വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി: ഉറ്റുനോക്കി കേരള രാഷ്ട്രീയം സ്വന്തം ലേഖകന്‍
കൊല്ലം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സ് പ്രതിയാക്കിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി എത്തുമോ എന്ന കാര്യത്തില്‍ ആശങ്ക.
ഇന്നു പുനലൂരില്‍ നടക്കുന്ന എസ്.എന്‍ കോളജിന്റെ അന്‍പതാം വാര്‍ഷിക സമ്മേളനമാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഉന്നത ഉദ്യോഗസ്ഥരും ഉറ്റുനോക്കുന്നത്. നിശ്ചയിച്ച പ്രകാരം ഇന്നു കൊല്ലം ജില്ലയില്‍ നാലു പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. എസ്.എന്‍ കോളജിന്റെ അന്‍പതാം വാര്‍ഷിക സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകരും വ്യക്തമാക്കിയിട്ടുള്ളത്. പൊലിസ് ഇന്റലിജന്‍സിനു ലഭിക്കുന്ന വിവരവും മുഖ്യമന്ത്രി ചടങ്ങിനെത്തുമെന്നാണ്.
എസ.്എന്‍.ഡി.പിയുടെയും അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികളിലും മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി മിടുക്കനായ മുഖ്യമന്ത്രിയായാണ് പിണറായിയെ വിശേഷിപ്പിച്ചത്. മൈക്രോഫിനാന്‍സ് കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ വെള്ളാപ്പള്ളിക്കെതിരേ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
ഈയൊരു ഘട്ടത്തില്‍ വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി തന്നെ പ്രതിക്കൊപ്പം വേദി പങ്കിടുന്നത് അനുചിതമാണെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടിയായിരിക്കുമതെന്നുമാണ് അഭിപ്രായം. എസ്.എന്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളിയില്ലാതെ ചടങ്ങ് നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് സംഘാടകരും വ്യക്തമാക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിനു പിന്നാലെ സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടും വെള്ളാപ്പള്ളിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നിലവിലുണ്ട്. പാര്‍ട്ടിയെ തകര്‍ത്ത് ബി.ജെ.പിക്ക് പാതയൊരുക്കുന്നതിനായി പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയുമായി സഖ്യത്തിലായ വെള്ളാപ്പള്ളിയുമായി ഒരു കൂട്ടുകെട്ടും വേണ്ടെന്ന വികാരമാണ് ജില്ലയിലെ സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ളത്.
ആര്‍.എസ്.പി മുന്നണി വിട്ടുപോയിട്ടും വെള്ളാപ്പള്ളിയും എസ്.എന്‍.ഡി.പി യോഗത്തിലെ അനുയായികളും ബി.ജെ.പിയുമായി സഹകരിച്ചിട്ടും ചരിത്രത്തിലെ മികച്ച വിജയം കൊല്ലത്ത് നേടാനായത് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി അനുഭാവികളുടെ പ്രതികരണം.
ചെത്തുകാരന്റെ മകനെന്ന് വിളിച്ചു പലപ്രാവശ്യം പിണറായിയെ അപമാനിച്ച വെള്ളാപ്പള്ളിക്കു നേരെ വിജിലന്‍സ് കുരുക്ക് മുറുക്കിയതോടെയാണ് പിണറായി ഭക്തിയുമായി രംഗത്തിറങ്ങിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ, കൊച്ചിയില്‍ ഡി.വൈ.എസ്.പിമാരുടെ സംഘടനയുടെ, മാധ്യമപ്രവര്‍ത്തകനായ വി.ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതിയായ ഡി.വൈ.എസ്.പി അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഇന്റലിജന്‍സ് എ.ഡി.ജി.പിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.
ഈയൊരു സാഹചര്യത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പിണറായി പങ്കെടുക്കരുതെന്നാണ് സി.പി.എം അണികള്‍ ആഗ്രഹിക്കുന്നത്. മറിച്ചാണെങ്കില്‍ 'നിയമം നിയമത്തിന്റെ വഴിയേ അല്ല' വെള്ളാപ്പള്ളിയുടെ വഴിയേയാണ് പോവുന്നതെന്ന് പൊതുജനം ചിന്തിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. ഇക്കാര്യത്തില്‍ അന്തിമമായി പിണറായി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇപ്പോള്‍ ആകാംക്ഷയുണര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."