ജനജീവിതം വറചട്ടിയിൽനിന്ന് എരിതീയിലേക്ക്
സാധാരണക്കാരന്റെ ദൈനംദിന ജീവിതം ദുരിതപൂർണമാക്കുകയാണ് ദിനേന വർധിച്ചുക്കൊണ്ടിരിക്കുന്ന അവശ്യസാധന വില. അതോടൊപ്പം തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതു സേവന മേഖലകളിലെ നിരക്കുകൾ വർധിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഓട്ടോ-ടാക്സി മിനിമം നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ തന്നെ ഇന്ധന വിലയും ഗാർഹിക പാചക വാതക വിലയും എണ്ണക്കമ്പനികളും വർധിപ്പിച്ചിട്ടുണ്ട്. വെള്ളക്കരം അഞ്ച് ശതമാനം വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ജല അതോറിറ്റി പുറപ്പെടുവിച്ചതിന്റെ ചൂടാറും മുമ്പാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ അംഗീകരിച്ചു കൊണ്ട് ഓട്ടോക്ക് മിനിമം ചാർജ് 30 രൂപയായും ടാക്സി കാറുകൾക്ക് 210 രൂപയായും വർധിപ്പിക്കാനിരിക്കുന്നത്. ഇത് കൊണ്ട് തീരുന്നില്ല. മിൽമ പാൽ വില വർധിപ്പിക്കാൻ കാത്തിരിക്കുയാണ്. ബസ് ചാർജ് വർധിപ്പിക്കാനുള്ള ആലോചനയിലാണ് ഗതാഗത മന്ത്രി. എല്ലാവരും സർക്കാർ അനുമതിക്കായി ക്യൂവിലാണ്. ബസ് ചാർജ് വർധിപ്പിച്ചിട്ടില്ലെങ്കിൽ ബസ് സർവിസ് നിർത്തി വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ഉടമകൾ. ബസ് ഉടമകൾ ഭീഷണിപ്പെടുത്തിയാൽ വഴങ്ങിക്കൊടുക്കലാണ് സർക്കാർ പതിവ്. അതുകൊണ്ട് ബസ് ചാർജ് വർധനയും ഉടനെ പ്രതീക്ഷിക്കാം. അതോടൊപ്പം മിൽമ പാൽ വിലയും വർധിപ്പിച്ചേക്കാം.
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധന വില കൂടുമെന്ന പൊതു സമൂഹ ആശങ്ക അസ്ഥാനത്തായില്ല. നാല് മാസം ഇന്ധന വില കൂട്ടാൻ കഴിയാതെ അക്ഷമരായി കഴിയുകയായിരുന്നു എണ്ണക്കമ്പനികൾ. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില താണപ്പോഴും ഇവിടെ ഇന്ധന വിലക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. റഷ്യ-ഉക്രൈൻ യുദ്ധം തുടങ്ങിയപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിൽ വില വർധിച്ചു. എന്നിട്ടും ഇന്ത്യയിൽ ഇന്ധന വിലവർധിപ്പിക്കാതിരുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയേണ്ടതുണ്ടായിരുന്നു എന്നതിനാലാണ്. ഇന്ത്യയിൽ ഇന്ധന വിലയുടെ താഴ്ചയും ഉയർച്ചയും അന്താരാഷ്ട്ര മാർക്കറ്റിനെ ആശ്രയിച്ചല്ലെന്നും ഇവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയെ ആശ്രയിച്ചാണെന്നും ഒരിക്കൽ കൂടി വ്യക്തമായി. പെട്രോൾ ലിറ്ററിനു 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് കഴിഞ്ഞ ദിവസം വർധിപ്പിച്ചത്. ഒരു ലിറ്റർ പെട്രോളിന് 105.18 രൂപ ഒടുക്കേണ്ട ഒരവസ്ഥയിലെത്തിയിരിക്കുന്നു സാധാരണക്കാരൻ. ഇന്ധനവില വർധന ഇവിടം കൊണ്ട് തീരാൻ പോകുന്നില്ല. ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്മേൽ 50 രൂപയാണ് വർധിപ്പിച്ചത്. റോഡിൽ അടുപ്പ് കൂട്ടി രാഷ്ട്രീയ പാർട്ടികൾ തെരുവ് നാടകം കളിക്കുന്നത് കൊണ്ടൊന്നും വില കുറയാനും പോകുന്നില്ല.
ഇന്ധന വില കൂടുന്നതിനനുസരിച്ച് ആന്ധ്രയിൽ നിന്നും മറ്റും കേരളത്തിലേക്ക് കൊണ്ടുവരുന്ന അരിയുടെയും പലചരക്ക് വസ്തുക്കളുടെയും ചരക്കുകൂലി വർധിക്കുമെന്നും അതുവഴി ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ളവയ്ക്ക് പിന്നെയും വിലവർധിക്കുമെന്നതും ലളിതപാഠമാണ്. ഉപഭോക്തൃ വില സൂചിക ആറ് ശതമാനം കണ്ട് വർധിച്ചിരിക്കുന്നു. ശ്രീലങ്കയിൽ കുതിച്ചുയർന്ന് കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ നമ്മുടെ രാജ്യത്തും അനുദിനമുള്ള അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം.
ഉൽപന്നങ്ങളുടെ ഡിമാൻ്റ്, ഉൽപാദന കുറവ് ഇതെല്ലാം വിലക്കയറ്റം ഉണ്ടാക്കുന്ന വസ്തുതകളാണ്. ആന്ധ്രയിൽ നിന്ന് വരുന്ന അരിയുടെ വില വർധിക്കുന്നത് ചരക്കു കൂലി വർധനവ് കൊണ്ട് മാത്രമല്ല ഉൽപാദന ചെലവ് കൂടുന്നതിനാലുമാണ്. ഇന്ധനവില വർധിക്കാത്ത അവസ്ഥയിലും ചില വ്യാപരികൾ വില വർധിപ്പിക്കുന്നുണ്ട്. ഉൽപാദനത്തിൽ കുറവുണ്ടാകുമെന്ന കണക്കുകൂട്ടലിൽ അവർ സാധനങ്ങൾ പൂഴ്ത്തിവച്ച് ക്ഷാമം കൃത്രിമമായി ഉണ്ടാക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്ഷ്യ വസ്തുക്കൾ വിപണയിൽ കാണാത്തത് പൂഴ്ത്തിവയ്പ്പ് കൊണ്ടായിരിക്കണം. ഇതിനെതിരേ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് തയാറാകുന്നില്ലെങ്കിൽ പൊറുതിമുട്ടുന്ന ഒരവസ്ഥയിലേക്കായിരിക്കും പൊതുജീവിതം എത്തുക.
റഷ്യ-ഉക്രൈൻ യുദ്ധം യാതൊരു ശമനവുമില്ലാതെ തുടരുന്നതും വിലക്കയറ്റം രൂക്ഷമാക്കുന്നുണ്ട്. ലോക ഭക്ഷ്യസംഭരണത്തെയും വിതരണത്തെയും ഇപ്പോൾ തന്നെ യുദ്ധം ബാധിച്ചുകഴിഞ്ഞു. ഗോതമ്പ് യഥേഷ്ടം വിളയുന്ന രാജ്യങ്ങളാണ് റഷ്യയും ഉക്രൈനും. യുദ്ധം കയറ്റുമതിയെ ബാധിച്ചതിനാൽ അമ്പതിലധികം രാജ്യങ്ങൾ ഗോതമ്പ് കിട്ടാതെ വിഷമിക്കുകയാണ്. റഷ്യയും-ഉക്രൈനും അവരുടെ കയറ്റുമതി പരിമിതപ്പെടുത്തി ഉൽപന്നങ്ങൾ സംഭരിച്ചു വയ്ക്കുന്നതിനാൽ കടുത്ത ഭക്ഷ്യക്ഷാമമായിരിക്കും ആഗോള വ്യാപകമായി വരാൻ പോകുന്നത്. ക്ഷാമം മൂർച്ഛിക്കുമ്പോൾ വിലക്കയറ്റം തടുത്ത് നിർത്താനാവില്ല. കൊവിഡ് മഹാമാരി ആഗോള സമ്പദ് വ്യവസ്ഥയെ തകർത്തതിന് പിന്നാലെയാണ് റഷ്യ-ഉക്രൈൻ യുദ്ധം ഭക്ഷ്യക്ഷാമം കഠിനമാക്കിയിരിക്കുന്നത്.
ലോകത്ത് പട്ടിണി കിടക്കുന്നവരുടെ എണ്ണം കൂടുവാൻ ഇപ്പോഴത്തെ പ്രതിസന്ധി കാരണമാകുമെന്നതിന് സംശയമില്ല. ഇന്ത്യയിലും പട്ടിണി മരണങ്ങൾ സംഭവിച്ചേക്കാം. രാജ്യങ്ങളുടെ ഭക്ഷ്യ ഉൽപന്നങ്ങളുടെ സംഭരണശേഷിയെയാണ് കഴിഞ്ഞ രണ്ട് വർഷത്തെ കൊവിഡ് മഹാമാരി തകർത്തുകളഞ്ഞത്. യു.എൻ ഭക്ഷ്യ കാർഷിക സംഘടന (എഫ്.എ.ഒ) പറയുന്നത് 2020 ന്റെ രണ്ടാം പകുതി മുതൽ ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെ വില വർധിക്കുന്നുണ്ടെന്നാണ്.
പല രാജ്യങ്ങളും ഉൽപാദന കുറവ് മൂലവും യുദ്ധത്താലും അന്താരാഷ്ട്ര വിപണി അടച്ചിട്ടിരിക്കുകയാണ്. ഇതും ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ വില വർധിക്കാൻ കാരണമാകും. രാസവള ഇറക്കുമതി കുറഞ്ഞതിനാൽ നമ്മുടെ രാജ്യത്തെ കാർഷികോൽപന്നങ്ങളെ അത് ഗുരുതരമായി ബാധിക്കും. റഷ്യയിൽ നിന്നും ഉക്രൈനിൽ നിന്നുമാണ് ഇന്ത്യ പ്രധാനമായും രാസവളം ഇറക്കുമതി ചെയ്യുന്നത്. വളത്തിന്റെ വിലക്കയറ്റം കൂടി വരുമ്പോൾ ഉൽപാദനം പാടെ കുറയും. വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എറിയുന്നത് പോലുള്ള തീവ്രമായ അനുഭവമായിരിക്കും സാധാരണക്കാരായ മനുഷ്യർക്ക് അതിരുകളില്ലാത്ത വിലക്കയറ്റം ഉണ്ടാക്കാൻ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."