മൂന്നിടത്തും ഭരിക്കുന്നത് ബി.ജെ.പി സഖ്യം; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പി സഖ്യം. 33 സീറ്റ് നേടിയ ബി.ജെ.പിയും നാലു സീറ്റുള്ള ഐ.പി.എഫ്.ടിയും ചേർന്നതാണ് ത്രിപുരയിലെ എൻ.ഡി.എ സഖ്യം. പ്രതിപക്ഷത്തിനുള്ളത് 16 സീറ്റുകൾ. ഇതിൽ 15 എണ്ണവും സി.പി.എമ്മാണ്. 2018ലെ തെരഞ്ഞെടുപ്പിൽ ഇടത് ഭരണം അവസാനിപ്പിച്ചാണ് ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത്. ബിപ്ലബ് ദേബ് മുഖ്യമന്ത്രിയായെങ്കിലും 2022 മെയിൽ അദ്ദേഹത്തെ മാറ്റി ഡോ. മാണിക് സാഹയെ മുഖ്യമന്ത്രിയാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കി മത്സരിക്കുകയാണ് കോൺഗ്രസ്.
20 സീറ്റുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി)യാണ് മേഘാലയ ഭരിക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിൽ ഏറ്റവും വലിയ കക്ഷി. ബി.ജെ.പിക്ക് മൂന്ന് സീറ്റാണുള്ളതെങ്കിലും ഭരണത്തിന്റെ ഭാഗമാണ്. മേഘാലയയിൽ 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 21 സീറ്റുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാൽ 20 സീറ്റ് നേടിയ എൻ.പി.പി മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കി അധികാരം പിടിച്ചു. കോൺഗ്രസ് അംഗങ്ങളിൽ ഭൂരിഭാഗവും തൃണമൂൽ കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുടെ നേതൃത്വത്തിൽ 11 കോൺഗ്രസ് എം.എൽ.എമാരാണ് തൃണമൂലിൽ ചേർന്നത്.
12 സീറ്റുള്ള ബി.ജെ.പി ഉൾപ്പെടുന്ന യുനൈറ്റഡ് ഡെമോക്രാറ്റിക് അലയൻസാണ് നാഗാലാൻഡ് ഭരിക്കുന്നത്. 42 സീറ്റുള്ള നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയാണ് ഏറ്റവും വലിയ കക്ഷി. നാഗാലാൻഡിൽ നിലവിൽ പ്രതിപക്ഷമില്ല.
ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നലെയാണ് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ത്രിപുരയിൽ ഫെബ്രുവരി 16നും നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലും 60 സീറ്റു വീതമാണുള്ളത്. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും. കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, തമിഴ്‌നാട്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27ന് നടത്തും.
മാർച്ച് രണ്ടിനു തന്നെയായിരിക്കും ഇവിടങ്ങളിലെയും വോട്ടെണ്ണൽ. ത്രിപുരയിൽ ഈ മാസം 30ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഫെബ്രുവരി രണ്ടുവരെ പിൻവലിക്കാം. മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി ഏഴുവരെയാണ് നാമനിർദേശ പ്രത്രിക സമർപ്പിക്കാനുള്ള സമയം. 10വരെ പിൻവലിക്കാം.
അരുണാചൽപ്രദേശ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഒരോ നിയമസഭാ സീറ്റുകളിലേക്കും മഹാരാഷ്ട്രയിലെ രണ്ടു സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."