രാഷ്ട്രീയം അരാഷ്ട്രീയമാവുമ്പോള്‍
മാറി മാറി ഇരു മുന്നണികളേയും അധികാരത്തിലേറ്റുന്ന കേരളീയ രാഷ്ട്രീയപാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ അതൊരു പ്രബുദ്ധതയുടെ അടയാളമായി നാം ഉയര്‍ത്തിക്കാട്ടാറുണ്ട്. ഏതോ പാര്‍ട്ടിക്കോ മുന്നണിക്കോ ആട്ടിത്തെളിച്ചു പോളിങ് ബൂത്തിലേക്ക് കൊണ്ടുപോകാന്‍ പറ്റുന്നവരല്ല നമ്മള്‍. കൃത്യമായ രാഷ്ട്രീയബോധം വെച്ചു പുലര്‍ത്തുന്നവരാണ് എന്നൊക്കെ അഭിമാനപൂര്‍വം പറയും. പക്ഷേ, സൂക്ഷ്മ വിശകലനത്തില്‍ കുറേശ്ശെയ്ക്കുറേശ്ശെയായി മലയാളികളും അരാഷ്ട്രീയതയുടെ വഴിയിലേക്കാണോ നീങ്ങുന്നത് എന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. തുടര്‍ഭരണസാധ്യതയെന്ന സാമാന്യധാരണ അതാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഇടതുമുന്നണി ഭരണം വീണ്ടും അവരെത്തന്നെ അധികാരത്തിലേറ്റുന്നതിനെ നൂറു ശതമാനം ന്യായീകരിക്കുന്ന ഒന്നല്ല. അധികാര ദുര്‍വിനിയോഗത്തിന്റെ നിരവധി അനുഭവങ്ങള്‍ നമ്മുടെ കണ്‍മുന്‍പിലുണ്ട്. അഴിമതിക്കഥകളുണ്ട്. മറ്റേതു ഭരണവും പോലെ പ്ലസും മൈനസുമുള്ള അഞ്ചു വര്‍ഷങ്ങളിലൂടെയാണ് കേരളം കടന്നുപോയത്. പക്ഷേ സര്‍വേ ഫലങ്ങളില്‍ പ്രതിഫലിക്കുന്നത് കേരളത്തിന്റെ പൊതുമനസാണെങ്കില്‍ മൈനസുകള്‍ മുഴുവനും മറക്കാന്‍ മലയാളി സമ്മതിദായകര്‍ തയാറായിരിക്കുന്നു എന്നു പറയേണ്ടി വരും. അതിനു എന്താണ് കാരണം? ഉത്തരം വളരെ ലളിതമാണ്. കിറ്റുകള്‍, പെന്‍ഷന്‍... ഗൗരവപ്പെട്ട രാഷ്ട്രീയപ്രശ്‌നങ്ങളൊന്നും സമ്മതിദായകരുടെ മനസിലൂടെ കടന്നുപോകുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ അവരെ അലട്ടുന്നില്ല. വെല്‍ഫെയര്‍ രാഷ്ട്രീയത്തിലേക്ക് അവര്‍ മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ട്വന്റി ട്വന്റിയുടെ അരാഷ്ട്രീയ രാഷ്ട്രീയത്തിന്ന് എറണാകുളത്തും പരിസരത്തും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും അത്തരം ഗ്രൂപ്പുകള്‍ക്ക് വര്‍ധിച്ചുവരുന്ന ആത്മവിശ്വാസവും ശ്രദ്ധിക്കുക. ഏതാണ്ട് ഇതേ രീതിയിലാണ് ബി.ജെ.പി നഗരപ്രദേശങ്ങളിലും മധ്യവര്‍ഗത്തിന്നിടയിലും പ്രൊഫഷണലുകള്‍ക്കിടയിലും സ്വാധീനമുറപ്പിക്കുന്നത്. മെട്രോമാന്‍ ഇ. ശ്രീധരനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതിലും ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയതിലുമെല്ലാം അരാഷ്ട്രീയതയെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള ആസൂത്രണം കാണാനാവും. താരതമ്യേന സുരക്ഷിതരായ അവര്‍ക്ക് എല്‍.ഡി.എഫോ യു.ഡി.എഫോ പറയുന്ന പ്രത്യയശാസ്ത്ര വിഷയങ്ങളിലൊന്നും താല്‍പര്യമില്ല. പൊതുമേഖലയും പൗരത്വവും വിഷയമല്ല. മതേതരത്വത്തേയും സോഷ്യലിസത്തേയും പറ്റി അവര്‍ ചിന്തിക്കുന്നേയില്ല. ജീവിതത്തെ മറ്റൊരു കണ്ണട വെച്ചാണ് അവര്‍ നോക്കുന്നത്. മധ്യവര്‍ഗസമൂഹത്തിന്റെ ഈ കാഴ്ചപ്പാടിനെ ഇടത്തരക്കാരേക്കാളും താഴ്ന്നവരിലേക്കു കൂടി സംക്രമിപ്പിക്കാന്‍ ഇടതുമുന്നണി ഭരണത്തിനു കഴിഞ്ഞെന്നാണ് കിറ്റു രാഷ്ട്രീയം വെളിപ്പെടുത്തുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നഗരസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച ഹവാലക്കാരന്‍ ജയിച്ചതും അയാള്‍ക്ക് പകരം ഇടതുമുന്നണി നിയോഗിച്ച സ്ഥാനാര്‍ഥിക്ക് ഒറ്റ വോട്ടുപോലും കിട്ടാതെ പോയതും ഇത്തരം രാഷ്ട്രീയാഭാസങ്ങളെ നിരാകരിക്കാന്‍ ഇടതുപക്ഷത്തിനുപോലും സാധിക്കുന്നില്ല എന്നതിനു തെളിവാണ്. ജയിച്ചയാളും സംപൂജ്യനായ ആളും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് രംഗത്ത് ഒരേപോലെ സജീവം. ഇത് കൊടുവള്ളിയുടെ മാത്രം നാണക്കേടല്ല. പ്രസ്തുത രാഷ്ട്രീയമാണ് കേരളത്തിലെ ഏതാണ്ടെല്ലാ നിയമസഭാ മണ്ഡലങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങള്‍ക്കല്ല തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ വാരി വിതറുന്ന പണത്തിനാണ്. ഇടതിന്റേയും വലതിന്റേയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയും കാര്യത്തില്‍ സംഗതി ഒരേപോലെ.
കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നിര്‍ത്തിയ സ്ഥാനാര്‍ഥികളില്‍ ബഹു ഭൂരിപക്ഷം പേരും കോടീശ്വരന്മാരാണ് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം. കെ. മുരളീധരനോ പി.കെ കുഞ്ഞാലിക്കുട്ടിയോ സുരേഷ് ഗോപിയോ പ്രാതിനിധ്യം വഹിക്കുന്ന രാഷ്ട്രീയധാര മാത്രമല്ല സമ്പന്നരുടെ പിറകെ പോവുന്നത്. ഇത്തവണ മലപ്പുറം ജില്ലയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവരുടെ പ്രൊഫൈല്‍ ഒന്നു പരിശോധിച്ചു നോക്കുക. ഇടതുമുന്നണിയില്‍ അഞ്ചു പേര്‍ സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്, ഇവരെല്ലാവരും മുസ്‌ലിം ലീഗില്‍നിന്നു കൂറുമാറിയെത്തിയവര്‍. ഇടതു സ്ഥാനാര്‍ഥികളില്‍ എട്ടോ ഒന്‍പതോ പേര്‍ വമ്പന്‍ ബിസിനസുകാര്‍. ഇത് യു.ഡി.എഫിന്റെ കാര്യത്തിലും കാണാം. വലിയ പണക്കാരെ തേടിപ്പിടിച്ച് അവരും സ്ഥാനാര്‍ഥികളാക്കുന്നു. പേയ്‌മെന്റ് സീറ്റുകള്‍ രാഷ്ട്രീയരംഗത്ത് വര്‍ധിക്കുകയും അത് രാഷ്ട്രീയത്തെ മൂല്യരഹിതമാക്കുകയും ചെയ്യുന്നു എന്നതാണ് അനുഭവം. ഈ പ്രവണത വര്‍ധിച്ചുവരുമ്പോള്‍ പാര്‍ട്ടികള്‍ക്കുവേണ്ടി പോസ്റ്ററൊട്ടിക്കുകയും ചുമരെഴുതുകയും തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന സാധാരണ പ്രവര്‍ത്തകരുടെ ആത്മാര്‍ഥതയ്ക്ക് എന്തു വില?
കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് സമ്പന്നര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ മേല്‍ക്കൈ കിറ്റ് രാഷ്ട്രീയത്തിന്റെ മറ്റൊരു വശമാണ്. നാടിന്റെ വികസനത്തിനുവേണ്ടി ഞാന്‍ എന്റെ സി.എസ്.ആര്‍ ഫണ്ടില്‍നിന്ന് പണമെടുത്തു തരുമെന്ന് ഒരു സ്ഥാനാര്‍ഥി വാഗ്ദാനം ചെയ്യുകയുണ്ടായി. തൃശൂര്‍ ബസ്സ്റ്റാന്‍ഡിലെ കച്ചവടക്കാരോട് സുരേഷ് ഗോപി പറഞ്ഞതും ഇതുതന്നെ. ഒന്നുകില്‍ എം.പി ഫണ്ടില്‍നിന്നു പണം തരാം, എം.എല്‍.എ ആക്കിയാല്‍ എം.എല്‍.എ ഫണ്ടില്‍നിന്നു തരാം. അല്ലെങ്കില്‍ ഒരു കോടി രൂപ കൈയില്‍ നിന്നെടുത്തു തരാം. ഇതിന്റെ സൂക്ഷ്മധ്വനികള്‍ നാം കാണാതെ പോകരുത്. സി.എസ്.ആര്‍ ഫണ്ടിലെയും സ്വന്തം അക്കൗണ്ടിലെയും കോടികളുടെ ബലത്തില്‍ ഈ ആളുകള്‍ അരാഷ്ട്രീയത ഊട്ടിയുറപ്പിക്കുകയാണ്. അതുവഴി ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുകയും സമ്പത്തിന്റെ അധീശത്വം ഉറപ്പിക്കുകയുമാണ്. ട്വന്റി ട്വന്റി രാഷ്ട്രീയകക്ഷികള്‍ക്ക് ജനകീയ ബദല്‍ എന്ന വ്യാജേന ഒരു വ്യവസായ സ്ഥാപനത്തിന്റെ താല്‍പര്യങ്ങളുടെ അരാഷ്ട്രീയത അടിച്ചേല്‍പ്പിക്കുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വക്താക്കളായി വരുന്നവരും സ്വന്തം സമ്പത്തിന്റെ മേല്‍ക്കോയ്മ മറ്റൊരര്‍ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. സമ്പന്നരെ സ്ഥാനാര്‍ഥികളാക്കുകയും അവര്‍ ആതുരസേവന രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നു മുതലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പാര്‍ട്ടികളും മുന്നണികളും യഥാര്‍ഥ രാഷ്ട്രീയത്തിന്റെ അര്‍ഥവും ഗൗരവവും ചോര്‍ത്തിക്കളയുകയാണ് ചെയ്യുന്നത്.
രാഷ്ട്രീയം അരാഷ്ട്രീയമാവുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇരു മുന്നണികളിലുമുള്ള മക്കള്‍ തരംഗം. മക്കളില്‍ മാത്രം ഇതൊതുങ്ങി നില്‍ക്കുന്നില്ല. കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ നമുക്ക് നൂറു നാക്കാണ്. എന്നാല്‍ ഇരുമുന്നണിയിലും അച്ഛന്മാരുടെ ബലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നിരവധി. ഷിബു ബേബി ജോണും ബാബു ദിവാകരനും കെ. മുരളീധരനും എം.കെ മുനീറും മാത്രമല്ല പ്രശസ്തരായ പിതാക്കളുടെ പ്രഗത്ഭരായ പുത്രന്മാരായുള്ളത്. ഇടതുമുന്നണിയിലെ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികളെങ്കിലും രണ്ടു വലിയ നേതാക്കളുടെ മക്കള്‍ക്ക് മത്സരിക്കാനും എം.പിയാവാനും എം.എല്‍.എയാവാനും വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയവയാണ്. ഈ കക്ഷികള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി മുന്നണികള്‍ മാറിക്കൊണ്ടിരിക്കുന്നു. എല്‍.ഡി.എഫായാലും യു.ഡി.എഫായാലും അവരെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു. അവര്‍ നിലനിര്‍ത്തിപ്പോരുന്ന രാഷ്ട്രീയമെന്താണെന്ന നോട്ടമേയില്ല. ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ എല്‍.ഡി.എഫ് കൈ നീട്ടി സ്വീകരിച്ചത് അതേവരെ കെ.എം മാണിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും കുറിച്ചു പറഞ്ഞതൊക്കെ തികച്ചും വിസ്മരിച്ചുകൊണ്ടാണ്. വീരേന്ദ്രകുമാര്‍ മുന്നണികള്‍ മാറി മാറിക്കയറിയതും തനിക്കും മകനും സീറ്റുറപ്പിക്കാന്‍ തന്നെ. ഇന്നലെവരെ എന്‍.ഡി.എയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന പി.സി തോമസിതാ ഇന്ന് ഒന്നാം ക്ലാസ് മതേതരവാദിയായി യു.ഡി.എഫില്‍. ബാലകൃഷ്ണപിള്ളയുടെ അനന്തരാവകാശിയായി ഗണേഷ് കുമാര്‍ എക്കാലത്തും ഏതെങ്കിലുമൊരു മുന്നണിയിലാണ്. കേരളത്തിലെ പ്രബുദ്ധരാഷ്ട്രീയവും പിന്തുടര്‍ച്ചയുടെ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. അതിന്റെ അര്‍ഥം അത് രാഷ്ട്രീയം കൈയൊഴിയുന്നു എന്നും അരാഷ്ട്രീയതയുടെ വഴികള്‍ സ്വീകരിക്കുന്നു എന്നുമാണ്. ഇതായിരുന്നില്ല കേരളരാഷ്ട്രീയത്തിന്റെ പഴയ രീതികള്‍. ഇതു കൃത്യമായി മനസിലാവണമെങ്കില്‍ മുന്‍കാലത്ത് രാഷ്ട്രീയക്കാര്‍ പൊതുസ്വീകാര്യരായ സ്വതന്ത്രരെ മത്സരിപ്പിച്ചതില്‍ പോലും എത്രമാത്രം സൂക്ഷ്മത പുലര്‍ത്തിയിരുന്നു എന്നൊന്നാലോചിച്ചാല്‍ മതി. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും ഡോ. എ.ആര്‍ മേനോനും മത്സരിച്ചേടത്താണ് പോപ്പുലര്‍ സിനിമാ താരങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്. അതും പലപ്പോഴും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ തീര്‍ക്കാനുള്ള ബദല്‍ എന്ന നിലയില്‍.
കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയെക്കുറിച്ചുള്ള എല്ലാ മിഥ്യാഭിമാനങ്ങളെയും റദ്ദാക്കുന്ന ഒന്നാണ് സ്ഥാനാര്‍ഥിപ്പട്ടികയിലെ വനിതാ പ്രാതിനിധ്യം. മുസ്‌ലിം ലീഗിനു വനിതാ സ്ഥാനാര്‍ഥിയുണ്ടാവുമോ വനിതയെ സ്ഥാനാര്‍ഥിയാക്കാന്‍ മത നേതൃത്വം സമ്മതിക്കുമോ എന്നും മറ്റും ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നിട്ടോ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം പേരിനു മാത്രമാണ് വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അതിനു പിന്നിലെ ആത്മാര്‍ഥത എത്രയുണ്ടെന്നറിയാന്‍ അവരില്‍ എത്ര പേര്‍ക്ക് ജയസാധ്യതയുണ്ടെന്ന് അന്വേഷിച്ചാല്‍ മതി. ഇത്തരം പാരാമിറ്ററുകളെല്ലാം വെച്ചു ചിന്തിക്കുമ്പോള്‍ ഒരു കാര്യം തീര്‍ച്ച. കാലം ചെല്ലുന്തോറും തെരഞ്ഞെടുപ്പ് രംഗത്ത് കേരളം അതിന്റെ പ്രബുദ്ധ പാരമ്പര്യം കൈയൊഴിക്കുകയാണ്, അത് കൂടുതല്‍ അരാഷ്ട്രീയമായി വരികയാണ്. അതിനാല്‍ കോമ്രേഡ് എന്ന രാഷ്ട്രീയ സംജ്ഞക്ക് പകരം പിണറായി വിജയന് ക്യാപ്റ്റന്‍ എന്ന അരാഷ്ട്രീയ അഭിസംബോധന ചാര്‍ത്തിക്കൊടുക്കുന്നത് ആകസ്മികമല്ല, മാറിവരുന്ന കേരളീയ പൊതുബോധത്തിന്റെ സൂചനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."