ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചൈനീസ് ജനസംഖ്യ കുത്തനെ ഇടിഞ്ഞു
ബെയ്ജിങ്: ചൈനയിലെ ജനസംഖ്യ 1960കള്‍ക്ക് ശേഷം ആദ്യമായി ഗണ്യമായി കുറഞ്ഞു. കൂടുതല്‍ കുട്ടികളുണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പരിശ്രമിച്ചിട്ടും ഗുരുതരമായ ജനസംഖ്യാപരമായ പ്രതിസന്ധി നേരിടുകയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന. മുന്‍ നേതാവ് മാവോ സെതുങിന്റെ കീഴിലുള്ള മഹാക്ഷാമത്തിന്റെ അവസാന വര്‍ഷമായ 1961ന് ശേഷം ആദ്യമായാണ് ജനസംഖ്യയില്‍ ഇത്രയും കുറവുണ്ടാകുന്നത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 അവസാനത്തോടെ ചൈനയില്‍ 1.41 ബില്യണ്‍ ആണ് ജനസംഖ്യ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.5 ലക്ഷം പേരുടെ കുറവ്. 2022ല്‍ ഏകദേശം 9.56 ദശലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചത്. 2021ല്‍ ഇത് 10.62 ദശലക്ഷമായിരുന്നു. 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 10.41 ദശലക്ഷം ആളുകള്‍ മരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി 10 ദശലക്ഷത്തില്‍ നിന്ന് നേരിയ വര്‍ധനവ്. കഴിഞ്ഞ മാസം മുതല്‍ ചൈനയില്‍ കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രാജ്യത്തുടനീളം രോഗവ്യാപനമുള്ളതിനാല് ഈ വര്‍ഷം കൂടുതല്‍ കോവിഡ് മരണങ്ങള്‍ക്ക് സാധ്യതയുണ്ട്. ജനനനിരക്ക് കുറയുക കൂടി ചെയ്യുന്നതിനാല്‍ 2023ല്‍ ജനസംഖ്യ വീണ്ടും കുറഞ്ഞേക്കും. 1978നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. വൈകാതെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."