ന്യായ്: ഉപജീവന ന്യായം
ലോകമെങ്ങും പ്രത്യേകിച്ചും ഇന്ത്യയില്‍ ദിനംപ്രതി സാമ്പത്തിക അസമത്വങ്ങള്‍ വ്യത്യസ്തങ്ങളായ കാരണങ്ങളാല്‍ വര്‍ധിച്ചുവരുന്നതായി പല റിപ്പോര്‍ട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് നിലവിലുള്ള അസമത്വങ്ങള്‍ വര്‍ധിപ്പിച്ചതായി ഓക്‌സ്ഫാം ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. പകര്‍ച്ചവ്യാധിയുടെ സമയത്ത് ലോകത്തിലെ 10 സമ്പന്നരുടെ സമ്പത്ത് 540 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നതായി ഓക്‌സ്ഫാം അവകാശപ്പെടുന്നു, വൈറസ് മാന്ദ്യം കാരണം ലോകം ദാരിദ്ര്യത്തിലേക്ക് വീഴുന്നത് തടയാന്‍ ഈ സമ്പത്ത് പര്യാപ്തമാണ്. ദശലക്ഷക്കണക്കിന് പാവപ്പെട്ട ഇന്ത്യക്കാരെ ജോലിയില്‍നിന്ന് പുറത്താക്കിക്കൊണ്ട് പകര്‍ച്ചവ്യാധി സമ്പദ്‌വ്യവസ്ഥയെ സ്തംഭിപ്പിച്ചതിനാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരുടെ സ്വത്ത് കഴിഞ്ഞ വര്‍ഷം 35 ശതമാനം വര്‍ധിച്ചു. 'അസമത്വ വൈറസ്' എന്ന പേരിലുള്ള ഓക്‌സ്ഫാം റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. അതേസമയം, ഇന്ത്യയിലെ 100 മുന്‍നിര കോടീശ്വരന്മാര്‍ 13 ലക്ഷം കോടി രൂപയുടെ സ്വത്ത് വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഖ്യ 138 ദശലക്ഷം ദരിദ്രരായ ഇന്ത്യക്കാര്‍ക്ക് വീതിക്കുകയാണെങ്കില്‍ 94,045 രൂപ നല്‍കാന്‍ സാധിക്കും. അതുപോലെ ഇന്ത്യയിലെ മികച്ച 11 ശതകോടീശ്വരന്മാരുടെ സമ്പത്തിന് തൊഴിലുറപ്പ് പദ്ധതിയെയോ ആരോഗ്യ മന്ത്രാലയത്തെയോ 10 വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ കഴിയും. കഴിഞ്ഞവര്‍ഷം സമ്പാദിച്ച സമ്പത്തിന്റെ 73 ശതമാനവും ഏറ്റവും ധനികരായ ഒരു ശതമാനത്തിലേക്കാണ് കേന്ദ്രീകരിച്ചതെങ്കില്‍ 67 കോടി ദരിദ്രരായ ഇന്ത്യക്കാരുടെ സമ്പത്തില്‍ ഒരു ശതമാനം മാത്രമാണ് വര്‍ധനവുണ്ടായത്.
ഉപജീവനത്തിനുള്ള ഉപാധികള്‍ സര്‍ക്കാര്‍ പ്രധാനം ചെയ്യാത്തിടത്തോളം അതിനുള്ള മൂലധനവിഹിതം ഓരോ പൗരന്റേയും ന്യായമായ അവകാശമാണ്. കോര്‍പറേറ്റുകള്‍ക്കും മറ്റും നല്‍കുന്ന വന്‍തുകകളാവട്ടെ ഉപജീവനാര്‍ഥവുമല്ല. ഈ സാഹചര്യത്തില്‍, രാജ്യത്ത് ദാരിദ്ര്യവും സാമ്പത്തിക അസമത്വവും കുറയ്ക്കുക എന്ന ലക്ഷ്യം സുരക്ഷിതമാക്കുന്നതിനുള്ള സുപ്രധാനമായ ഇടപെടലാണ് മിനിമം വരുമാന ഗ്യാരണ്ടി പദ്ധതി (എം.ഐ.ജി). ഒരു കൂട്ടം പൗരന്മാര്‍ക്ക് അഥവാ ദരിദ്രരില്‍ ഏറ്റവും ദരിദ്രരായ ആളുകള്‍ക്ക് സ്ഥിരമായി ഒരു നിശ്ചിത തുക നല്‍കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് കഴിഞ്ഞ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ന്യുന്തം ആയ് യോജന (ന്യായ്) എന്ന പേരില്‍ വാഗ്ദാനം ചെയ്തിരുന്നത്. ഈ വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലും കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിനുവേണ്ടി ന്യായ് പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി പ്രകാരം ദരിദ്രരായ ഓരോ കുടുംബത്തിനും (പ്രതിമാസം 12,000 രൂപയില്‍ താഴെ വരുമാനമുള്ള) പ്രതിവര്‍ഷം 72,000 രൂപ വീതം ആ കുടുംബത്തിലെ ഒരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഇന്ത്യന്‍ ജനസംഖ്യയിലെ ഏകദേശം 20 ശതമാനമാണ് ദരിദ്രര്‍. ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍, യഥാര്‍ഥത്തില്‍ രാജ്യത്തെ സമ്പന്നരുടെയും ദരിദ്രരുടെയും സാമ്പത്തിക അസമത്വങ്ങള്‍ കുറയ്ക്കാനും ദാരിദ്ര്യത്തിന്റെ കെണിയില്‍ നിന്ന് പുറത്തുകടക്കാനും തുല്യവും നീതിപൂര്‍വകവുമായ ഒരു പുതിയ ഇന്ത്യയ്ക്ക് അടിത്തറ പാകാനും കഴിയും. ഇത് സര്‍ക്കാരിന് സാമ്പത്തിക ഭാരമാണെങ്കിലും രാജ്യത്തിന്റെ അടിത്തട്ടിലുള്ള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഫലപ്രദമായ പരിഹാരമായിരിക്കും. ന്യായ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലോകത്തെ തന്നെ ഏറ്റവും വലിയ അടിസ്ഥാന വരുമാന പദ്ധതിയായി ഇതു മാറും.
പദ്ധതിയുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചും അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനെക്കുറിച്ചും സ്വാഭാവികമായും ആശങ്കകളുള്ളതിനാല്‍, അതില്‍ ചിലത് വിശദമായി ഇവിടെ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഫണ്ട് എങ്ങനെ കണ്ടെത്താം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പൊതു ചെലവുരീതി മാറ്റേണ്ടതുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകള്‍ക്കായി ഇതിനകം തന്നെ എണ്ണമറ്റ സബ്‌സിഡികളും വിവിധ ക്ഷേമ പെന്‍ഷനുകളും മറ്റ് സഹായങ്ങളും സര്‍ക്കാരുകള്‍ കാലങ്ങളായി നല്‍കിവരുന്നു. ഇതുപോലെയുള്ള എല്ലാ സഹായങ്ങളും സംയോജിപ്പിച്ചും സ്വത്ത്, കോര്‍പറേറ്റ് നികുതികള്‍ വര്‍ധിപ്പിച്ചും പുതിയ നികുതികള്‍ ചുമത്തിയും അഴിമതികളെയും കള്ളപ്പണങ്ങളെയും നികുതി വെട്ടിപ്പിനെയും ഇല്ലാതാക്കിയും ന്യായ് പദ്ധതിയിലേക്കുള്ള പണം ഒരു പരിധിവരെ കണ്ടെത്താനാവും. ഇതിലൂടെ ദരിദ്രര്‍ക്ക് നല്‍കുന്ന ഓരോ രൂപയും യഥാര്‍ഥത്തില്‍ അവര്‍ക്ക് ലഭിച്ചെന്നു ഉറപ്പുവരുത്തുക. പാവപ്പെട്ട കുടുംബത്തിന് പ്രതിമാസം 6000 രൂപ നല്‍കിയാല്‍ അതവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചെലവഴിക്കുകയും ആ പണം യഥാര്‍ഥത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ കറങ്ങുകയും ചെയ്യുന്നു. സര്‍ക്കാരിന് നല്ലൊരു ശതമാനം നികുതി രൂപത്തില്‍ തിരികെ ലഭിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനസംഖ്യയിലെ ഏകദേശം 20 ശതമാനമായ അഞ്ചുകോടി കുടുംബങ്ങളാണ് ദരിദ്രര്‍. ഈ കുടുംബങ്ങളെ പ്രതിവര്‍ഷം 72,000 രൂപ കൊണ്ട് ഗുണിച്ചാല്‍ 3.6 ലക്ഷം കോടി രൂപയാണ് വാര്‍ഷിക ബില്ലായി ലഭിക്കുന്നത്. 2018 - 19ല്‍ ഏകദേശം 188 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ ജി.ഡി.പി കണക്കിലെടുക്കുമ്പോള്‍ ജി.ഡി.പിയുടെ ആനുപാതികമായി 3.6 ലക്ഷം കോടി രൂപയുടെ ബില്‍ ഏകദേശം 1.9 ശതമാനം മാത്രമാണ്.
മറ്റൊരു ആശങ്ക ഈ പദ്ധതി ആളുകളെ യാചകരാക്കും എന്നുള്ളതാണ്. നിബന്ധനകളൊന്നും പാലിക്കാതെ പദ്ധതി പ്രകാരം സര്‍ക്കാര്‍ സൗജന്യമായി പണം വിതരണം ചെയ്യും എന്ന കാര്യത്തിലാണ് ഈ സംശയം. അടിസ്ഥാനവരുമാനത്തെ മൂല്യമില്ലാത്തതായി കാണുന്നവര്‍, അതേ മാതൃകകളിലെ മറ്റു രൂപങ്ങളുമായി യോജിക്കാത്തവരായിരിക്കണം. ഈ നിലയിലെ അടിസ്ഥാനവരുമാനത്തെ എതിര്‍ക്കുന്ന ഏതൊരാളും അനന്തരാവകാശവും ഉല്‍പാദനപരമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിക്കാത്ത മറ്റ് എല്ലാ തരത്തിലുള്ള വരുമാനങ്ങളെയും എതിര്‍ക്കേണ്ടതുണ്ട്. അതായത് കോര്‍പറേറ്റുകള്‍ക്കോ ഉപരി മധ്യവര്‍ഗങ്ങള്‍ക്കോ പല രൂപഭാവങ്ങളില്‍ നല്‍കുന്ന അനന്തകോടികളെ വിമര്‍ശിക്കുന്നില്ല. മാത്രമല്ല, ഇതുപോലെയുള്ള പദ്ധതിയുടെ ഭാഗമായി ലോകത്തെവിടെയും ആളുകള്‍ യാചകരായി മാറിയതിന്റെ ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. സര്‍ക്കാരില്‍ നിന്നുള്ള സൗജന്യ പണം ആളുകളെ മടിയന്മാരാക്കുമെന്നും ഇത് അവരെ തൊഴില്‍ വിപണിയില്‍നിന്നു പിന്മാറാന്‍ കാരണമായേക്കുമെന്നും ഒരു വിഭാഗം ന്യായീകരിക്കുന്നു. ദരിദ്രര്‍ മടിയന്മാരാണെന്ന സമ്പന്നരുടെയും മധ്യവര്‍ഗത്തിന്റെയും തെറ്റായ വിശ്വാസത്തില്‍ നിന്നാണ് ഈ ആശങ്ക പ്രധാനമായും ഉടലെടുക്കുന്നത്. എന്നാല്‍ ഈ പദ്ധതി ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു ശരാശരി ഇന്ത്യന്‍ കുടുംബത്തിന് അഞ്ച് അംഗങ്ങളാണുള്ളത്. അഥവാ പ്രതിമാസം ശരാശരി 1,200 രൂപയാണ് ഒരംഗത്തിന് ഉണ്ടാവുക. വെറും 1200 രൂപ അധികമായി സമ്പാദിക്കുന്നതിനാല്‍ തൊഴില്‍ വിപണിയില്‍നിന്ന് പിന്മാറുമെന്ന ന്യായീകരണങ്ങളോട് യോജിക്കാന്‍ കഴിയുന്നില്ല. കൂടാതെ, അവര്‍ ജോലി ചെയ്യുന്നത് നിര്‍ത്തുകയാണെങ്കില്‍, അവരുടെ സ്ഥിതി മുമ്പത്തെപ്പോലെ തന്നെ തുടരുകയും അധിക പണത്തിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും അസാധുവാക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇതുപോലെയുള്ള അടിസ്ഥാനവരുമാന വിതരണത്തിന്റെ ഭാഗമായി ഒരാളും തൊഴില്‍ വിപണിയില്‍നിന്ന് പിന്മാറിയതിന്റെ തെളിവുകളും ഒരു പഠനവും കണ്ടെത്തിയില്ല.
പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നാണ് മറ്റൊരാശങ്ക. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന്റെ വരുമാനം പെട്ടെന്ന് ഉയരുമെന്ന വസ്തുതയില്‍ നിന്നാണ് ഈ ആശങ്ക ഉടലെടുക്കുന്നത്. ഈ ഉയര്‍ന്ന വരുമാനം വിപണിയില്‍ അതേ നിരക്കില്‍ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണം ആത്യന്തികമായി ഉയര്‍ന്ന വിലയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പലവിധത്തിലുള്ള തെറ്റായ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി രൂക്ഷമായ തൊഴിലില്ലായ്മയാലും ഫലപ്രദമായ ഡിമാന്‍ഡിന്റെ അഭാവത്താലും ശുഭാപ്തിവിശ്വാസത്തോടെയോ മെച്ചപ്പെട്ട രീതിയിലോ അല്ല പ്രവര്‍ത്തിക്കുന്നത്. അനൗപചാരിക, അസംഘടിത ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗവും നോട്ടുനിരോധനം നശിപ്പിക്കുകയും നിരവധി ഇന്ത്യക്കാരെ തൊഴിലില്ലാത്തവരാക്കുകയും ചെയ്തു. തീര്‍ച്ചയായും, പ്രതിവര്‍ഷം ഇന്ത്യയില്‍ 10-12 ദശലക്ഷം യുവാക്കളാണ് തൊഴില്‍ സേനയിലേക്ക് പ്രവേശിക്കുന്നത്, അവര്‍ക്ക് വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ, ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മയുള്ള സമ്പദ്‌വ്യവസ്ഥയില്‍, അടിസ്ഥാന വരുമാന കൈമാറ്റം പോലുള്ള ഉത്തേജക പരിപാടി ഉയര്‍ന്ന തൊഴില്‍ സമ്മര്‍ദം ചെലുത്താതെ പ്രാദേശിക തൊഴിലാവശ്യവും സാധനങ്ങളുടെ ഡിമാന്‍ഡും വര്‍ധിപ്പിക്കും. അവരുടെ വരുമാനത്തിലെ വര്‍ധന മൊത്തത്തിലുള്ള ആവശ്യം വര്‍ധിപ്പിക്കുന്നതിലൂടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും.
മറ്റൊരു പ്രശ്‌നം ഈ പദ്ധതിക്കായി ശരിയായ ഗുണഭോക്താക്കളെ എങ്ങനെ കണ്ടെത്തും എന്നതാണ്. ദരിദ്രരില്‍ ദരിദ്രരെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെയും വിവേകത്തോടെയും പ്രയോഗിക്കുകയാണെങ്കില്‍ താരതമ്യേന വേഗത്തില്‍ ഇത് ചെയ്യാന്‍ കഴിയും. ചില മാനദണ്ഡങ്ങള്‍ പാലിക്കുന്ന പെട്ടെന്നുള്ള ഒഴിവാക്കല്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് അനുസൃതമായി നിര്‍വചിക്കേണ്ടതുണ്ട്.
ഇനി ന്യായ് പദ്ധതി നടപ്പിലായില്ലെങ്കില്‍ മറ്റു പരിഹാരവഴികള്‍ എന്തൊക്കെയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ജനസംഖ്യയുടെ താഴത്തെ 40 ശതമാനത്തിന്റെ വരുമാനം 10 ശതമാനത്തിനേക്കാള്‍ വേഗത്തില്‍ വളരുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് സമഗ്രമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തൊഴില്‍ തീവ്രമേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് നേടാന്‍ സാധിക്കും. കാര്‍ഷിക നിക്ഷേപം; ഒപ്പം നിലവിലുള്ള സാമൂഹിക പരിരക്ഷണ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുക. വരുമാനം, സമ്പത്ത് എന്നിവയെക്കുറിച്ചുള്ള ഉയര്‍ന്ന നിലവാരമുള്ള ഡാറ്റ ശേഖരിക്കുകയും സുതാര്യമാക്കുകയും ചെയ്യുക. അഴിമതി, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവയ്‌ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ച് ചോര്‍ന്നുപോയ സമ്പത്തിനെ തിരിച്ചുപിടിക്കുക. സ്വത്ത് നികുതി വര്‍ധിപ്പിക്കുക, കോര്‍പറേറ്റ് നികുതിയിളവുകള്‍ ഒഴിവാക്കുക. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള പൊതുചെലവ് വര്‍ധിപ്പിച്ച് കൂടുതല്‍ തുല്യ അവസരമുള്ള രാജ്യം സൃഷ്ടിക്കുക. അങ്ങനെ വര്‍ധിച്ചുവരുന്ന അസമത്വം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പതിവായി നിരീക്ഷിക്കുക.
(അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."