കൊല്ലപ്പെടും ഉറപ്പ്, തിരിച്ചയക്കരുതേ...യാചിച്ച് മ്യാന്‍മറില്‍ നിന്ന് ഓടിപ്പോന്നവര്‍, മുഖം തിരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: കൊല്ലപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മ്യാന്‍മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുംവരെ തിരിച്ചയക്കരുതെന്നു രക്ഷപ്പെട്ടെത്തിയവര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഞങ്ങളെ ഇവിടെനിന്ന് പുറത്താക്കരുതേ... ഞങ്ങളുടെ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടാല്‍ തിരികെവീട്ടില്‍ പോവും. അതുവരെ ഞങ്ങള്‍ ഇവിടെ കഴിയട്ടെ- മിസോറം അതിര്‍ത്തിയിലെ നോണ്ടേസ്‌ക്രിപ്റ്റ് ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ ഒന്‍പത് മാസം പ്രായമായ കുഞ്ഞിനേയും ചുമന്ന് രക്ഷപ്പെട്ടെത്തിയ 22 കാരി നുസേല്‍ പറഞ്ഞു.
ഈ മാസം ആറിനാണ് ഭര്‍ത്താവ് ജോസഫിനൊപ്പം നുസേല്‍ മിസോറാമിലെത്തിയത്. മ്യാന്‍മര്‍ പൊലിസിലെ ഉദ്യോഗസ്ഥനാണ് ജോസഫ്. ജനാധിപത്യത്തിനുവേണ്ടി തെരുവിലിറങ്ങുന്ന സ്വന്തം ജനതക്കുനേരെ വെടിയുതിര്‍ക്കാന്‍ കഴിയാത്തതിനാലാണ് രാജ്യം വിട്ടതെന്ന് ജോസഫ് പറഞ്ഞു. കൈയില്‍കിട്ടിയതും എടുത്താണ് പിഞ്ചുകുഞ്ഞിനെയും വഹിച്ച് നുസേലും ജോസഫും 80 കിലോമീറ്ററോളം ബൈക്കോടിച്ച് ഇന്ത്യയിലെത്തിയത്. ഇവരുടെ ഗ്രാമത്തില്‍നിന്ന് കഴിഞ്ഞദിവസങ്ങളില്‍ മാത്രം ആറു സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍െപ്പടെ 70 ഓളം പേര്‍ മിസോറമിലെത്തിയിട്ടുണ്ട്.
അതേ സമയം മ്യാന്‍മറില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ചതിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ലോക വ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും ഇന്ത്യ മൗനം പാലിക്കുന്നത് ചര്‍ച്ചയാവുന്നു. യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്രസഭക്കും ഒപ്പം വിവിധ രാജ്യങ്ങളും ഇടപെട്ടിട്ടും അയല്‍രാജ്യമായ ഇന്ത്യ മൗനംപാലിക്കുന്നതാണ് ചര്‍ച്ചയാവുന്നത്.
വിഷയത്തില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയമോ, പ്രധാനമന്ത്രിയുടെ ഓഫിസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂട്ടക്കൊലക്കിടെ അത്യാഡംബരപൂര്‍വമായ മ്യാന്‍മറിന്റെ സായുധസേനാ ദിനത്തില്‍ ഇന്ത്യ പങ്കെടുത്തതും വിവാദമായിട്ടുണ്ട്.
ജനാധിപത്യ നേതാവ് ആങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ചതോടെയാണ് മ്യാന്‍മറില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭകരെ കൊടുംക്രൂരമായാണ് സൈന്യം നേരിട്ടത്. സൈന്യത്തിന്റെ ക്രൂരതയെ അപലപിച്ച് ജപ്പാന്‍, ദക്ഷിണകൊറിയ, ബ്രിട്ടന്‍, അമേരിക്ക, ആസ്ത്രേലിയ, കാനഡ, ഡെന്മാര്‍ക്ക്, ജര്‍മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. കൂടാതെ അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവ മ്യാന്‍മാറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അവിടെ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ പൊലിസ് ഉദ്യോഗസ്ഥരും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പുറത്താക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതോടെ മ്യാന്‍മര്‍ പൗരന്മാര്‍ ആശങ്കയിലാണ്. മ്യാന്‍മറില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റം തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം അയല്‍രാജ്യവുമായി അതിര്‍ത്തിപങ്കിടുന്ന അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മ്യാന്‍മറുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന 1,643 കിലോമീറ്ററില്‍ 510 ഉം മിസോറാമിലാണ്.
അതിര്‍ത്തിയിലെ 16 കിലോമീറ്റര്‍ ചുറ്റളവിലുള്ള താമസക്കാര്‍ക്ക് രണ്ടാഴ്ചയോളം മറ്റു രാജ്യത്ത് താമസിക്കാനും യാത്രചെയ്യാനും കഴിയും.
പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ മാസം അതിര്‍ത്തികള്‍ അടച്ചു. പട്ടാളത്തിന്റെ കൈകളില്‍നിന്ന് രക്ഷപ്പെട്ട് ചോരയൊലിക്കുന്ന ശരീരവുമായി അടുത്തിടെ ഇന്ത്യയിലെത്തിയ പൊലിസ് ഉദ്യോഗസ്ഥരെ തിരിച്ചയക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും മിസോറം മുഖ്യമന്ത്രി സൊറാംതംഗ അവരെ സംസ്ഥാനത്ത് തന്നെ തങ്ങാന്‍ അനുവദിക്കുകയായിരുന്നു. മ്യാന്‍മറില്‍ നിന്നെത്തുന്നവരോട് കാരുണ്യം കാണിക്കാതിരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുകയുംചെയ്തു. അവരെ അഭയാര്‍ഥികള്‍ എന്ന് വിളിക്കണോ, വേണ്ടയോ എന്ന് കേന്ദ്രത്തിന് തീരുമാനിക്കാം. പക്ഷേ അവര്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. ഭക്ഷണം ഉള്‍പ്പെടെ അവര്‍ക്ക് വേണ്ടത് ഞങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."