ലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷം പമ്പുകളിൽ നീണ്ടവരി, സംഘർഷം; പട്ടാളത്തെ ഇറക്കി സർക്കാർ
കൊളംബോ
മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ പെട്രോൾ പമ്പുകളിൽ നീണ്ട വരിയും സംഘർഷവും. ഇന്ധനത്തിന് വേണ്ടിയുള്ള ജനങ്ങളുടെ തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ ശ്രീലങ്കൻ സർക്കാർ പട്ടാളത്തെയിറക്കി. ഇതോടെ പെട്രോൾ പമ്പുകളുടെ നിയന്ത്രണം പലയിടത്തും സൈന്യത്തിന് കീഴിലായി. ഇന്ധന വിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ഉയർത്തുന്ന വെല്ലുവിളിക്കൊപ്പം ദ്വീപ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. പെട്രോൾ ലഭിക്കാൻ മണിക്കൂറുകളാണ് പലരും പമ്പുകൾക്ക് മുമ്പിൽ വരിനിൽക്കുന്നത്. ഇത് പലയിടത്തും വലിയ ഗതാഗതകുരുക്കിനും കാരണമായി. തടിച്ചുകൂടിയ ജനക്കൂട്ടം അക്രമാസക്തരായതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനായി സർക്കാർ പട്ടാളത്തെ രംഗത്തിറക്കിയത്. പുതിയ സാഹചര്യത്തിൽ കരിഞ്ചന്തയും വ്യാപകമാണ്. കാനുകളിൽ ഇന്ധനം നിറച്ച് ഇരട്ടിവിലയ്ക്ക് വിൽക്കുന്നവരുമുണ്ട്. ഇന്ധനത്തിന് വേണ്ടി വരിനിൽക്കുന്നതിനിടെ ഏതാനും പേർ മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതോടെ അഞ്ചുമണിക്കൂർ പവർകട്ടും കാര്യങ്ങൾ വിഷളാക്കിയിട്ടുണ്ട്. വൈദ്യുതി ഇല്ലാത്തതിനാൽ ജനറേറ്ററുകളുടെ ഉപയോഗം കൂടിയതും പ്രശ്‌നം ഗുരുതരമാക്കി. പാചകവാതക വില കുത്തനെ ഉയർത്തിയതിനാൽ പാചകം ചെയ്യാനായി ജനങ്ങൾ മണ്ണെണ്ണ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെ മണ്ണെണ്ണയ്ക്കും ഉപഭോഗം ഏറി. ഇന്നലെ 76 രൂപ (280 ലങ്കൻ കറൻസി) ആണ് രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില. കഴിഞ്ഞ ഡിസംബറിൽ 49 രൂപ (184 ലങ്കൻ കറൻസി) ആയിരുന്നു വില. അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് പുറമെ പേപ്പറിന്റെയും അച്ചടി മഷിയുടെയും ക്ഷാമം വിദ്യാഭ്യാസത്തെയും ബാധിച്ചു. സ്‌കൂളുകളിൽ പരീക്ഷകൾ അനിശ്ചിത കാലത്തേക്ക് മാറ്റി. ചോദ്യപ്പേപ്പർ അച്ചടിക്കാനുള്ള കടലാസും മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാതെ വന്നതോടെയാണ് ഈ മാസാവസാനം നടക്കേണ്ട അവസാന പരീക്ഷകൾ മാറ്റിയത്. 1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലങ്ക നേരിടുന്നത്. കടുത്ത വിദേശ നാണ്യ പ്രതിസന്ധിയാണ് ശ്രീലങ്കയെ അതിവേഗം കുഴപ്പത്തിൽ എത്തിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ലങ്ക സഹായം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."