നാടുകയറുന്ന കാട്ടുമൃഗങ്ങൾ
കാടും നാടും വേര്‍തിരിക്കാന്‍ ഒട്ടനവധി പദ്ധതികളുണ്ട് കേരളത്തില്‍, വൈദ്യുത വേലി, റെയില്‍ വേലി, ജൈവവേലി, ഹാങ്കിങ് ഫെന്‍സിങ്, കിടങ്ങ്, കല്‍മതില്‍... അങ്ങനെ നീളുകയാണ് പ്രതിരോധ സംവിധാനങ്ങൾ. ഇവയിലേതെങ്കിലുമൊരു സംരക്ഷണമുള്ള ഇടങ്ങളാണ് കേരളത്തില്‍ വനത്തോട് ചേര്‍ന്ന ജന
വാസ കേന്ദ്രങ്ങള്‍. എന്നാല്‍ പ്രതിബന്ധങ്ങളെയെല്ലാം അസ്ഥാനത്താക്കി വന്യമൃഗങ്ങള്‍ നാടിറങ്ങുന്നു. മനുഷ്യജീവനുകളെ വകവരുത്തുന്നു. വളര്‍ത്തുമൃഗങ്ങളെ കശാപ്പ് ചെയ്യുന്നു. കൃഷിയും സമ്പത്തും നശിപ്പിക്കുന്നു. മനുഷ്യന് മൃഗങ്ങളുടെ പരിഗണന പോലും പലപ്പോഴും ലഭിക്കുന്നില്ലെന്ന സംഭവങ്ങളുമുണ്ടാകുന്നു.
സംസ്ഥാനത്തിന്റെ 29.65 ശതമാനവും വനമാണ്. ഏറ്റവുമധികം വനമുള്ള ജില്ലയാണു വയനാട്. ആകെയുള്ള 2132 ചതുരശ്രകിലോമീറ്ററില്‍ 867.77 മീറ്ററും വനമാണ്. വംശനാശ ഭീഷണി നേരിടുന്ന കടുവക്ക് 70 മുതല്‍ 100ചതുരശ്ര കിലോമീറ്ററെങ്കിലും ആവാസഭൂമി വേണം. എന്നാല്‍ വംശവര്‍ധന ഈ കണക്കുകളെയെല്ലാം തകിടം മറിക്കുന്നു. വന്യമൃഗങ്ങള്‍ ഏറ്റവുമധികം മനുഷ്യരെ കൊലപ്പെടുത്തിയ ജില്ലയാണ് വയനാട്. ഇതിന് അറുതിയില്ലെന്നു മാത്രമല്ല, ദിനേന വര്‍ധിച്ചുവരുന്നു. വന്യമൃഗങ്ങളെ പേടിച്ചാണ്
ഇവരുടെ ജീവിതം.
പ്രതിക്കൂട്ടില്‍
അധിനിവേശ സസ്യങ്ങൾ
വംശവര്‍ധന, മതിയായ തീറ്റ കിട്ടാത്ത അവസ്ഥ എന്നിവയാണ് വന്യമൃഗങ്ങളെ കാടിറക്കുന്നതില്‍ പ്രധാനം. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള പലായനവും വയനാട്ടില്‍ വന്യജീവികളുടെ എണ്ണം ഉയര്‍ത്തുന്നുണ്ട്. കാടിറങ്ങുന്നതില്‍ പ്രധാനം കാട് കൈയടക്കിയ അധിനിവേശ സസ്യങ്ങളാണ്. വനംവകുപ്പ് ഏകവിളത്തോട്ടങ്ങളാക്കി വനത്തെ മാറ്റിയതും തിരിച്ചടിയായി. മഞ്ഞക്കൊന്ന, ധൃതരാഷ്ട്ര പച്ച അടക്കമുള്ള സസ്യങ്ങള്‍ കാട്ടില്‍ പടര്‍ന്നതോടെ മൃഗങ്ങള്‍ക്കുള്ള തീറ്റ കിട്ടാത്ത അവസ്ഥയുണ്ടാക്കി. ഇതോടെയാണ് മൃഗങ്ങള്‍ കാടിറങ്ങല്‍ പതിവാക്കിയത്.
മറ്റിടങ്ങളിലെല്ലാം വന്യമൃഗ ഭീതി അപൂര്‍വമാകുമ്പോള്‍ വയനാട്ടിൽ നിത്യേനെയായി മാറി. 365 ദിവസങ്ങളിലും വന്യജീവി ശല്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടുവ, ആന, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവ മനുഷ്യജീവനുകളെടുക്കുമ്പോള്‍ പുലിയും കടുവയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ വേട്ടയാടുന്നു. മാന്‍, മയില്‍, കാട്ടു പന്നി, ആന എന്നിവ കൃഷിയിടങ്ങള്‍ ഇല്ലാതാക്കി മടങ്ങുന്നു. ബത്തേരിയില്‍ ദിവസങ്ങള്‍ ഭീതി വിതച്ച മോഴയാനയെ പിടികൂടി മുത്തങ്ങ ആനപന്തിയിലെത്തിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.
തലപുകച്ച് വനംവകുപ്പ്
വന്യജീവികളുടെ കാടിറക്കം തടയാന്‍ ഇനിയെന്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നറിയാതെ തലപുകക്കുകയാണ് വനംവകുപ്പ്. അത്രക്കുണ്ട് കാടിറക്കം. കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ മറ്റൊരു കടുവ നാട്ടിലിറങ്ങി ഭീതി വിതക്കുന്നു.
കല്‍പ്പറ്റ നഗരത്തിന്റെ പരിസരങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ട്. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും എത്രയോ മടങ്ങ് മൃഗങ്ങള്‍ വനത്തിലുണ്ടെന്നതാണ്.
കണക്ക് തെറ്റിച്ച്
വംശവര്‍ധന
കണക്കുകളെല്ലാം തെറ്റിക്കുകയാണ് വന്യജീവികള്‍. ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ 2018ലെ കണക്കനുസരിച്ച് വയനാട്ടില്‍ 154കടുവകളാണുള്ളത്. നീലഗിരി ജൈവമണ്ഡലത്തില്‍ കടുവയുടെ എണ്ണം കൂടിവരുന്നതായും കണ്ടെത്തലുണ്ട്. 2022ല്‍ കടുവ സെന്‍സസ് നടത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. 1997ല്‍ 73, 2002ല്‍ 71, 2006ല്‍ 46, 2010ല്‍ 71, 2014ല്‍ 136, 2018ല്‍ 190 എന്നിങ്ങനെയാണ് കടുവകളുടെ വര്‍ധന. രാജ്യത്തെ കടുവകൾ പ്രതിവര്‍ഷം ആറു ശതമാനം വര്‍ധനയുണ്ടെന്നാണ് കണക്ക്. ഇതിനൊപ്പം കടുവയുടെയും ആനകളുടെയും പ്രത്യുല്‍പാദന രീതിയിലുണ്ടായ മാറ്റവും ഭക്ഷണംതേടിയുള്ള യാത്രയും കണക്കാക്കിയാല്‍ കുറഞ്ഞത് 200-250 കടുവകളെങ്കിലും വയനാട്ടില്‍ ഉണ്ടാകാം.
70 മുതല്‍ 100 ചതുരശ്ര കിലോമീറ്റര്‍ വരെയാണ് ആണ്‍കടുവയുടെ അധീനപ്രദേശം. ഭക്ഷണലഭ്യത കുറയുമ്പോള്‍ വിസ്തൃതി കൂടും. പെണ്‍കടുവകള്‍ക്ക് 25 ചതുരശ്രകിലോമീറ്റർ മതി. ആണ്‍കടുവയുടെ പരിധിയില്‍ പല പെണ്‍കടുവകള്‍ ഉണ്ടാകാം. മറ്റൊരു ആണ്‍കടുവക്ക് പ്രവേശനമില്ല. പ്രവേശിച്ചാല്‍ പോര് കടുക്കും. വിജയിക്കുന്നവന്റെ അധീനതയിലാവും ആ ടെറിട്ടറി.
പുറത്താക്കപ്പെടുന്നവന്‍ തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് മാറും. ഇത് ജനവാസ കേന്ദ്രങ്ങളിലേക്കാവുകയാണ് പതിവ്. വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം 120-130 കടുവകള്‍ ഉണ്ടാകുമെന്നാണ് ഉന്നതര്‍ പറയുന്നത്. എന്നാല്‍ ഇത്രയും കടുവകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി 344 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള വനത്തിനില്ല.
എഴുതാന്‍ ഉദ്യോഗസ്ഥര്‍,
ഏറ്റുപാടാന്‍ മന്ത്രിയും
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വനംമന്ത്രി പ്രസ്താവന നടത്തുന്നത് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്നത് അതേപടി വായിച്ച്. വന്യജീവി ആക്രമണം തടയാന്‍ കേന്ദ്രം അനുവദിച്ച ഫണ്ട് ചെലവഴിക്കാത്തത് ആ കാലയളവില്‍ മരണം പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ സംഭവിക്കാത്തതു കൊണ്ടാണെന്ന മന്ത്രിയുടെ വാദത്തോടാണ് വിമര്‍ശനം ഉയരുന്നത്.
കേന്ദ്ര കണക്ക് പ്രകാരം 2014-2022 കാലയളവില്‍ കേരളത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 158പേര്‍ കൊല്ലപ്പെട്ടതായാണ് പറയുന്നത്. 2016-17ലാണ് കൂടുതല്‍ പേര്‍ മരിച്ചത് 33. കുറവ് 2015-2016ലും. ആറുപേരാണ് ഇക്കാലയളവില്‍ മരിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കേയാണ് കേന്ദ്ര നഷ്ടപരിഹാര ഫണ്ട് നിലവില്‍ വന്നശേഷം ആദ്യത്തെ അഞ്ചാറു വര്‍ഷം ഈ ഫണ്ടിന്റെ ആവശ്യം വന്നിട്ടില്ലെന്ന് സ്ഥാപിക്കാന്‍ മന്ത്രി ശ്രമിച്ചത്. അന്ന് ഈ പ്രശ്‌നം ഗുരുതരമായിരുന്നില്ലെന്നും ആ കാലയളവിൽ ഒരാനയും ഒരാളെയും കൊന്നില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. 2014മുതല്‍ 2022വരെ കേന്ദ്രവനം മന്ത്രാലയം വന്യജീവികളുടെ ഉപദ്രവം തടയാന്‍ കേരളത്തിനുനല്‍കിയ 76.96 കോടി രൂപയില്‍ 42.09 കോടി മാത്രമാണു ചെലവഴിച്ചതെന്ന പരാതിയെ പ്രതിരോധിക്കാനായിരുന്നു മന്ത്രിയുടെ ഈ വിചിത്ര പ്രസ്താവന.
വാര്‍ത്തകള്‍
ഫൈസല്‍ കോങ്ങാട്
നിസാം കെ.അബ്ദുല്ല
സന്തോഷ് കോയിറ്റി
ഏകോപനം
ഹംസ ആലുങ്ങല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."