എം.എൽ.എസ്.പി സ്റ്റാഫ് നഴ്‌സ് തസ്തിക ; പുതിയ നോട്ടിഫിക്കേഷനിൽ പ്രതിഷേധവുമായി ഉദ്യോഗാർഥികൾ
സ്വന്തം ലേഖകൻ
കൊച്ചി
നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുംമുമ്പ് എം.എൽ.എസ്.പി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് പുതിയ നോട്ടിഫിക്കേഷൻ പുറത്തിറക്കി നാഷണൽ ഹെൽത്ത് മിഷൻ.
ഈ മാസം 10നാണ് 1,506 ഒഴിവുകളിലേക്കായി എൻ.എച്ച്.എം അപേക്ഷ ക്ഷണിച്ചത്. എന്നാൽ, 2021 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റിന് രണ്ടുവർഷത്തെ കാലാവധി ഉണ്ടെന്നിരിക്കേ പുതിയ അപേക്ഷ ക്ഷണിച്ചതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് റാങ്ക് ഹോൾഡേഴ്സ്.
2021 ഫെബ്രുവരിയിൽ പുറത്തുവന്ന റാങ്ക് ലിസ്റ്റിൽ എറണാകുളത്ത് 461 പേരും മലപ്പുറത്ത് 498 പേരും കൊല്ലത്ത് 409 പേരും ഉൾപ്പെട്ടിരുന്നു. ഇതിൽ നിന്ന് ചില ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവിനേക്കൾ കൂടുതൽ നിയമനം നടത്തുകയും ചെയ്തു. എന്നാൽ, ഒരുവർഷത്തിനു ശേഷം 100ലധികം ഒഴിവുകൾ മിക്ക ജില്ലകളിലും ഉണ്ടായിട്ടും നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് നികത്താതെ പുതിയ നോട്ടിഫിക്കേഷൻ ഇറക്കിയത് ഉദ്യോഗാർഥികളോടുള്ള ക്രൂരതയാണെന്ന് റാങ്ക് ഹോൾഡേഴ്സ് പറയുന്നു.
ഇതുസംബന്ധിച്ച് എൻ.എച്ച്.എം ഡയരക്ടറുമായി ബന്ധപ്പെട്ടപ്പോൾ സർക്കാർ ഉത്തരവ് പ്രകാരമാണ് നോട്ടിഫിക്കേഷൻ ഇറക്കിയതെന്നും പരാതിയുണ്ടെങ്കിൽ ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടണമെന്നുമാണ് പറഞ്ഞത്. തുടർന്ന് മന്ത്രിയുടെ ഓഫിസിനെ സമീപിച്ചപ്പോൾ എൻ.എച്ച്.എമ്മിന് കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഇ- മെയിൽ അയച്ചിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ അവിടെനിന്ന് അറിയാനാകുമെന്നുമാണ് പറഞ്ഞത്. എന്നാൽ, അത്തരമൊരു മെയിൽ ലഭിച്ചിട്ടില്ലെന്നാണ് എൻ.എച്ച്.എം ഡയരക്ടർ പറയുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം, പഞ്ചായത്തുതലങ്ങളിലുള്ള ക്ലിനിക്കുകൾ എന്നിവിടങ്ങളിലാണ് എം.എൽ.എസ്.പി തസ്തികയിലേക്ക് താൽക്കാലികമായി നഴ്സുമാരെ നിയമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."