പരിശീലന ക്യാംപിൽ വ്യാപക ലൈംഗിക ചൂഷണം; ബി.ജെ.പി എം.പിക്കെതിരേ വിനേഷ് ഫൊഗട്ടും സാക്ഷി മലികും പ്രക്ഷോഭത്തിൽ
ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശർമയ്‌ക്കെതിരേ ലൈംഗിക ആരോപണങ്ങളുമായി രാജ്യാന്തര വനിതാ ഗുസ്തിതാരങ്ങളായ വിനേഷ് ഫൊഗട്ടും സാക്ഷി മലികും. പരിശീലനത്തിനിടെ ബ്രിജ് ഭൂഷണും കോച്ചും വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുക പതിവാണെന്നാണ് ആരോപണം.
വിഷയം മാധ്യമങ്ങൾ വഴി വെളിപ്പെടുത്തുകയും പിന്നാലെ റെസ്‌ലിങ് ഫെഡറേഷനെതിരേ ഗുസ്തി താരങ്ങൾ ഡൽഹിയിലെ ജന്തർമന്ദറിൽ സമരം തുടങ്ങുകയും ചെയ്തതോടെ കേന്ദ്ര സർക്കാരും ഫെഡറേഷനും പ്രതിരോധത്തിലായി.
ചില പരിശീലകർ വർഷങ്ങളായി താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണെന്നും ഫെഡറേഷൻ അധികൃതരിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും വിനേഷ് ഫൊഗട്ട് ആരോപിച്ചു. വനിതാ താരങ്ങൾ ദേശീയ ക്യാംപിൽവച്ച് പരിശീലകരാലും ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശർമയാലും പീഡനത്തിന് ഇരകളായി. ഫെഡറേഷൻ പ്രസിഡന്റും ഈ ലൈംഗിക പീഡനങ്ങളുടെ ഭാഗമാണ്.
ദേശീയ ക്യാംപിലെ പല യുവ വനിതാ താരങ്ങളും ലൈംഗിക പീഡനത്തെക്കുറിച്ച് പരാതിപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തിട്ടുണ്ട്. ദേശീയ ക്യാംപിൽ ലൈംഗിക പീഡനത്തിന് ഇരകളായ കുറഞ്ഞത് 20 വനിതാ താരങ്ങളെ വ്യക്തിപരമായി അറിയാം. ഇത് തുറന്നുപറയാൻ എനിക്കു ധൈര്യം കിട്ടി. പക്ഷേ, ഇതിന്റെ പേരിൽ നാളെ ഞാൻ ജീവിച്ചിരിക്കുമോ എന്നു പോലും ഉറപ്പില്ല. ഫെഡറേഷനിലെ ആളുകൾ ശക്തരാണ് വിനേഷ് ഫൊഗട്ട് പറഞ്ഞു.
വിനേഷ് ഫൊഗട്ട്, സാക്ഷി മലിക് എന്നിവർക്കു പുറമെ ബജ്‌റങ് പുനിയ, സംഗീത ഫൊഗട്ട്, സോനം മലിക്, അൻഷു എന്നിവരുൾപ്പെടെ 31 ഗുസ്തി താരങ്ങളാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.
ആരോപണങ്ങൾ ബ്രിജ് ഭൂഷൺ ശർമ തള്ളിക്കളഞ്ഞു. വിനേഷ് ഫൊഗട്ട് മാത്രമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശർമയുടെ പ്രതിരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."