ശശി തരൂരിനു മുന്നിലെ വഴികളും വഴിമുടക്കികളും
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
ശശി തരൂർ തൻ്റെ കരുത്ത് അളന്നുനോക്കുകയായിരുന്നു. കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ തുടങ്ങി ബിഷപ്പുമാരെ സന്ദർശിച്ചും ചങ്ങനാശേരിയിൽ മന്നം ജയന്തി ദിനത്തിൽ പ്രസംഗിച്ചും കോട്ടയത്ത് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ കത്തോലിക്ക ബാവായുടെ സ്വീകരണം ഏറ്റുവാങ്ങിയും ഏറ്റവുമൊടുവിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, കെ.എൻ.എം അധ്യക്ഷൻ ടി.പി അബ്ദുല്ലക്കോയ മദനി തുടങ്ങിയവരുമായി സംസാരിച്ചും ശശി തരൂർ സ്വന്തം കരുത്ത് മനസിലാക്കി. മറ്റുള്ളവരെ മനസിലാക്കിക്കൊടുക്കുകയും ചെയ്തു.
ജനപ്രിയ നായകനായി ശശി തരൂർ വളർന്നുകഴിഞ്ഞു. ജാതി-മത ഭേദമന്യെ ജനങ്ങൾ അദ്ദേഹത്തെ വരവേൽക്കുന്നു. ശ്രദ്ധയോടെ കേൾക്കുന്നു. സമുദായ നേതാക്കൾ ആദരവോടെ സ്വീകരിക്കുന്നു. തരൂർ തറവാടി നായരാണെന്നാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞത്. വാക്കുകളിലും വിശേഷണങ്ങളിലും സാധാരണ മിതത്വം പാലിക്കുന്ന സമുദായ നേതാവാണ് സുകുമാരൻ നായർ എന്നും ഓർക്കണം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാത്രമാണ് തരൂരിനെ ഒന്നിരുത്താൻ ശ്രമിച്ചത്. തറവാടി നായർ എന്ന് സുകുമാരൻ നായർ വിശേഷിപ്പിച്ചതോടെ തരൂരിന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലായെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.
ജാതി-മത-സമുദായ വേർതിരിവുകൾക്കെല്ലാം അതീതനായ ഒരു രാഷ്ട്രീയക്കാരനെയാണ് കേരള സമൂഹം ശശി തരൂർ എന്ന നേതാവിൽ കണ്ടതെന്നതാണ് വസ്തുത. കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻചാണ്ടി എന്നിങ്ങനെയുള്ള കോൺഗ്രസ് നേതാക്കളുടെ നിരയിലേക്കാണ് അദ്ദേഹം ഉയരുന്നത്. ഇക്കാര്യം ആദ്യം മനസിലാക്കിയത് മുസ്‌ലിം ലീഗ് നേതൃത്വംതന്നെ. തരൂരിന്റെ ആദ്യഘട്ടം പര്യടനത്തിലെ പ്രധാന പരിപാടി മലപ്പുറത്തെ പാണക്കാട് സന്ദർശനമായിരുന്നു. കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങൾക്ക് ആ സന്ദർശനം നൽകിയ സന്ദേശം വളരെ കൃത്യമായിരുന്നു. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും സന്ദർശനത്തിന്റെ രാഷ്ട്രീയ പ്രധാന്യം ഉയർത്തിക്കാട്ടാൻ ശ്രമിച്ചെങ്കിലും ശശി തരൂർ ഒരു വലിയ മുന്നേറ്റം നടത്തുകയായിരുന്നു എന്ന കാര്യം വ്യക്തം.
ശശി തരൂരിന്റെ വ്യക്തമായ ബി.ജെ.പി വിരുദ്ധ നിലപാട് വളരെ ഉറച്ചതാണ്. കാലം തെളിയിച്ചതുമാണ്. അദ്ദേഹത്തിന്റെ എഴുത്തിലും പ്രസംഗത്തിലുമെല്ലാം ഇത് വെളിവായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ശശി തരൂരിനെ മുസ് ലിം-ക്രസ്ത്യൻ സമുദായങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചേ മതിയാവൂ എന്ന ചിന്ത ലീഗ് നേതൃത്വത്തിലും വളരെ ശക്തമാണ്. തുടർച്ചയായ രണ്ടു തോൽവി മുന്നണിയെ വല്ലാതെ ഉലച്ചിരിക്കുന്നു. രാഷ്ട്രീയമായി ലീഗിനും ഇതു വലിയ ക്ഷീണമാണ്. തരൂരിനെ പോലെയൊരു നേതാവിനെ മുന്നിൽ നിർത്തിയാൽ മാത്രമേ വിജയം ഉറപ്പിക്കാനാവൂ എന്ന ചിന്ത ലീഗ് നേതൃത്വത്തിൽ ഒരു വിഭാഗത്തിനുണ്ട്.
മുന്നണി ജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യുമ്പോഴും പ്രശ്‌നമുണ്ട്. സി. അച്യുതമേനോൻ, പി.കെ വാസുദേവൻ നായർ, കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻചാണ്ടി എന്നിങ്ങനെ തലയെടുപ്പുള്ള നേതാക്കളോടൊപ്പമാണ് മുസ്‌ലിം ലീഗ് 1970 മുതൽ കേരള ഭരണം പങ്കിട്ടിട്ടുള്ളത്. കുറച്ചുകാലം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയും മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ഈ ചരിത്ര പശ്ചാത്തലത്തിൽ ശശി തരൂരിനെ പോലൊരു ഉന്നതവ്യക്തി മുന്നണി നേതാവും മുഖ്യമന്ത്രിയുമാവണമെന്നത് ലീഗിലെ പ്രമുഖ നേതാക്കളുടെ സ്വാഭാവികമായ താൽപര്യം. ഇതൊക്കെ തരൂരിന് നൽകുന്നത് വലിയ കരുത്തുതന്നെയാണ്. അതുപോലെ പൊതുസമൂഹം അദ്ദേഹത്തോടു കാട്ടുന്ന സ്‌നേഹവും ആദരവും. കോൺഗ്രസിനുള്ളിൽ തന്നെ ഒരു വലിയ വിഭാഗം പിന്തുണയുമായെത്തുന്നു. പാർട്ടി പ്രാദേശിക ഘടകങ്ങൾ നൽകുന്ന പരിപാടികളിൽ അദ്ദേഹത്തെ കാണാനും കേൾക്കാനും കൂടുന്ന ജനക്കൂട്ടം തന്നെ.
പക്ഷേ, ഇതൊന്നും കോൺഗ്രസ് നേതാക്കൾക്ക് തെല്ലും രുചിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ ഇക്കഴിഞ്ഞ ദിവസം കെ.പി.സി.സി നേതൃയോഗത്തിൽ പറഞ്ഞത് മുഖ്യമന്ത്രിമാരെ തട്ടി വഴിനടക്കാനാവുന്നില്ലെന്നാണ്. മുഖ്യമന്ത്രിയാകാൻ ഒരാൾ സമുദായ നേതാക്കളെ കണ്ടുനടക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് മുഖ്യമന്ത്രിയാവാൻ ആരെങ്കിലും കോട്ട് തയ്പ്പിച്ചുവെച്ചിട്ടുണ്ടെങ്കിൽ അതങ്ങു മാറ്റിവെച്ചേക്കാനാണ്. എല്ലാം ശശി തരൂരിനെ ലക്ഷ്യമാക്കിത്തന്നെ.
കേരള രാഷ്ട്രീയത്തിൽ സമുദായങ്ങൾ പലപ്പോഴും ഇടപെട്ടിട്ടുണ്ട്. ഐക്യ കേരളത്തിലെ പ്രഥമ സർക്കാരായ ഇ.എം.എസ് ഗവൺമെന്റിനെതിരേ കത്തോലിക്കാ സഭയാണ് ആദ്യം സമരം പ്രഖ്യാപിച്ചത്. എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭനും കത്തോലിക്കാ സഭയെ പിന്തുണച്ചതോടെ ആ സമരം കമ്യൂണിസ്റ്റ് സർക്കാരിനെതിരായ വിമോചന സമരമായി വളർന്നു. 1959ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടുകയും ചെയ്തു. 1964ൽ കോൺഗ്രസ് വിട്ട 15 എം.എൽ.എമാർക്ക് പൂർണ പിന്തുണ കൊടുത്തതും മന്നം തന്നെയായിരുന്നു. കോൺഗ്രസ് വിട്ട നേതാക്കൾ ചേർന്ന് കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ ആശിർവാദിച്ചതും പ്രസംഗിച്ചതും മന്നം. കോട്ടയത്തു ചേർന്ന വമ്പിച്ച പൊതുയോഗത്തിൽ പുതിയ പാർട്ടിക്ക് 'കേരളാ കോൺഗ്രസ്' എന്നു നാമകരണം ചെയ്തതും അദ്ദേഹംതന്നെ.
സർക്കാർ കോളജുകളിലെയും സ്വകാര്യ കോളജുകളിലെയും ഫീസുകൾ ഏകീകരിക്കുക, സ്വകാര്യ കോളജധ്യാപകർക്ക് സർക്കാർ നേരിട്ടു ശമ്പളം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസിന്റെ പിന്തുണയോടെ 1972ൽ കെ.എസ്.യുവും യൂത്ത് കോൺഗ്രസും നടത്തിയ വിദ്യാഭ്യാസ സമരം യഥാർഥത്തിൽ കത്തോലിക്കാ സഭയ്‌ക്കെതിരെയായിരുന്നു. സമരക്കാരെ വഴിയിൽ മഴുത്തായകൊണ്ടു നേരിടുമെന്നാണ് തൃശൂർ ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളം പ്രസ്താവിച്ചത്. 'വാളെടുത്തവൻ വാളാലെ' എന്ന ബൈബിൾ വാക്യമായിരുന്നു യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഉമ്മൻചാണ്ടിയുടെ മറുപടി. സഭയ്ക്കും സമുദായത്തിനുമെതിരായി ശക്തമായ നിലപാടെടുത്ത എ.കെ ആന്റണി, കോൺഗ്രസിൽ മാത്രമല്ല, കേരള രാഷ്ട്രീയത്തിൽ തന്നെ പുതിയൊരു വഴിത്തിരിവു സൃഷ്ടിച്ചു.
അറുപതുകളിൽ കെ.എസ്.യുവിനെയും യൂത്ത് കോൺഗ്രസിനെയും കരുപിടിപ്പിച്ച എം.എ ജോൺ സമുദായ നേതാക്കളുടെ തിണ്ണനിരങ്ങാതെ രാഷ്ട്രീയപ്രവർത്തനം നടത്താനാണ് പുതിയ തലമുറയെ പഠിപ്പിച്ചത്. 2011ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ വി.ഡി സതീശന് മന്ത്രിസ്ഥാനം കിട്ടാൻ അർഹതയുണ്ടായിട്ടും സമുദായത്തിന്റെ പിന്തുണ കിട്ടാത്തതിനാൽ സ്ഥാനം കിട്ടിയില്ല. എൻ.എസ്.എസ് ആസ്ഥാനത്തുചെന്ന് സമുദായ നേതാവിനെ കണ്ടാൽ കാര്യം നടക്കുമെന്ന് ഉപദേശം കിട്ടിയിട്ടും സതീശൻ അതിനു തയാറായില്ല. ഇന്നും സതീശന്റേത് അതേ നിലപാടുതന്നെയാണ്. സമുദായ നേതാക്കളുടെ തിണ്ണനിരങ്ങാൻ കോൺഗ്രസുകാർ പോവരുതെന്ന എം.എ ജോണിന്റെ വാക്കുകൾ അനുസരിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരുവൻ.
ശശി തരൂർ ഇപ്പോൾ സമുദായ നേതാക്കളെ കണ്ടു നടക്കുകയാണെന്നൊരു പ്രചാരണം കോൺഗ്രസിൽ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. സമുദായങ്ങളുടെ രാഷ്ട്രീയ നീക്കങ്ങൾക്കും തരംതാണ ജാതി-മത-വർഗീയ ചിന്തകൾക്കും അതീതൻ തന്നെയാണ് ശശി തരൂർ. സുകുമാരൻ നായർ വിശേഷിപ്പിച്ചതുപോലെ വിശ്വപൗരൻ തന്നെ. പക്ഷേ, കോൺഗ്രസിൽ രാഷ്ട്രീയ പിന്തുണ കിട്ടാൻ ഇതു മതിയോ? ഹൈക്കമാൻഡിൽ തരൂരിന് ഒരു പിടിപാടുമില്ല. അവിടെ എല്ലാം കെ.സി വേണുഗോപാലിന്റെ നിയന്ത്രണത്തിലാണ്. വേണുഗോപാലിനാവട്ടെ, ശശി തരൂരിനെ കണ്ടുകൂടതാനും. കേരളത്തിൽ രമേശ് ചെന്നിത്തലയും വി.ഡി സതീശനുമൊക്കെ തരൂരിനോടു മുഖം തിരിച്ചുനിൽക്കുന്നു.
ഇനിയുള്ളത് ഫെബ്രുവരിയിൽ നടക്കുന്ന പ്ലീനറി സമ്മേളനമാണ്. ഈ മാസംകൊണ്ട് അവസാനിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കുശേഷം കോൺഗ്രസിലെ ഏക ശക്തികേന്ദ്രമായാവും രാഹുൽ ഗാന്ധി പ്ലീനറി സമ്മേളനത്തിനെത്തുക. തെരഞ്ഞെടുപ്പിലൂടെയോ നോമിനേഷനിലൂടെയോ കോൺഗ്രസ് പ്രവർത്തക സമിതിയിലെത്തി ചേരാൻ കഴിഞ്ഞാൽ ശശി തരൂരിന് പാർട്ടിക്കുള്ളിൽ ഒരു സ്ഥാനമുറപ്പിക്കാം. അത് ഇപ്പോഴത്തെ നീക്കങ്ങൾക്ക് ആക്കം കൂട്ടും. കെ.സി വേണുഗോപാലും സംഘവും അതിനു സമ്മതിക്കുമോ?
പ്രവർത്തക സമിതിയിലേക്കു കടക്കാൻ കഴിഞ്ഞില്ലെങ്കിൽ ശശി തരൂരിനു പുതിയ വഴികൾ ആലോചിക്കേണ്ടിവരും. അത് ഏതുവരെ? നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി സമയമേറെ. അതുകൊണ്ടുതന്നെ തിരക്കിട്ട് ഒരു പരിപാടി ഉണ്ടാക്കേണ്ടതില്ല. ശ്രദ്ധയോടെയാണ് ശശി തരൂരിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."