. ജല വിഭവ വകുപ്പിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി ഇത്തരം നിരക്ക് വർധന വേണ്ടി വരുമെന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്. വാട്ടർ അതോറിറ്റി എടുക്കുന്ന കടത്തിന്റെ പേരിൽ സാധാരണ പൗരൻ അതിന്റെ ഭാരം വഹിക്കണമെന്ന് ചുരുക്കം. കെടുകാര്യസ്ഥതയാലും ദുർവ്യയത്താലുമാണ് പല വകുപ്പുകളിലും ചെലവ് വർധിക്കുന്നത്. അല്ലാതെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് വേണ്ടിയല്ല.


2024 വരെ ഓരോ വർഷവും ജലക്കരം അഞ്ചു ശതമാനം വർധിപ്പിക്കുമ്പോൾ കുടിവെള്ളത്തിന് ജല അതോറിറ്റിയെ മാത്രം ആശ്രയിക്കുന്നവർ വെള്ളത്തിന് പൊന്നും വില കൊടുക്കേണ്ട ഒരവസ്ഥയായിരിക്കും സംജാതമാവുക. വാട്ടർ അതോറിറ്റിക്ക് 3749 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് കഴിഞ്ഞ വർഷം മുതൽ കേൾക്കാൻ തുടങ്ങിയതാണ്. ഈ നഷ്ടം നികത്തണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ സഹായം വേണമെന്ന് വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. കടം തരണമെങ്കിൽ വരുമാനം വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുക്കുകയും ചെയ്തു. ജല അതോറിറ്റിക്കുണ്ടായ നഷ്ടം നികത്താനാണത്രെ ഓരോ വർഷവും അഞ്ച് ശതമാനം നിരക്ക് വർധിപ്പിക്കാൻ തീരുമാനമെടുത്തത്. എങ്ങിനെയാണ് ഇത്ര വലിയ തുക നഷ്ടം സംഭവിച്ചതെന്ന് ചുരുങ്ങിയപക്ഷം നിരക്ക് ഭാരം പേറാൻ വിധിക്കപ്പെട്ട ഉപയോക്താക്കളെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം അതോറിറ്റിക്ക് ഉണ്ട്. നഷ്ടത്തിന്റെ കാരണം വ്യക്തമാക്കാതെ അതിന്റെ പാപഭാരം ഈ നഷ്ടത്തിൽ യാതൊരു പങ്കുമില്ലാത്ത സാധാരണക്കാരായ ഉപയോക്താക്കളുടെ ചുമലിൽ കെട്ടിവയ്ക്കുന്നത് നീതിയല്ല. വാട്ടർ അതോറിറ്റി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ അതിന്റെ കാര്യകാരണങ്ങൾ വിശദീകരിച്ച് ധവളപത്രം ഇറക്കുകയാണ് വേണ്ടത്. നഷ്ടം നികത്താൻ മറ്റൊന്നും ആലോചിക്കാതെ എളുപ്പ വഴി എന്ന നിലക്ക് നിരക്ക് വർധിപ്പിക്കുകയല്ല വേണ്ടത്. ജല അതോറിറ്റിയുടെ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന പാവങ്ങളുടെ കുടിവെള്ളം മുടക്കുന്ന നടപടികളിലേക്കാണ് അതോറിറ്റി നിരക്ക് വർധനവിലൂടെ നീങ്ങുന്നത്.


ലോകം ഇന്ന് ജല ദിനം ആചരിക്കുമ്പോൾ സംസ്ഥാനത്തെ ജല സ്രോതസുകൾ മലിനമാകാതെ സൂക്ഷിക്കേണ്ടതിനെക്കുറിച്ചും നദികളും അരുവികളും കുളങ്ങളും മലിനമാക്കാതെ നിലനിർത്തേണ്ടുന്നതിനെക്കുറിച്ചും ജനങ്ങൾക്ക് അവബോധമുണ്ടാക്കാൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ലക്ഷക്കണക്കിന് ഉപയോക്താക്കളായ സാധാരണക്കാരെ ജലം കൊണ്ട് മുറിവേൽപ്പിക്കുകയാണ് അതോറിറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  17 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  23 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  42 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago