ഐ.എസ്.ആര്‍.ഒയില്‍ ശാസ്ത്രജ്ഞയായി ബസ് ഡ്രൈവറുടെ മകളായ മധ്യപ്രദേശുകാരി സന അലി
പേര് സന അലി. പിതാവ് ബസ് ഡ്രൈവറായ സഈദ് സാജിദ് അലി. മാതാവ് വീട്ടമ്മ. തൊഴില്‍- ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞ. തന്റെ ബയോഡാറ്റയില്‍ ഇതെഴുതി ചേര്‍ക്കാന്‍ ജീവിതത്തില്‍ കടമ്പകളേറെ താണ്ടിയിട്ടുണ്ട് സന അലി എന്ന മധ്യപ്രദേശുകാരി പെണ്‍കുട്ടി. അവളുടെ കിനാക്കളിലേക്ക് പറന്നുയരാന്‍ ആ കുഞ്ഞു ചിറകുകള്‍ക്ക് കരുത്താവാന്‍ അവള്‍ക്കായി ആകാശമൊരുക്കാന്‍ അതിലേറെ പ്രതിസന്ധികളുടെ വഴിത്താരകള്‍ താണ്ടിയിട്ടുണ്ട് വെറുമൊരു ഡ്രൈവര്‍ പണിക്കാരനായ അവളുടെ ഉപ്പ. എല്ലാ അതികഠിന യാത്രകള്‍ക്കുമൊടുവില്‍ ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുകയാണ് സനയെ.
[caption id="attachment_1206411" align="aligncenter" width="540"]സനയുടെ രക്ഷിതാക്കള്‍[/caption]
മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സനയുടെ ജനനം. ആരും കൊതിക്കുന്ന ഈ നേട്ടം അവളുടെ കിനാവായിരുന്നു. അതിലേക്കവള്‍ നടത്തിയ യാത്ര അതികഠിനമായിരുന്നു. എന്നാല്‍ ഇത് സാക്ഷാത്ക്കരിക്കുമെന്നൊരു ആത്മവിശ്വാസം അവള്‍ക്കെന്നുമുണ്ടായിരുന്നു. ഈ ഒരു നേട്ടത്തിലേക്കുള്ള അവളുടെ കഠിനാധ്വാനം വാക്കുകള്‍ക്കതീതമാണ്.
വിദിഷയിലെ സാമ്രാട്ട് അശോക് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സന ബി.ടെക്കും എം.ടെക്കും പൂര്‍ത്തിയാക്കുന്നത്. പിതാവിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ മൂലം വളെ പ്രയാസപ്പെട്ടാണ് അവര്‍ തന്റെ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. തന്റെ പഠന ചെലവുകള്‍ക്കായി ഉമ്മയുടെ കയ്യിലെ ഇത്തിപ്പൊന്നു പോലും പണയം വെച്ചു-സന ഓര്‍ത്തെടുക്കുന്നു. തനിക്കായി ഉപ്പ ലോണെടുത്തു. ഓവര്‍ ടൈം ജോലി ചെയ്തു. അവള്‍ ഓര്‍ക്കുന്നു. ബന്ധുക്കളും അയല്‍ക്കാരുമെല്ലാം എതിരായിരുന്നു ഉപ്പയുടെ തീരുമാനങ്ങള്‍ക്ക്. മകളെ വിവാഹം കഴിപ്പിച്ചയക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്താറുണ്ടായിരുന്നു അവര്‍. എന്നാല്‍ ഉപ്പ അതൊന്നും ചെവികൊണ്ടില്ല. മകളുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി ഓടിക്കൊണ്ടേയിരുന്നു ആ മനുഷ്യന്‍.
തനിക്കു ചുറ്റുമുള്ളവരോടും പറയാനുണ്ട് അവള്‍ക്ക് ചിലത്.
'എന്തുവിലകൊടുത്തും വിദ്യാഭ്യാസം നേടുക. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം നേടാന്‍ എല്ലാ ശ്രമങ്ങളും നടത്തുക. നിങ്ങളുടെ വഴിയില്‍ വരുന്ന എല്ലാ പരാജയങ്ങളും മാറ്റിവെച്ച് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. എല്ലാ സ്ത്രീകളോടും എനിക്കിതാണ് പറയാനുള്ളത്' സന പറയുന്നു. നിങ്ങളുടെ വഴിയില്‍ വരുന്ന എല്ലാ പരാജയങ്ങളേയും തകര്‍ക്കാന്‍ കഠിനാധ്വാനം ചെയ്തു കൊണ്ടേയിരിക്കുക.
ഗ്വാളിയോറുകാരനായ അക്രം ആണ് സനയുടെ ഭര്‍ത്താവ്. 2022ലായിരുന്നു വിവാഹം. ഭര്‍ത്താവും കുടംബാംഗങ്ങളും തനിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് സന പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."