മ്യാന്മറിലൊഴുകുന്നത് നിരായുധരുടെ ചോര
മ്യാന്മറില്‍ ഫെബ്രുവരി ഒന്നിന് ഓങ് സാങ് സൂചിയുടെ ഭരണം അട്ടിമറിച്ച് പട്ടാളം ഭരണം കൈയേറിയതുമുതല്‍ ആ രാജ്യത്തൊഴുകുന്നത് നിരായുധരും നിസഹായരുമായ ജനതയുടെ ചോരയാണ്. നാല് പതിറ്റാണ്ട് നീണ്ട സൈനിക ഭരണത്തിന് അന്ത്യം കുറിച്ചാണ് മ്യാന്മര്‍ ജനാധിപത്യത്തിലേക്ക് കാലെടുത്തുവച്ചത്. പട്ടാളം ഭരണം കൈയേറിയതിനുശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു കഴിഞ്ഞ ശനിയാഴ്ച നടന്നത്. അന്നുമാത്രം 114 പേരെയാണ് കൊന്നൊടുക്കിയത്. നിരായുധരായി, ജനാധിപത്യം പുലരാന്‍ തെരുവില്‍ ശബ്ദിക്കുന്ന മനുഷ്യരെയാണ് പട്ടാളം കൊന്നൊടുക്കുന്നത്. ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ കണ്ടാലുടന്‍ വെടിവയ്ക്കാനാണ് പട്ടാള മേധാവി മിന്‍ ഓങ് ലെയ്ങ്ങിന്റെ ഉത്തരവ്. അധികാരത്തിന്റെ ലഹരി തലയ്ക്കുപിടിച്ച ലെയ്ങ് പട്ടാള മേധാവി പദവിയില്‍നിന്ന് പിരിയുവാന്‍ മാസങ്ങള്‍ ശേഷിക്കെയാണ് അട്ടിമറിയിലൂടെയുള്ള ഭരണകൈയേറ്റം.
റോഹിംഗ്യന്‍ കൂട്ടക്കൊലയ്ക്കു പിന്നിലെ സൂത്രധാരനായിരുന്നു ലെയ്ങ്. സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയംഗങ്ങളെ കൂട്ടത്തോടെയാണ് ലെയ്ങ് കസ്റ്റഡിയിലെടുത്തത്. പട്ടാളം അട്ടിമറി നടത്തുമ്പോള്‍ ഇതല്ലാതെ വേറെ വഴിയില്ല പട്ടാളത്തിനു മുന്‍പില്‍ എന്നായിരുന്നു ലെയ്ങ്ങിന്റെ വാദം. സൂചി കൃത്രിമം കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നായിരുന്നു ലെയ്ങ്ങിന്റെ മുഖ്യ ആരോപണം. സൂചിയായിരുന്നു പുറമേയ്ക്ക് ഭരണാധികാരിയെങ്കിലും ലെയ്ങ്ങിന്റെ ഉരുക്ക് മുഷ്ടിയിലായിരുന്നു മ്യാന്മര്‍. കാലാവധി തീരുന്ന മുറയ്ക്ക് താന്‍ വെറുമൊരു മുന്‍ സൈനികോദ്യോഗസ്ഥനായി മാറുമെന്ന ചിന്തയാണ് ലെയ്ങ്ങിനെ അട്ടിമറിക്ക് പ്രേരിപ്പിച്ചത്.
പണ്ടു മുതല്‍ക്കേ പട്ടാളത്തിന്റെ കരങ്ങളായിരുന്നു മ്യാന്മറിനെ നിയന്ത്രിച്ചിരുന്നത്. പട്ടാള ഭരണത്തിന്റെ ക്രൂരതയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് സൂചി അന്താരാഷ്ട്രശ്രദ്ധ നേടുന്നത്. അവരുടെ സമാധാനപരമായ സമരം വര്‍ഷങ്ങളോളം നീണ്ടു. സമാധാനത്തിന്റെ വഴിയിലൂടെ ജനാധിപത്യ ഭരണത്തിനുവേണ്ടി നടത്തിയ പോരാട്ടത്തെ തുടര്‍ന്നാണ് അവര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ പ്രൈസ് ലഭിച്ചത്. ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ 1989 ജൂലായ് 20 മുതല്‍ വിവിധ കാലയളവുകളില്‍ 15 വര്‍ഷം അവര്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി അധികാരത്തില്‍ വന്നെങ്കിലും പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു മ്യാന്മര്‍. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ പട്ടാളം കൂട്ടക്കുരുതി നടത്തിയപ്പോള്‍ സമാധാനത്തിന്റെ ദൂതികയായി അതുവരെ അറിയപ്പെട്ട സൂചി മൗനം പാലിക്കുന്നതു കണ്ട് ലോകം അത്ഭുതപ്പെട്ടു. പട്ടാള നടപടിയെ ന്യായീകരിക്കുന്ന നിശബ്ദതയാണ് അവര്‍ പാലിച്ചത്. സൂചിയില്‍ നിന്ന് നൊബേല്‍ പ്രൈസ് തിരിച്ചുവാങ്ങണമെന്ന് അന്താരാഷ്ട്രതലത്തില്‍ മനുഷ്യാവകാശ സംഘടനകളടക്കം പല പ്രമുഖ വ്യക്തികളും ആവശ്യപ്പെട്ടു. ഭരണത്തിലെത്തിയിട്ടും ജനകീയ പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെട്ടില്ല. സഹപ്രവര്‍ത്തകരെ ജയിലില്‍ നിന്ന് മോചിപ്പിക്കാനും ശ്രമിച്ചില്ല. അതിനാല്‍ത്തന്നെ പട്ടാള മേധാവി മിന്‍ ഓങ് ലെയ്ങ് സൂചിയെ തടവിലാക്കി ഭരണം കൈയേറിയപ്പോള്‍ സൂചിയെ മോചിപ്പിക്കുന്നതിനുവേണ്ടി രാഷ്ട്രാന്തരീയതലത്തില്‍ വലിയ ആവശ്യങ്ങളൊന്നും ഉയര്‍ന്നതുമില്ല. പട്ടാള അട്ടിമറിയെ ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചെങ്കിലും സൂചിയുടെ മോചനത്തിനുവേണ്ടി കാര്യമായ ശബ്ദമൊന്നും എവിടെനിന്നും ഉയരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പട്ടാളം നടത്തുന്ന മനുഷ്യക്കുരുതിക്കെതിരേ, 12 പ്രമുഖ രാജ്യങ്ങളിലെ പട്ടാളമേധാവികള്‍ രംഗത്തെത്തുകയും ചെയ്തു. പല രാജ്യങ്ങളും മ്യാന്മറിനെതിരേ ഉപരോധവും ഏര്‍പ്പെടുത്തി.
ഒരു വര്‍ഷത്തേയ്ക്ക് എന്നുപറഞ്ഞാണ് പട്ടാളമേധാവി ലെയ്ങ് അധികാരം പിടിച്ചെടുത്തതെങ്കിലും, അങ്ങനെയൊരു സാധ്യത അകലെയാണ്. ഒന്നല്ല, വര്‍ഷങ്ങള്‍ കഴിഞ്ഞാലും ലെയ്ങ് അധികാരത്തില്‍ തുടര്‍ന്നേക്കാം. സൈന്യത്തിനകത്ത് എന്താണ് നടക്കുന്നതെന്ന് ഭരണകര്‍ത്താക്കള്‍ക്കുതന്നെ അറിയാന്‍ കഴിയാത്ത, നിഗൂഢതകള്‍ നിറഞ്ഞതാണ് മ്യാന്മറിലെ പട്ടാള നേതൃത്വത്തിന്റെ പ്രവര്‍ത്തനം. അതിനാല്‍ത്തന്നെ ഒരു വര്‍ഷം കഴിഞ്ഞാല്‍ പട്ടാളഭരണം അവസാനിക്കണമെന്നില്ല. വരുന്ന ജൂലൈയില്‍ 65 തികയുന്ന ലെയ്ങ് മ്യാന്‍മറിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല. സൂചി ഭരിക്കുമ്പോഴും തീരുമാനം എടുക്കാനുള്ള അധികാരം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് പട്ടാള മേധാവിയായിരുന്നു. സൂചിയെ അധികാരത്തില്‍നിന്ന് അകറ്റി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നല്‍കുന്ന രീതിയിലാണ് നിലവില്‍ മ്യാന്മറിലെ ഭരണഘടന. ചുരുക്കത്തില്‍ മ്യാന്മറിന്റെ ഭരണം പട്ടാള മേധാവി ലെയ്ങ്ങിന്റെ കരങ്ങളിലായിരുന്നു. പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റുകളില്‍ നിയമനം നടത്താനുള്ള അധികാരം ഈ സൈനിക മേധാവിക്കാണ്. നവംബറിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സൂചിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സമ്മേളിക്കാനിരിക്കെയാണ് പട്ടാളം അട്ടിമറി നടത്തിയത്.
മ്യാന്മര്‍ അനിശ്ചിതമായ ഒരു ഭാവിയെയാണിപ്പോള്‍ അഭിമുഖീകരിക്കുന്നത്. സമാധാനപരമായി സമരം നടത്തുന്ന, ജനാധിപത്യ ഭരണ പുനഃസ്ഥാപനത്തിനുവേണ്ടി തെരുവില്‍ പ്രതിഷേധിക്കുന്ന സാധാരണക്കാരായ മനുഷ്യരെ വെടിവച്ചു കൊല്ലുകയും വീടിനുള്ളില്‍നിന്ന് പുറത്തിറങ്ങുന്നവരെ വെടിവച്ചു അഗ്നികുണ്ഡത്തിലെറിഞ്ഞ് രസിക്കുകയുമാണ് പട്ടാളം. മ്യാന്മര്‍ സൈനിക ദിനമായ കഴിഞ്ഞ ശനിയാഴ്ച പട്ടാളം നടത്തിയ നരനായാട്ടില്‍ 13 കാരി ഉള്‍പ്പെടെ ആറു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഒരു കുട്ടിയുടെ കണ്ണിനാണ് വെടിയേറ്റത്. ഈ മനുഷ്യക്കുരുതിയെ പട്ടാളം പാട്ടുപാടിയും നൃത്തം ചെയ്തുമാണ് ആഘോഷിച്ചത്. കഴിഞ്ഞ ഞായറാഴ്ച വരെ 440 പേരെയാണ് പട്ടാളം വെടിവച്ചു കൊന്നത്. ഇന്നേയ്ക്ക് കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടാകണം. വീട്ടില്‍ കയറി പട്ടാളം പിഞ്ചു പൈതങ്ങളെപ്പോലും വെടിവച്ചു കൊല്ലുകയാണ്. യാതൊരുവിധ പരിധികളോ തത്വങ്ങളോ പാലിക്കാതെയാണ് പട്ടാളം നിരായുധരായ മനുഷ്യരെ കൊന്നൊടുക്കുന്നത്. യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ആയുധങ്ങളാണ് പട്ടാളം സാധാരണക്കാര്‍ക്കുനേരേ പ്രയോഗിക്കുന്നത്.
പട്ടാളം ദിനംതോറും തെരുവുകളില്‍ പ്രതിഷേധിക്കുന്നവരുടെ ചോര ഒഴുക്കുമ്പോഴും സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ് മ്യാന്മര്‍ യുവത. പട്ടാളത്തിന്റെ സ്വേഛാധിപത്യ ഭരണം അവസാനിക്കുന്നതുവരെ സമരം തുടരുമെന്ന് ഉറച്ച സ്വരത്തില്‍ അവര്‍ പറയുന്നു. ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം എത്ര കാലം ചോരയില്‍ മുക്കിക്കൊല്ലാന്‍ മ്യാന്മര്‍ സൈനിക നേതൃത്വത്തിനു കഴിയും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."