HOME
DETAILS

ഇസ്‌ലാമിക ദർശനങ്ങളും ശ്രീനാരായണീയ കാഴ്ചപ്പാടുകളും

  
backup
January 19 2023 | 03:01 AM

86534895-2

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

കേരളീയ നവോത്ഥാന നായകനെന്ന പേരിൽ വിശ്രുതനായ ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്കും ദർശനങ്ങൾക്കും വർത്തമാന സാമൂഹികാന്തരീക്ഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. 1856 ഓഗസ്റ്റ് 20-ന് തിരുവനന്തപുരത്ത് ചെമ്പഴന്തിയിൽ മാടൻ ആശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച ഗുരുവിന്റെ ജീവിതമത്രയും ജാതി കോമരങ്ങൾക്കെതിരേയുള്ള പോരാട്ടമായിരുന്നു. ഏറെ വേദനാജനകവും അസഹനീയവുമായ ജാതിവിവേചനം അതിരൂക്ഷമായ കാലത്ത് മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചു. എന്നാൽ, ഗുരുജി വിഭാവനം ചെയ്ത സാഹോദര്യ സങ്കൽപം പതിനാലു നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവാചകൻ മുഹമ്മദ് നബി(സ്വ)യിലൂടെ സർവശക്തനായ അല്ലാഹു സമൂഹത്തെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ടെന്നതാണ് ചരിത്ര യാഥാർഥ്യം.


ഹേ മർത്യകുലമേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കുവാൻ വേണ്ടി നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിങ്കൽ നിങ്ങളിലെ അത്യാദരണീയൻ ഏറ്റം ധർമനിഷ്ഠനത്രേ. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്(വി.ഖു. 49:13).


മുസ്‌ലിം-ജൂത-ക്രൈസ്തവമതങ്ങളിലെല്ലാം ഉൾച്ചേർന്ന, മനുഷ്യരെല്ലാവരും ആദമിലൂടെയും ഹവ്വായിലൂടെയും പിറവികൊണ്ടതാണെന്ന വിശ്വാസ സന്ദേശം തന്നെയാണ് ഗുരുജിയും വിളിച്ചോതിയത്. മനുഷ്യരെല്ലാവരും ഏക ജാതിയും ഏക മാതാപിതാക്കളുടെ സന്തതികളുമാണെന്ന ഇസ്‌ലാമിക സാഹോദര്യ ദർശനംതന്നെ ഗുരുജിയുടെ കാഴ്ചപ്പാടുകളിലും പ്രബോധനത്തിലും മികച്ചുനിന്നു. 72 വർഷക്കാലം മലയാളക്കരയിൽ മാനവിക സ്‌നേഹ, സാഹോദര്യത്തിന്റെ സന്ദേശ പ്രചാരകനായ ഗുരു 1928 സെപ്റ്റംബർ 20- ന് സമാധിയായി. ജീവിത കാലയളവിൽ ശ്രദ്ധേയമായ പല പരിഷ്‌കരണങ്ങളും മുന്നേറ്റങ്ങളും പരിവർത്തനങ്ങളും നടത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സാമ്പത്തിക ഔന്നത്യം, ആരോഗ്യാവസ്ഥ, സ്വഭാവ സവിശേഷത തുടങ്ങി നിരവധി സ്ഥിതി ഭേദങ്ങൾ മനുഷ്യരിൽ നിലനിൽക്കുന്നുണ്ടെങ്കിലും സർവ മനുഷ്യരും ഒന്നാണെന്ന പ്രവാചകന്മാരുടെ അധ്യാപനം തന്നെയായിരുന്നു ഗുരുവും മുന്നോട്ടുവെച്ചത്. കെട്ടു കല്യാണ ആചാരം, സർപ്പപ്പാട്ട് ആചാരം തുടങ്ങി സമൂഹത്തിൽ നിലനിന്നിരുന്ന നിരവധി അന്ധവിശ്വാസങ്ങൾക്കും മൂഢപ്രവർത്തനങ്ങൾക്കുമെതിരേ ശബ്ദമുയർത്തിയും ജീവിത വ്രതം അനുഷ്ഠിച്ചും അതിനെതിരേ കൃത്യമായി പ്രതികരിക്കാനും പോരാട്ടം നടത്താനും അദ്ദേഹം മുന്നോട്ടുവന്നു.


സമൂഹത്തിൽ തുറന്ന പുസ്തകമായി ജീവിതം നയിച്ച ശ്രീനാരായണ ഗുരുവിനെ ദൈവമായി സങ്കൽപ്പിക്കുന്നതും ദിവ്യ പരിവേഷം നൽകി ചില്ലിട്ടു സൂക്ഷിക്കുന്നതും ഭൂഷണമല്ല. കാരണം, 'മനുഷ്യർദൈവമാകില്ല' എന്ന് തീർത്ത് പറഞ്ഞ അദ്ദേഹം ആൾദൈവ സങ്കൽപങ്ങളെ നിശിതമായി വിമർശിക്കുകയുംചെയ്തു. സമൂഹത്തിൽ നിലനിന്നിരുന്ന വിവാഹ ധൂർത്തുകൾക്കെതിരേയും മദ്യപാനത്തിനെതിരേയും തുറന്ന യുദ്ധ പ്രഖ്യാപനം നടത്തിയ ജീവിതമായിരുന്നു ഗുരു മുന്നോട്ടുവച്ചത്. 'മദ്യംചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്', 'മനുഷ്യർ പണംകൊടുത്ത് ഭ്രാന്ത്‌വാങ്ങുന്ന മൗഢ്യമാണ് മദ്യം' തുടങ്ങിയ അദ്ദേഹത്തിന്റെ വചനങ്ങൾക്ക് മദ്യ വ്യവസായം സാർവത്രികമായി കൊഴുക്കുന്ന അഭിനവ കാലത്ത് പ്രാധാന്യമേറെയാണ്. ദാരിദ്ര്യം പ്രതിരോധിക്കാൻ വേറെ എന്താണ് പരിഹാരം എന്ന് ചോദിച്ച ചെത്തുകാരനോട് നീ ചെത്തുന്ന കത്തികൊണ്ട് നാല് ക്ഷൗരക്കത്തി ഉണ്ടാക്കുക, അതാണ് ഇതിനേക്കാൾ പവിത്രമായ ജോലി എന്നായിരുന്നു ഗുരുവിന്റെ മറുപടി. വിവാഹവിച്ഛേദനങ്ങൾ, കുടുംബ കലഹങ്ങൾ, കൊലപാതകങ്ങൾ, നീതി നിഷേധം അക്രമണങ്ങൾ തുടങ്ങിയ എല്ലാ സാമൂഹിക തിന്മകളുടെയും നിദാനം മദ്യമാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഏറെ പ്രസിദ്ധമത്രേ.


വൈജ്ഞാനിക നവോത്ഥാന വിപ്ലവങ്ങൾക്ക് ശ്രീനാരായണഗുരു നൽകിയ സംഭാവനകളും അവിസ്മരണീയമാണ്. സമ്പന്നരുമായി അടുത്ത ബന്ധം സ്ഥാപിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിയാൻ അദ്ദേഹം താൽപര്യം കാണിക്കുകയും അനുയായികളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. കള്ള് കുടിച്ച് നടന്ന പുലയരോട് അധ്വാനിച്ചുകിട്ടുന്ന കൂലിയുടെ ഒരംശം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി മാറ്റിവെക്കാനും ആവശ്യപ്പെട്ടു. അധ്വാന ശീലം പ്രോത്സാഹിപ്പിച്ച ഗുരുജി സ്വന്തമായി നെയ്ത്തുശാല സ്ഥാപിക്കുകയും അതുവഴി സ്വയംപര്യപ്തത നേടിയെടുക്കാൻ അനുയായികൾക്ക് വഴിതുറന്നു കൊടുക്കുകയുമുണ്ടായി.
ജാതി-വർണ-വർഗ ചിന്തകൾ അതിരൂക്ഷവും അസഹനീയവുമായി വേരൂന്നിയ സാമൂഹിക പരിതഃസ്ഥിതിയിൽ 'ഒരുജാതി, ഒരുമതം, ഒരുദൈവം' എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. വംശീയതയും ജാതീയതയും മതകീയതയും നിറഞ്ഞുനിന്ന സാമൂഹ്യ ഉച്ചനീചത്വത്തിനെതിരായിരുന്നു ഗുരുവിന്റെ അധ്യാപനം. ഒരിക്കൽ ഗുരു തീവണ്ടി യാത്രയിലായിരിക്കെ സഹയാത്രികൻ ചോദിച്ചു: ജാതി ഏതാ? ഗുരു: കണ്ടിട്ട് മനസിലാകുന്നില്ലേ? സഹയാത്രികൻ: ഇല്ല. ഗുരു:കേട്ടാൽ മനസിലാകുമോ? തന്റെ ജാതി മാനവികതയാണെന്ന വലിയ സന്ദേശമായിരുന്നു ഗുരു വിളംബരം ചെയ്തത്. അരുവിപ്പുറത്ത് ക്ഷേത്ര ചുമരിൽ അദ്ദേഹം ഇങ്ങനെ എഴുതിവച്ചു: ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സർവരും സോദര ത്വേനവാഴുന്ന മാതൃകാസ്ഥാനമാണിത്.


അക്ഷന്തവ്യമായ ജാതിവ്യവസ്ഥ നിലകൊള്ളുകയും മഹാഭൂരിപക്ഷം വരുന്ന അവർണവിഭാഗങ്ങൾ അതിനിഷ്ഠുരമായ കിരാത സമീപനങ്ങൾക്കു പാത്രമായിവരികയും ചെയ്തകാലമായിരുന്നു അത്. മൃഗങ്ങളുടെ വില പോലും അവർക്കു നൽകപ്പെട്ടിരുന്നില്ല.


'തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലെ ഹോ, ജാതിക്കോമരങ്ങൾ'


എന്ന് കുമാരനാശാൻ 'ദുരവസ്ഥ'യിൽ വിവരിച്ച ആ സാമൂഹിക ജീർണതയെ ചെറുത്തുതോൽപ്പിച്ച് സമൂഹത്തെ മനുഷ്യനെന്ന ഏകത്വത്തിൽ ഗുരുജി ബന്ധിച്ചു. ജാതി ചിന്തകൾക്കെതിരേ വിപ്ലവാത്മകമായ ആശയങ്ങൾ പ്രചരിപ്പിച്ചും നവോത്ഥാന ചിന്തകൾ പരിചയപ്പെടുത്തിയും ആയുസ് തീർത്ത ഗുരു അവസാന കാലം സന്യാസ ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു. തന്റെ ആശയങ്ങളും ചിന്തകളും സമൂഹം യഥായോഗ്യം അംഗീകരിക്കുന്നില്ല എന്ന് പരിതപിച്ചു നാടുവിടുകയും ചെയ്തു. ഗുരുവിന്റെ ആശയങ്ങളും ചിന്തകളും ഏറെ പ്രസക്തമാവുന്ന പുതിയ കാലത്ത് നവോത്ഥാന, സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ഉയർന്നുവരേണ്ടതുണ്ട്.


അക്ഷര പഠനത്തിനും വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നൽകുന്ന മതമാണ് ഇസ് ലാം. പ്രവാചകൻ മുഹമ്മദ് നബി(സ്വ)യിലൂടെ അല്ലാഹു ആദ്യം കൽപിച്ചത് വായിക്കാനായിരുന്നു. യുദ്ധവേളയിൽ തടവിലാക്കപ്പെട്ടവരുടെ മോചനദ്രവ്യം നാലായിരം ദിർഹമും അതിന് സാധിക്കാത്തവർ നിരക്ഷരരായ പത്ത് പേർക്ക് അധ്യാപനം നടത്തുക എന്നതുമായിരുന്നു. പ്രവാചക പാഠശാലയിലേക്ക് ആഫ്രിക്ക, പേർഷ്യ, റോം തുടങ്ങി ദേശാതിർത്തികൾ ഭേദിച്ച് ജ്ഞാനദാഹികൾ ഒഴുകിയെത്തി. വിദ്യാഭ്യാസത്തിൽ ജാതി-മത വിവേചനമില്ലെന്നും ഇസ്‌ലാം പ്രഖ്യാപിച്ചു. കേരളീയ മുസ്‌ലിംകൾ പിന്തുടരുന്ന ശാഫിഈ കർമസരണിയുടെ സാരഥി ഇമാംശാഫിഈക്ക് അമുസ്‌ലിമായ ഒരു അധ്യാപകനുണ്ടായിരുന്നുവെന്നും ഇമാം അദ്ദേഹത്തെ കാണുമ്പോഴൊക്കെയും ബഹുമാനാദരങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നതും പ്രസിദ്ധമായ ചരിത്രമാണ്.


വൈജ്ഞാനിക പ്രസരണ മേഖലയിൽ ശ്രദ്ധേയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന വിദ്യാപീഠമാണ് മലപ്പുറം ജില്ലയിലെ ചെമ്മാട് ഹിദായ നഗർ ആസ്ഥാനായി പ്രവർത്തിക്കുന്ന ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല. നാലു പതിറ്റാണ്ടുകാലമായി കേരളത്തിനകത്തും പുറത്തും മത-ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലകളിൽ വ്യക്തമായ അടയാളപ്പെടുത്തലുകൾ നടത്താൻ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഒരുവ്യാഴവട്ടക്കാലം വിദ്യാർഥികൾക്ക് പൂർണ സൗജന്യമായിവിദ്യാഭ്യാസവും ഭക്ഷണവും താമസസൗകര്യങ്ങളും നൽകിയാണ് അവരെ സമൂഹ നിർമിതിക്കായി സജ്ജമാക്കുന്നത്. ദാറുൽഹുദായുടെ വൈജ്ഞാനിക വിപ്ലവങ്ങൾ ദേശാന്തരങ്ങളിലേക്കുവരെ സംക്രമിച്ചിട്ടുണ്ടെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു. പൂർവ വിദ്യാർഥി കൂട്ടായ്മയുടെ കീഴിലും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നിരവധി സംസ്ഥാനങ്ങളിലേക്കു പ്രസരിച്ചിട്ടുണ്ട്.


ഗുരുവിന്റെ ചിന്തകൾ ശ്രീനാരായണീയരിലൂടെ കൂടുതൽ അനുസ്മരിക്കപ്പെടുന്നു എന്നത് സന്തോഷകരമാണ്. ജാതിചിന്തകളും വംശീയദർശനങ്ങളും പാർശ്വവൽക്കരണവും ഒരിക്കൽകൂടി ഉയർന്നുവരുന്ന വർത്തമാന കാലത്ത് ഗുരുജിയുടെ ജീവിത പാഠങ്ങൾക്കും ആധ്യാത്മിക പരിപ്രേക്ഷ്യങ്ങൾക്കും കൂടുതൽ പ്രസക്തിയുണ്ടെന്ന കാര്യം തീർച്ചയാണ്.

(തൃശൂരിലെ ടി.ആർ രാഘവൻ ട്രസ്റ്റ് ഏർപെടുത്തിയ ശ്രീനാരായണ അവാർഡ് ദാന ചടങ്ങിൽ ലേഖകൻ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  24 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  24 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  24 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  24 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  24 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  24 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  24 days ago