40 വര്‍ഷമായി ഇസ്‌റാഈല്‍ ജയിലിലടച്ച മഹെര്‍ യൂനിസ് മോചിതനായി
അരാര (ഇസ്‌റാഈല്‍): ഇസ്‌റാഈല്‍ സൈനികനെ കൊലപ്പെടുത്തിയ കേസില്‍ 40 വര്‍ഷമായി തടവില്‍ കഴിയുന്ന അറബ്-ഇസ്‌റാഈലി മഹെര്‍ യൂനിസ് മോചിതനായി. തെക്കന്‍ ഇസ്‌റാഈലിലെ ബീര്‍ഷെബ ജയിലില്‍ നിന്ന് ഇദ്ദേഹം പുറത്തിറങ്ങിയതായി പലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് അറിയിച്ചു.
'കൊലപാതകിയായ ഭീകരന്‍' മഹെര്‍ യൂനിസിനെ ഇന്ന് രാവിലെ ജയില്‍ മോചിതനാക്കുമെന്ന് ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെ ഓഫിസ് നേരത്തേ അറിയിച്ചിരുന്നു. 'ഭീകരതയെ' മഹത്വവല്‍ക്കരിക്കുന്ന ആഘോഷങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കി.
1980ല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ വെച്ച് ഇസ്‌റാഈല്‍ സൈനികന്‍ അവ്‌റഹാം ബ്രോംബര്‍ഗിനെ കൊലപ്പെടുത്തിയ കേസില്‍ 1983ലാണ് മഹെര്‍ യൂനിസ് ശിക്ഷിക്കപ്പെട്ടത്. വധശിക്ഷ 40 വര്‍ഷത്തെ തടവായി ഇളവ് ചെയ്യുകയായിരുന്നു. ഇതേ കുറ്റത്തിന് 40 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച ശേഷം ഇദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗം കരിം യൂനിസ് മോചിതനായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് മഹറിന്റെ മോചനം. തന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ കരീമിനെ നൂറുകണക്കിന് അനുയായികള്‍ ഫലസ്തീന്‍ പതാക വീശിയാണ് അന്ന് സ്വീകരിച്ചത്.
'ഭീകര പതാകകള്‍ വീശുന്നതും ഭീകരനെ വീരന്‍ എന്നു വിളിക്കുന്നതും നിയമവിരുദ്ധ നടപടികളാണെന്നും അവ തടയാനും അങ്ങനെ സംഭവിച്ചാല്‍ ഉടന്‍ പിരിച്ചുവിടാനും പൊലിസിന് നിര്‍ദേശം നല്‍കിയതായി ബെന്‍ഗ്വിറിന്റെ ഓഫിസ് പറഞ്ഞു.
ഇസ്‌റാഈലിലെ അറബ് ന്യൂനപക്ഷത്തിലെ അംഗമാണ് മഹെറും യൂനിസും. അവരില്‍ പലരും പലസ്തീന്‍കാരായാണ് അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."