പാര്‍ട്ടിക്കാര്‍ വീട്ടില്‍ കയറരുത്, ഭാര്യ എന്നെ ചുവപ്പ് പുതപ്പിച്ചോളും: ആശുപത്രിക്കിടക്കയില്‍ നിന്ന് നൊമ്പരമായി ജോഷിയുടെ കത്ത്
തൃശ്ശൂർ: ''അടുത്തൊരു സ്‌ട്രോക്കിൽ ഞാൻ ഇല്ലാതായാലും ഒരാളും പാർട്ടിയുടെ പേരുപറഞ്ഞ് വീട്ടിൽ വരരുത്. എന്റെ കെട്ട്യോള് എന്നെ ചോപ്പു പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം''. 82 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിട്ടും വിദഗ്ധ ചികിത്സക്ക് പണം ലഭിക്കാതെ കഴിയുന്ന ജോഷി ആന്റണി എന്ന സി.പി.എം പ്രവർത്തകന്റെ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്. സി.പി.എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പ് മൂലം രണ്ടുലക്ഷം രൂപ മാത്രമാണ് ജോഷിക്ക് ലഭിച്ചത്. ചികിത്സക്ക് പോലും പണമില്ലാതെ കഴിയുന്നതിലുള്ള അമർഷമാണ് ജോഷിയുടെ കത്തിൽ.
കരുവന്നൂർ സഹകരണ ബാങ്കിന്റെ മാപ്രാണം ശാഖാ മാനേജർ, അഡ്മിനിസ്‌ട്രേറ്റർ എന്നിവർക്കാണ് ജോഷി ആന്റണി വാട്‌സാപ്പിലൂടെ കത്തയച്ചത്. മസ്തിഷ്‌കാഘാതംമൂലം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജോഷിയിപ്പോൾ.
കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:
''ഇടതുചെവിയുടെ ശേഷി നഷ്ടമായി. ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞു. മുഖം കോടിപ്പോയി. മരുന്നും ഫിസിയോതെറാപ്പിയുമായി കഴിയുന്നു. സ്‌കാനിങ്ങിന് വിധേയനായപ്പോഴാണ് കഴുത്തിൽ ട്യൂമർ വളരുന്നത് കണ്ടെത്തിയത്. 2016ൽ ഒരുതവണ ട്യൂമർ നീക്കിയതാണ്. ഇവിടെനിന്ന് ഡിസ്ചാർജ് ആയാൽ അമൃത ആശുപത്രിയിൽ ട്യൂമർ സർജറിക്കു പോകണം.
രാപകൽ കഠിനാധ്വാനം ചെയ്തതും കുടുംബസ്വത്ത് ഭാഗംവെച്ചപ്പോൾ കിട്ടിയതും ചേർത്ത് നിക്ഷേപിച്ചത് എന്റെ പാർട്ടി ഭരിക്കുന്ന കരുവന്നൂർ ബാങ്കിലാണ്. അതു തരാതിരിക്കാൻ ഹൈക്കോടതിയിൽ എനിക്കെതിരേ ബാങ്കിന്റെ വക്കീലും കൂടെ സർക്കാർ വക്കീലും ചേർന്നാണ് യുദ്ധം.
പാർട്ടിയെയും ബാങ്കിനെയും വിശ്വസിച്ചതാണ് എന്റെ തെറ്റ്. 16 വയസ്സു മുതൽ പോലീസ് കേസുകളും കൊടിയ മർദനങ്ങളും സഹിച്ചതുമെല്ലാം പാർട്ടിക്കുവേണ്ടിയാണ്. പറ്റുമെങ്കിൽ ഈ കത്ത് പിണറായി വിജയന്റെയോ കെ. രാധാകൃഷ്ണന്റെയോ ശ്രദ്ധയിൽ പെടുത്തുമല്ലോ''
ഏറെ വിവാദമായ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഎമ്മിന് ഏറെ ക്ഷീണം വരുത്തിയിരുന്നു. ഇതിനിടെയാണ് ജോഷിയുടെ കത്ത് കൂടി പുറത്തുവരുന്നത്. നേരത്തെ ഗുരുതരമായ അപകടം പറ്റിയ ജോഷിയുടെ ആരോഗ്യസ്ഥിതി ഏറെ മോശം അവസ്ഥയിലാണ് ഉള്ളത്. ഈ സമയത്ത് വിദഗ്ധ ചികിത്സയിലൂടെ മാത്രമേ ജോഷിയുടെ ജീവൻ നിലനിർത്താൻ സാധിക്കൂ.
എന്നാൽ 80 ലക്ഷം രൂപ ബാങ്ക് തിരിച്ചുനൽകാതെ പിടിച്ചു വച്ചിരിക്കുകയാണ്. ഏറെ പണം ആവശ്യമുള്ള ഈ സമയത്ത് പണം നൽകാതിരിക്കാൻ വേണ്ടി ഹൈക്കോടതിയിൽ ബാങ്കും സർക്കാരും ചേർന്ന് ജോഷിക്കെതിരെ കേസ് നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."