മലപ്പുറത്തെ 'ഇരട്ടവോട്ടി'നായി ഇരട്ടിയാവേശം
മലപ്പുറം: സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരേ യു.ഡി.എഫ്... കേന്ദ്രത്തിനും പാതിവഴി എം.പി സ്ഥാനം ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് കളമൊരുക്കിയ മുസ്‌ലിം ലീഗിനുമെതിരേ എല്‍.ഡി.എഫ്... ഇരുമുന്നണികളേയും കടന്നാക്രമിച്ച് ബി.ജെ.പി... നാടൊട്ടുക്കും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുമ്പോള്‍ മലപ്പുറത്തെ പോരാട്ടത്തിന് ഇരട്ടിച്ചൂടാണ്. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പു കൂടി വന്നതോടെയാണ് പ്രചാരണത്തിനും ഇരട്ടിവീര്യമായത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ്പ്രസിഡന്റ് എം.പി അബ്ദുല്‍ സമദ് സമദാനിക്കിത് കന്നിയങ്കമാണെങ്കിലും രണ്ടുതവണ രാജ്യസഭാംഗമായതിന്റെ പരിചയ സമ്പത്തുണ്ട്. ഇതു തന്നെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മേന്മയായി ഉയര്‍ത്തിക്കാട്ടുന്നതും.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെ കടന്നാക്രമിച്ചാണ് സമദാനിയുടെ പ്രചാരണം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് പുറമെ അനാവശ്യമായ തെരഞ്ഞെടുപ്പിന് കളമൊരുക്കിയ മുസ്‌ലിം ലീഗിനെതിരേയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും എസ്.എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റുമായ വി.പി സാനുവിന്റെ പ്രചാരണം. മോദിയുടെ മേന്മവിളിച്ചോതി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി എന്‍.ഡി.എയ്ക്കായും വോട്ടഭ്യര്‍ഥിക്കുന്നു.
വി.പി സാനു ഇത് രണ്ടാം തവണയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ വി.പി സാനുവായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ബി.ജെ.പി സ്ഥാനാര്‍ഥി എ.പി അബ്ദുള്ളക്കുട്ടി സി.പി.എമ്മിലുള്ള സമയത്ത് രണ്ട് തവണ കണ്ണൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് മത്സരമാണിത്. എസ്.ഡി.പി.ഐ ദേശീയസെക്രട്ടറി ഡോ.തസ്‌ലിം റഹ്മാനി ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
റോഡ്‌ഷോ, കണ്‍വന്‍ഷന്‍ തുടങ്ങിയവയുമായി ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ഥികള്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്കാണ് ഇന്നു മുതല്‍ കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."