ദേശീയ പണിമുടക്ക് തൊഴിലാളി മുന്നേറ്റത്തിന് ദിശാബോധം നൽകും: ട്രേഡ് യൂനിയൻ
കൊച്ചി
28, 29 തിയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് തൊഴിലാളി മുന്നേറ്റത്തിന് ദിശാബോധം നൽകുമെന്ന് ട്രേഡ് യൂനിയൻ കോഡിനേഷൻ കമ്മിറ്റി. വംശീയ കോർപറേറ്റ് നിലപാടുകൾക്ക് അനുസരിച്ചുള്ള നയങ്ങളും പദ്ധതികളുമാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്നും ഇതിനെതിരേയുള്ള വൻ പ്രതിഷേധമായി പണിമുടക്ക് മാറുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിൻ്റെ ആസ്തികളും പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാരിൻ്റെ കോർപറേറ്റ് പക്ഷ നയങ്ങൾ തിരുത്തുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, സംഘ്പരിവാർ ഫാസിസത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭ പരിപാടികളെ ശക്തിപ്പെടുത്താൻ കമ്മിറ്റി തീരുമാനിച്ചു. പണിമുടക്കിൽ കേരളത്തിലെ തൊഴിലാളി സംഘടനകളുടെ പൊതുവേദിയായ കോഡിനേഷൻ കമ്മിറ്റി പങ്കെടുക്കുമെന്നും ചെയർമാൻ ജ്യോതിവാസ് പറവൂർ പറഞ്ഞു. ദേശീയ പണിമുടക്കിൻ്റെ ഭാഗമായി വെർച്വൽ പ്രക്ഷോഭം, സെമിനാറുകൾ, വിളംബര ജാഥകൾ, ജില്ല തലത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച്, ധർണ തുടങ്ങിയവയും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പി.ജെ. ഷാനവാസ്, എം.എച്ച്. മുഹമ്മദ്, സജിമോൻ മാഞ്ഞാമറ്റം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."