ജോസ് കയറിയ ഇടതും ലൗ ജിഹാദും
ഇടതുമുന്നണിക്ക് ഇതുവരെ ചില മതേതര സ്വഭാവമുണ്ടെന്ന് അവര്‍ തന്നെ അവകാശപ്പെട്ടിരുന്നു. സംസ്ഥാനത്തെ ജനങ്ങളില്‍ കുറെയേറെ പേരെങ്കിലും അതു വിശ്വസിക്കുകയും മുന്നണിയോട് സമാനമായ പല വിഷയത്തിലും രാഷ്ട്രീയം മാറ്റിവച്ചു സഹകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ പലപ്പോഴും എല്‍.ഡി.എഫ് കൊയ്തിട്ടുമുണ്ട്. ഇപ്പോഴും പുറത്തുവരുന്ന പല സര്‍വേകളിലും ന്യൂനപക്ഷ താല്‍പര്യ സംരക്ഷകരായി കൂടുതല്‍ പേര്‍ വിലയിരുത്തിയതും എല്‍.ഡി.എഫിനെയാണ്. എന്നാല്‍ ജോസ് കെ. മാണി കയറിയ ഇടതുപക്ഷത്തിന് നഷ്ടമാവുകയാണോ ഈ മതേതര മുഖം. ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സംസ്ഥാനത്തെ ഉന്നത നീതിപീഠം തന്നെ വ്യക്തമാക്കിയതാണ്. കോടതി ഇക്കാര്യം പറയുന്നതിന് മുന്‍പുതന്നെ പുരോഗമന ആശയങ്ങളുടെ വക്താക്കളെന്ന് വാദിക്കുന്ന സംസ്ഥാന സര്‍ക്കാരിനും നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിനും ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ലൗ ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഏറെ നാളുകള്‍ക്ക് ശേഷം 'ലൗ ജിഹാദ്' എന്ന വാക്ക് കണ്ടത് കഴിഞ്ഞ ദിവസം എന്‍.ഡി.എ പുറത്തിറക്കിയ അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ്. വര്‍ഗീയത ആളിക്കത്തിച്ച് ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വോട്ടുവിഹിതം കൂട്ടാന്‍ ശ്രമിക്കുന്ന എന്‍.ഡി.എ മുന്നണിയുടെ പ്രകടനപത്രികയില്‍ ഇത് ഇടംപിടിച്ചതില്‍ മതേതര വിശ്വാസികളില്‍ അത്ര വലിയ ആശങ്കയൊന്നുമുണ്ടാക്കില്ല. കാരണം അവരില്‍നിന്ന് ഇതിലപ്പുറവും മലയാളികള്‍ പ്രതീക്ഷിക്കുന്നതാണ്. എന്നാല്‍ എന്‍.ഡി.എയുടെ പ്രകടനപത്രികയല്ല ഇപ്പോള്‍ വീണ്ടും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്. ഇടതുപക്ഷ ചേരിയിലുള്ള ജോസ് കെ. മാണിയെന്ന പ്രമുഖ നേതാവിന്റെ ലൗ ജിഹാദിനോടുള്ള നിലപാടുമായി ബന്ധപ്പെടുത്തിയാണ് പിണറായി നയം വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെയാണ് വിഷയത്തിന്റെ ഗൗരവവും.
ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ള സംശയം ദൂരീകരിക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് എം. ചെയര്‍മാനും പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ജോസ് കെ. മാണി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഹൈക്കോടതിയും ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയപ്പോള്‍ ഇനി ഏതു മാര്‍ഗത്തിലൂടെ ചിലര്‍ക്കുള്ള സംശയം ദൂരീകരിക്കണമെന്നു കൂടി ജോസിന് വ്യക്തമാക്കാമായിരുന്നു. ഇതിനെക്കുറിച്ച് ജോസിനോടു തന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രിയും മതമൗലികവാദികള്‍ക്കു മാത്രമേ ഇത്തരത്തില്‍ പറയാന്‍ കഴിയൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞൊഴിയുമ്പോഴും ലൗ ജിഹാദിനു പിന്നില്‍ ജോസിലൂടെ ഇടതുപക്ഷം ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമാകുന്നില്ല. മുന്‍പ് പറഞ്ഞ നിലപാട് തിരുത്തി ഇടതുമുന്നണിയുടെ അഭിപ്രായമാണ് തന്റേതെന്ന് ജോസ് മലക്കം മറിഞ്ഞെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് കെ.സി.ബി.സി പോലുള്ള ക്രൈസ്തവ സംഘടനകള്‍ രംഗത്തുവന്നതിലൂടെ വ്യക്തമാകുന്നത് വിവാദം ഇടതു മുന്നണിയുടെയും സഭയുടെയും ഹിഡന്‍ അജന്‍ഡയ്‌ക്കൊത്തു നീങ്ങുന്നുവെന്നു തന്നെയാണ്. മഴ തോര്‍ന്നാലും മരം പെയ്യുന്നതുപോലെ ഈ തെരഞ്ഞെടുപ്പു കാലത്തും ക്രൈസ്തവ സമൂഹത്തില്‍ അസ്വസ്ഥതയുടെ വിത്തുപാകാനും ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ഈ പ്രസ്താവനകള്‍ തന്നെ ധാരാളമാണ്.
പതിറ്റാണ്ടുകളായി യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന കത്തോലിക്ക സമൂഹത്തിന്റെ വോട്ട് ജോസിലൂടെ ഇടതു ചിഹ്നത്തില്‍ പതിയണമെങ്കില്‍ 'ലൗ ജിഹാദും' 'ലൗ റബറും' വൈരുധ്യാത്മകമായി അവസരത്തിനൊത്ത് ഉപയോഗിക്കണമെന്ന് സി.പി.എമ്മിനറിയാം. പ്രകടനപത്രികയിലൂടെ റബര്‍ വില ഉയര്‍ത്താനും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പരസ്യ നിലപാട് സ്വീകരിക്കുമ്പോള്‍ പൂര്‍ണമായും തൃപ്തരാകാത്ത കത്തോലിക്കാ വിഭാഗത്തിനുള്ള ഒളിഞ്ഞിരിക്കുന്ന ഉറപ്പാണ് വൈകാരിക വിഷയങ്ങളില്‍ ജോസ് കെ. മാണിയിലൂടെയൊക്കെ പുറത്തുവരുന്ന ഇത്തരം ഓര്‍മപ്പെടുത്തലുകള്‍.
ജോസ് ഇടതുപക്ഷത്ത് എത്തിയ സാഹചര്യത്തിലെങ്കിലും ലൗ ജിഹാദ് വിഷയത്തില്‍ കോടതികളും കേന്ദ്ര സര്‍ക്കാരും മുന്നണിയും സ്വീകരിച്ച നിലപാടും വസ്തുതകളും മനസിലാക്കണമായിരുന്നു. മതം മാറിയുള്ള പ്രണയ വിവാഹങ്ങളുടെ കണക്കെടുത്താല്‍ കേരളം പോലുള്ള ഒരു പരിഷ്‌കൃത സമൂഹത്തില്‍ വളരെ കൂടുതലാകും എണ്ണം. ഈ കണക്കൊക്കെ ഏതെങ്കിലും സമുദായ നേതൃത്വം ശേഖരിച്ച് ലൗ ജിഹാദിന്റെ പട്ടികയില്‍പ്പെടുത്തി അവതരിപ്പിക്കുമ്പോള്‍ അത് വര്‍ഗീയ ചേരിതിരിവിന് മാത്രമേ ഉപകരിക്കൂ. ഇനി ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കുകയാണെങ്കില്‍ അത് വികൃതമാക്കുന്ന ഇടതുപക്ഷ മുഖത്തെക്കുറിച്ചെങ്കിലും ഇത്തരം പുത്തന്‍കൂറ്റുകാരെ മുന്നണിയിലെ മറ്റു കക്ഷി നേതാക്കളെങ്കിലും ബോധ്യപ്പെടുത്തേണ്ടതായിരുന്നു.
യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗാണെന്നും അവിടെ നിന്നാല്‍ ക്രൈസ്തവര്‍ക്ക് ഗുണം കിട്ടില്ലെന്നുമുള്ള ബോധപൂര്‍വമായ പ്രചാരണം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ നടന്നിരുന്നു. സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ കൂടി ഈ വാദം പരസ്യമായി പറഞ്ഞതോടെ ക്രൈസ്തവ സമൂഹത്തിലുണ്ടായ ആശങ്കയും ജോസ് പക്ഷം എല്‍.ഡി.എഫിലെത്തിയതും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകാന്‍ ഇടയാക്കിയെന്നത് വസ്തുതയാണ്. മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുമ്പോള്‍ വര്‍ഷങ്ങളായി ചില ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കുള്ള പിന്തുണ ഇടതു നേതാക്കളില്‍ നിന്നു തന്നെയുണ്ടാകുമ്പോഴാണ് ഇതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്. ഇത് സംസ്ഥാനത്തിന്റെ മതേതര മനസിന് എത്രമേല്‍ പൊള്ളലേല്‍ക്കുമെന്ന് തുടര്‍ഭരണ മോഹത്തില്‍ നേതാക്കള്‍ മറന്നുപോകുന്നതാണ് ഏറെ ദുഃഖകരം.
കുറച്ചുനാള്‍ മുന്‍പുവരെ ജോസ് കെ. മാണിയും രാജ്യസഭയിലായിരുന്നുവെങ്കിലും ഒരു എം.പിയായിരുന്നു. ലൗ ജിഹാദ് വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായ ബെന്നി ബഹനാന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഭയില്‍ വച്ച മറുപടിയുണ്ട്. കേരളത്തില്‍ ഇന്നേവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ആ മറുപടി. സിറോ മലബാര്‍ സഭയുടെ ആക്ഷേപത്തിന്റെയടിസ്ഥാനത്തിലായിരുന്നു ഈ ചോദ്യവും മറുപടിയും. ഇതൊന്നും അറിയാത്തയാളല്ല ജോസ് കെ. മാണി. കോടതിയോ ഭരണകൂടമോ അടിവരയിട്ടു പറഞ്ഞാലും ചില സമുദായ നേതാക്കള്‍ക്ക് ഈ വിഷയത്തെ ഉപേക്ഷിക്കാനുമാവില്ല. പക്ഷേ, സിറോ മലബാര്‍ സഭയില്‍നിന്നു ഇടയ്ക്കിടെ ഉയരുന്ന ഈ വാദത്തിന് ഇടതുമുന്നണി നേതാവായ ജോസ് കെ. മാണിയും ചുക്കാന്‍ പിടിക്കുന്നത് ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടു തന്നെയാണെങ്കിലും അത് ഇടതുപക്ഷം നല്‍കുന്ന 'ഉറപ്പി'നാണ് ചേരാതെ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."