ആം ആദ്മി പാർട്ടി ബദലോ?
ഡൽഹി നോട്സ്
കെ.എ സലിം
ഡൽഹിക്ക് പിന്നാലെ ആംആദ്മി പാർട്ടി പഞ്ചാബും പിടിച്ചു. പിന്നാലെ ഗുജറാത്തും പിടിക്കുമെന്ന് അവകാശപ്പെടുന്നു. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പാർട്ടി വളർത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഡൽഹിയുടെ മധ്യവർഗ നാട്യങ്ങൾക്ക് മാത്രം യോജിക്കുന്നതെന്നായിരുന്നു ആം ആദ്മി പാർട്ടിയെക്കുറിച്ചുള്ള വിലയിരുത്തൽ. മെട്രോ നഗരത്തിന്റെ പരിമിതമായ അതിരുകൾക്കപ്പുറത്തേക്ക് വളരാൻ ആം ആദ്മി പാർട്ടിക്കുള്ള ശേഷിയെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഡൽഹിക്ക് പിന്നാലെ പഞ്ചാബിൽ കൂടി അധികാരം പിടിച്ചെടുത്തതോടെ രണ്ടാമതൊരു സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന രാജ്യത്തെ ആദ്യ പ്രാദേശിക പാർട്ടിയായി ആം ആദ്മി പാർട്ടി. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ ഭരണം മോശമൊന്നുമല്ല.
ഡൽഹിയിൽ നിശ്ചിത പരിധിവരെ വെള്ളവും വൈദ്യുതിയും സൗജന്യമാണ്. സ്ത്രീകൾക്ക് ബസ് യാത്ര പൂർണമായും സൗജന്യമാണ്. വിദ്യാഭ്യാസ മേഖല ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യമേഖലയും മെച്ചപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഏതു സാധാരണക്കാരനും സമീപിക്കാവുന്ന ലാളിത്യം പുലർത്തുന്നവരാണ്. ഡൽഹിയെ ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ വോട്ടുതേടിയത്. പഞ്ചാബിനെ മറ്റൊരു ഡൽഹിയാക്കുമെന്നായിരുന്നു വാഗ്ദാനം. കോൺഗ്രസിലെ ചേരിപ്പോരും സംസ്ഥാനത്തെ നിരവധി പ്രശ്‌നങ്ങളുമുണ്ടാക്കിയ സങ്കീർണതകളിൽ മനംമടുത്ത പഞ്ചാബ് സമൂഹത്തിന് ഈ വാഗ്ദാനം മതിയായിരുന്നു. എന്നാൽ രാജ്യത്ത് ബി.ജെ.പിക്ക് ബദലായി ഒരു ദേശീയ പാർട്ടിയായി വളരാനുള്ള ചേരുവകൾ ആം ആദ്മി പാർട്ടിക്കുണ്ടോയെന്നതാണ് വലിയ ചോദ്യം.
ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി ഇല്ലാതാക്കിയത് ബി.ജെ.പിയെയല്ല, കോൺഗ്രസിനെയാണ്. ഗുജറാത്തും ഹിമാചൽ പ്രദേശുമാണ് ആം ആദ്മി പാർട്ടി അടുത്തതായി ലക്ഷ്യംവയ്ക്കുന്ന സംസ്ഥാനങ്ങൾ. രണ്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന സൂറത്ത് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞടുപ്പിൽ പട്ടേൽ വിഭാഗങ്ങളുടെ പിന്തുണയോടെ ആം ആദ്മി പാർട്ടി 27 സീറ്റുകൾ നേടിയതാണ് ഗുജറാത്തിൽ ആംആദ്മി പാർട്ടിയുടെ മികച്ച പ്രകടനത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ആകെയുള്ള 120 സീറ്റുകളിൽ 93 എണ്ണം നേടിയ ബി.ജെ.പിക്കും 2.42 ശതമാനം വോട്ട് കുറഞ്ഞിട്ടുണ്ട്. എന്നാൽ ബി.ജെ.പിയോട് കാലങ്ങളായി ഇടഞ്ഞു നിൽക്കുന്നവരാണ് ആം ആദ്മി പാർട്ടിക്ക് വോട്ടുചെയ്തത്. ഈ വോട്ടുകളാകട്ടെ കോൺഗ്രസിന് ലഭിക്കേണ്ടതായിരുന്നു.
ആം ആദ്മി പാർട്ടിയെ തെരഞ്ഞെടുക്കും മുമ്പ് നല്ല ഭരണമെന്ന സൗജന്യങ്ങളുടെ സുഖാനുഭൂതികൾക്കപ്പുറത്തേക്ക് രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ ആം ആദ്മിയുടെ ശേഷിയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ചോദിക്കേണ്ട സമയമാണ്. നിലപാടുകളില്ലായ്മയാണ് ആംആദ്മി പാർട്ടിയുടെ നിലപാടുകൾ. പ്രത്യശാസ്ത്രങ്ങൾക്ക് പ്രസക്തിയില്ലെന്നും മികച്ച ഗവേണൻസ് കൊണ്ട് വെല്ലുവിളികളെയെല്ലാം മറിച്ചിടാനാവുമെന്നുമാണ് ആംആദ്മി പാർട്ടി നേതൃത്വം കരുതുന്നത്. എന്നാൽ മറുവശത്ത് നിൽക്കുന്ന ബി.ജെ.പിക്ക് കൃത്യമായ അജണ്ടയും നേതാവുമുണ്ട്. ഹിന്ദുത്വമെന്ന ആഴത്തിലുള്ളതും അപകടകരവുമായ പ്രത്യയശാസ്ത്രത്തിന്റെ പിൻബലമുണ്ട്. ഇതിനെ നേരിടാൻ ആം ആദ്മി പാർട്ടിയുടെ ഗവേണൻസ് മാത്രം മതിയാകുമെന്ന് കരുതുന്നത് വെറുതെയാവും. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം, പൗരാവകാശ ധ്വംസനം, ഭരണഘടനക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അധികാര ദുർവിനിയോഗം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്‌നങ്ങൾ, സർക്കാർ-കോർപറേറ്റ് അവിശുദ്ധ ബന്ധം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ രാജ്യം നേരിടുന്നുണ്ട്.
വർഗീയ വികാരം ഇളക്കി ജനസാമാന്യത്തെ ഭിന്നിപ്പിച്ചു നിർത്താൻ ബി.ജെ.പിയെ നയിക്കുന്നവർക്ക് സാധിച്ചിട്ടുണ്ട്. അതു ഫലപ്രദമായി ചെറുക്കാൻ നിലവിലെ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പ്രതിപക്ഷത്തിന് നേതൃത്വം നൽകേണ്ട കോൺഗ്രസ് സ്വന്തം ദൗർബല്യങ്ങളിൽപ്പെട്ട് ചിതറി നിൽക്കുകയാണ്. ഹിന്ദി ഹൃദയഭൂമിയിൽ സംഘടനാ ശക്തി ചോർന്നുകൊണ്ടേയിരിക്കുന്ന കോൺഗ്രസാണ് ബി.ജെ.പിയുടെ കരുത്ത്. ഇതിലേക്കാണ് ആംആദ്മി പാർട്ടി തങ്ങളാണ് ബദലെന്ന് ആവർത്തിച്ചു കടന്നുവരുന്നത്. ബി.ജെ.പിയുടെ പലവിധ അടവുകൾക്കിടയിൽ അരവിന്ദ് കെജ്‌രിവാൾ ചിലതെല്ലാം സാധിച്ചെടുക്കുന്നുവെന്നത് വസ്തുതയാണ്. എന്നാൽ ഇന്ത്യയെന്ന ആശയത്തിന്റെ അടിത്തറയെ വരെ ചോദ്യം ചെയ്യുന്ന ഹിന്ദുത്വപ്രത്യയശാസ്ത്രത്തെ അഭിമുഖീകരിക്കാൻ മികച്ച ഗവേണൻസ് എന്ന ആശയം മാത്രം മതിയാവുമോയെന്ന ചോദ്യത്തിന് ഉത്തരം തരാൻ ഇതുവരെ ആംആദ്മി പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.
ഡൽഹി കലാപകാലത്ത് ആംആദ്മി പാർട്ടിയുടെ ഒളിച്ചോട്ടം കണ്ടതാണ്. പൗരത്വനിയമത്തിനെതിരായ സമരകാലത്തും ആം ആദ്മി പാർട്ടി അവ്യക്തമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. യു.പി.എ സർക്കാറിന്റെ കാലത്ത് ജന്തർ മന്ദറിലും തുടർന്ന് രാംലീലാ മൈതാനിയിലും കണ്ട അണ്ണാഹസാരെ സമരങ്ങളിലൂടെയാണ് പൊതു രംഗത്ത് അരവിന്ദ് കെജ്‌രിവാൾ സജീവമാകുന്നതും അത് ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിലെത്തുന്നതും.
അന്ന് വിവേകാനന്ദ ഇന്റർ നാഷണൽ ഫൗണ്ടേഷൻ എന്ന ആർ.എസ്.എസ് ഗവേഷണസ്ഥാപനത്തിന്റെ മേധാവിയായിരുന്ന ഇന്റലിജൻസ് ബ്യൂറോ മുൻ തലവൻ അജിത് ഡോവലായിരുന്നു ഹസാരെ സമരത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം. ഡോവലിപ്പോൾ മോദിയുടെ ദേശസുരക്ഷാ ഉപദേഷ്ടാവാണ്. സമരത്തിനായി ആർ.എസ്.എസ് ആന്റി കറപ്ഷൻ ഫ്രണ്ട് എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചു. ആർ.എസ്.എസ് നേതാവ് ഗോവിന്ദാചാര്യയായിരുന്നു ഇതിന്റെ കൺവീനർ. രാംദേവ് രക്ഷാധികാരി, ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി, അജിത് ഡോവൽ തുടങ്ങിയവർ അംഗങ്ങൾ. അതിലൊരാളായിരുന്നു അരവിന്ദ് കെജ്‌രിവാൾ.
ആന്റി കറപ്ഷൻ ഫ്രണ്ടിന്റെ രൂപീകരണത്തിന്റെ തുടർച്ചയെന്നോണം ആർ.എസ്.എസിന്റെ വിദ്യാർത്ഥി സംഘടനയായ അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്ത് യൂത്ത് എഗയ്ൻസ്റ്റ് കറപ്ഷൻ എന്ന പേരിൽ ഒരു കാംപയിന് രൂപം നൽകി. ഇതിന്റെയെല്ലാം തുടർച്ചയായാണ് ആം ആദ്മി പാർട്ടിയുണ്ടാകുന്നത്. ആംആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിലുള്ള മത്സരം ഫാഷിസവും ഫാഷിസ്റ്റ് വിരുദ്ധരും തമ്മിലുള്ള മത്സരമല്ല. ഒരേ ചിന്താധാരയിലെ ഏറിയും കുറഞ്ഞുമുള്ള രണ്ടു വിഭാഗങ്ങളാണ്. എങ്കിലും കോൺഗ്രസിന് ചെയ്യാനാവാത്തത് തങ്ങൾക്ക് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആംആദ്മി പാർട്ടി. ഇനി പഞ്ചാബ് ചൂണ്ടിക്കാട്ടി മറ്റൊരു സംസ്ഥാനത്തെ ജനതയോട് വോട്ടു ചോദിക്കാൻ ആംആദ്മി പാർട്ടിക്ക് കഴിയുമോയെന്നത് കൂടി കാത്തിരുന്നു കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."