ദുര്‍ഭരണത്തിന് തുടര്‍ഭരണമോ?
അഴിമതിയെയും കെടുകാര്യസ്ഥതയെയും സൗജന്യ കിറ്റുകൊണ്ടു മൂടി ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാരാണ് കേരളത്തില്‍ തുടര്‍ഭരണമോഹവുമായി സര്‍വേക്കളിക്ക് ഇറങ്ങിയിരിക്കുന്നത്. അഭിപ്രായസര്‍വേകള്‍ ഇടതു ദുര്‍ഭരണത്തിനു തുടര്‍ച്ചയേകുന്നവരായി മലയാളികളെ അവതരിപ്പിക്കുമ്പോള്‍ ജനങ്ങളുടെ രാഷ്ട്രീയബോധത്തെക്കുറിച്ചുള്ള ഈ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ധാരണയെന്താണ്? ഭരണകൂടം വിതരണം ചെയ്ത കിറ്റു കിട്ടിയിരുന്നില്ലെങ്കില്‍ കേരളത്തിലെ ജനത പട്ടിണിയിലാകുമായിരുന്നു എന്നാണു പ്രചരിപ്പിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍വക സൗജന്യ ഭക്ഷണം മാത്രം ജീവിതോപാധി ആയിരിക്കുന്ന വിധത്തില്‍ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഈ ഭരണകൂടം തകര്‍ത്തുകളഞ്ഞതായല്ലേ അവര്‍ തന്നെ സമ്മതിക്കുന്നത്. കിറ്റു കിട്ടിയില്ലെങ്കില്‍ പട്ടിണിയാകുന്ന കേരളമാണോ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതു ദുര്‍ഭരണത്തിന്റെ തിക്തഫലം. ഒരര്‍ഥത്തില്‍ ഇതു വാസ്തവം തന്നെയാണ്. എത്രയെത്ര മേഖലകളിലാണ് ഈ ദുര്‍ഭരണം കേരളത്തെ പിന്നോട്ടടുപ്പിച്ചത്. ശരാശരി മലയാളി കുടുംബത്തില്‍ ഏതൊരാളുടെയും സ്വപ്നമാണ് ഒരു സര്‍ക്കാര്‍ ജോലി. അതിനുവേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചു പഠിച്ചു നിയമന ലിസ്റ്റില്‍ വന്നശേഷം ജോലി കിട്ടാനായി സര്‍ക്കാരിനോട് കരഞ്ഞ് അപേക്ഷിക്കേണ്ട അവസ്ഥയാണ് പി.എസ്.സി ജേതാക്കള്‍ക്ക്. എന്നാല്‍, താല്‍ക്കാലിക ജീവനക്കാര്‍ക്കും പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ഇത്രയേറെ പഴികേട്ട ഭരണമിവിടെ മുന്‍പുണ്ടായിട്ടില്ല.
കേരളത്തിലെ യുവാക്കള്‍ തങ്ങള്‍ക്കര്‍ഹമായ ജോലിയില്‍ പിന്‍വാതില്‍ വഴി അനധികൃതമായി പലരേയും നിയമിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ എത്രവട്ടമാണ് സമരം ചെയ്തത്. ഒരു സിവില്‍ എക്‌സൈസ് ഉദ്യോഗാര്‍ഥിയുടെ മരണം ആത്മഹത്യയല്ല, സര്‍ക്കാര്‍ യുവാക്കളോട് ചെയ്യുന്നത് വഞ്ചനയില്‍ മനംമടുത്താണ് ജീവിതം അവസാനിപ്പിച്ചത്. ഇവരില്‍ അവകാശപ്പെട്ട ജോലി ലഭിക്കാത്തവരും അര്‍ഹിക്കുന്ന നീതി കിട്ടാത്തവരും അനീതിക്കിരയായവരുമുണ്ട്. ഇവയെല്ലാം ഈ ദുര്‍ഭരണത്തിന്റെ ഇരകളാണ്, അവരെ സര്‍ക്കാരാണ് കൊന്നതെന്നു പറയാതെ വയ്യ. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ സംവിധാനമാണ് പിന്‍വാതില്‍ നിയമനങ്ങളും ബന്ധുനിയമനങ്ങളും മൂലമുണ്ടായത്. നിയമനങ്ങള്‍ ഇങ്ങനെയായാല്‍ കെടുകാര്യസ്ഥതയുടെ വിളനിലമായി സര്‍ക്കാര്‍ ഓഫിസുകള്‍ തരം താഴും. നേര്‍ക്കുനേരെയല്ലാതെ സര്‍വിസില്‍ കയറിയവര്‍ക്ക് ജനങ്ങളോട് എന്ത് ഉത്തരവാദിത്വമാണുണ്ടാവുക. കേരളത്തിലെ തൊഴില്‍രംഗം ഇങ്ങനെ താറുമാറാക്കിയ, ട്രഷറി മുടിച്ച ഭരണകൂടം കിറ്റിന്റെ കണക്കുകൊണ്ടു മുഖം രക്ഷിക്കുന്നതില്‍ അതുകൊണ്ടുതന്നെ ഒട്ടും അതിശയമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍, സ്വജനപക്ഷപാതം, അനധികൃത നിയമനങ്ങള്‍, സര്‍ക്കാരിന്റെ കെടുകാര്യസ്ഥത, മുഖ്യമന്ത്രിയുടെ ഓഫിസിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളെല്ലാം ഈ ഭരണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്നു. അവസാനത്തെ ആറ് മാസക്കാലം പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉപയോഗിച്ച് നടത്തിയ പരസ്യപ്രചാരണങ്ങളിലൂടെ മുഖംരക്ഷിക്കുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പു പദ്ധതി. ജനങ്ങളെ ഭരിച്ചുപറ്റിച്ച സര്‍ക്കാര്‍ പറഞ്ഞുപറ്റിക്കുക കൂടി ചെയ്യാമെന്നാണ് കരുതുന്നത്.
അഞ്ചു വര്‍ഷത്തെ ഭരണകാലയളവിന്നിടയില്‍ ഇടതുപക്ഷം കേരളത്തില്‍ എന്തു ഭരണ നേട്ടമാണുണ്ടാക്കിയത്? ദുര്‍ഭരണം സംബന്ധിച്ച പ്രതിപക്ഷവിമര്‍ശനങ്ങള്‍ പാര്‍ട്ടിയെയും അതിന്റെ ഓണ്‍ലൈനും ഓഫ്‌ലൈനുമായ പോരാളികളെയും പിറകില്‍ അണിനിരത്തി ജനശ്രദ്ധയില്‍ വരാതെ നോക്കാന്‍ കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ ജനം സഹിച്ച പ്രയാസങ്ങള്‍ക്കു കൈയും കണക്കുമില്ലല്ലോ. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തരവകുപ്പ് ഇരുപതു കസ്റ്റഡി മരണങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവന്ന കാലയളവാണ് കഴിഞ്ഞുപോയത്. മാവോയിസ്റ്റ് ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും കൊണ്ടുള്ള ഓട്ടയടക്കലാണ് ആഭ്യന്തരവകുപ്പ് സമയാസമയം ചെയ്തത്. രണ്ടു തവണയുണ്ടായ പ്രളയങ്ങളും നിപായും കൊവിഡ് മഹാമാരിയുടെ ആദ്യഘട്ടവും കൈകാര്യം ചെയ്‌തെന്നാണു പ്രധാന വീമ്പുപറച്ചില്‍. സര്‍ക്കാരിന്റെ മിടുക്കിലല്ല, കേരളത്തിലെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളിലൂടെയാണതു സാധിച്ചതെന്നത് എല്ലാവര്‍ക്കുമറിയാം. ദുരിതാശ്വാസങ്ങളെപ്പറ്റി ആവര്‍ത്തിച്ചു പറഞ്ഞാണല്ലോ മറ്റുള്ള വീഴ്ചകളെ മുഴുവന്‍ മറികടക്കാന്‍ പിണറായി സര്‍ക്കാര്‍ എപ്പോഴും ശ്രദ്ധിക്കുന്നത്. കേരളത്തിന്റെ സാമ്പത്തികാടിത്തറ അടുത്ത കാലത്തൊന്നും തിരിച്ചുകയറാനാവാത്തവിധം തകര്‍ത്തതാണ് ഈ സര്‍ക്കാരിന്റെ പൊറുക്കാനാവാത്ത തെറ്റ്. യു.ഡി.എഫ് അധികാരമൊഴിയുമ്പോള്‍ 1.57 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ പൊതുകടം. ഇപ്പോഴത് 2.50 ലക്ഷം കോടി കഴിഞ്ഞു. കിഫ്ബി കൊള്ളപ്പലിശക്കു വാങ്ങിക്കൂട്ടിയ കടം വേറെ. മാസാമാസം വന്‍സാമ്പത്തിക ബാധ്യത വരുത്തിയ അഞ്ച് അധിക കാബിനറ്റ് പദവികള്‍ സൃഷ്ടിച്ചതിനാലുണ്ടായ ചെലവ്, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഒതുക്കിയിരുത്തുന്നതിന് മാത്രമായുണ്ടാക്കിയ ഭരണപരിഷ്‌കാര കമ്മിഷനു മാത്രം ചെലവായതു എട്ടു കോടിയോളം രൂപ. മുഖ്യമന്ത്രിക്കു പത്തിലേറെ ഉപദേശകര്‍, പി.ആര്‍. വര്‍ക്കിന് വര്‍ഷാവര്‍ഷം നാലും അഞ്ചും കോടികള്‍. ട്രഷറികള്‍ പൂര്‍ണമായി സ്തംഭിക്കുകയും കരാറുകാര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക 14,000 കോടി എന്ന ഭയപ്പെടുത്തുന്ന നിലയിലേക്ക് വളരുകയും വികസനപ്രവര്‍ത്തനങ്ങള്‍ പാടേ സ്തംഭിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചലമാക്കുകയും ചെയ്തിട്ടും ധൂര്‍ത്തും അഴിമതിയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പ്രളയ പുനര്‍നിര്‍മിതിക്കായി ലോകബാങ്കില്‍ നിന്നെടുത്ത വായ്പ പോലും വകമാറ്റി ധൂര്‍ത്തടിച്ച സര്‍ക്കാരാണിത്. ഇതാണ് പൊതുഭരണത്തിന്റെ ശോചനീയമായ യാഥാര്‍ഥ്യം.
കേരളത്തിലെ ജനജീവിതത്തിന്റെ ഓരോ രംഗവുമെടുത്തു പരിശോധിച്ചാല്‍ പരസ്യബോര്‍ഡുകളിലെ നിറച്ചാര്‍ത്തുകള്‍ക്കപ്പുറത്താണ് യാഥാര്‍ഥ്യമെന്നു കണ്ടറിയാന്‍ ആര്‍ക്കും കഴിയും. ജനങ്ങളെ വൈകാരികമായി സ്വാധീനിക്കാവുന്ന പെന്‍ഷന്‍, കിറ്റുകള്‍, പൊതുനിരത്തുകളുടെ മിനുക്കുപണികള്‍ എന്നിവ നടത്തുകയും അടിസ്ഥാന വികസനം വിട്ടുകളയുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. കൊവിഡ് കാലത്തു പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച സാമ്പത്തിക ദുരിതാശ്വാസം, മടങ്ങിവരുന്ന പ്രവാസികള്‍ക്കുള്ള സഹായം എന്നിവ ലഭിച്ചില്ല. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലെന്നാണ് പ്രവാസികളുടെ വിശേഷണം. പ്രവാസികള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന് പണം നല്‍കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. നാട്ടിലെത്തുന്നവര്‍ക്ക് രണ്ടരലക്ഷം മുറികള്‍ തയാറാണെന്ന് പ്രഖ്യാപിച്ചിട്ട് പ്രവാസികള്‍ നാട്ടിലെത്തിയപ്പോള്‍ അവരെ കൈയൊഴിഞ്ഞു. പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി മുഖ്യമന്ത്രി പലവട്ടം മലക്കംമറിഞ്ഞു. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കേരളത്തിലെ ഇടതു ഭരണത്തിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടുക മാത്രമല്ല പ്രവാസി സമൂഹത്തിനാകെ അപമാനമായി ഭവിക്കുക കൂടി ചെയ്തു. ലോക കേരള സഭയുണ്ടാക്കിയ മുഖ്യമന്ത്രിയും സംഘവും നടത്തിയ കൊണ്ടുപിടിച്ച പ്രചാരണങ്ങളും യാത്രകളും ഫലംകാണാതെ പാഴായി.
കേരളത്തിലെ ജനങ്ങളുടെ ജീവിതസുരക്ഷ, നീതി നിര്‍വഹണം എന്നിവയുടെ കണക്കുനോക്കിയാലും ഭരണപരാജയത്തിന്റെ തോതറിയാം. തൊട്ടുമുന്‍പത്തെ യു.ഡി.എഫ് ഭരണവുമായി തട്ടിച്ചുനോക്കിയാലാണിതു കൂടുതല്‍ വ്യക്തമാകുക. കോടികള്‍ ചെലവാക്കി നവോത്ഥാന മതിലു കെട്ടിയ കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സ്ത്രീ പീഡനങ്ങളുടെ എണ്ണം ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെയാണ്. ഉത്തര്‍പ്രദേശുമായാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ മത്സരം. ആഭ്യന്തരവകുപ്പും പൊലിസ് സേനയും ഇത്രത്തോളം പഴികേട്ട കാലമുണ്ടായിട്ടില്ല. ഉദാഹരണത്തിനു കെ.എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസുമാത്രം നോക്കിയാല്‍ മതി. ഉപദ്രവിക്കേണ്ടവരെ ഉപദ്രവിച്ചും സംരക്ഷിക്കേണ്ടവരെ സംരക്ഷിച്ചും പ്രവര്‍ത്തിക്കുന്ന സംവിധാനമായി നീതിന്യായവകുപ്പിനെ മാറ്റി. നിയമവാഴ്ച നീതിക്കു നിരക്കാത്ത വഴികളില്‍ സഞ്ചരിക്കുന്ന അവസ്ഥ വന്നു. കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൊലക്കുറ്റവാളി ശ്രീറാം വെങ്കിട്ടരാമന് അപൂര്‍വ മറവിരോഗമായ റിട്രോഗ്രേഡ് അംനീഷ്യയാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. നരഹത്യയ്ക്കു 304ാം വകുപ്പുപ്രകാരം അറസ്റ്റിലായ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഒരു വേണ്ടപ്പെട്ടയാള്‍ക്കുള്ള സംരക്ഷണമാണത്. ആരോപണ വിധേയന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലെന്ന ലാബ് പരിശോധനാ റിപ്പോര്‍ട്ടും പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റുണ്ടാക്കിയെടുത്തു. അതോടെ ശ്രീറാമിന് ജാമ്യം ലഭിച്ചു. മനപ്പൂര്‍വമായ നരഹത്യയും മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച കുറ്റവും പ്രോസിക്യൂഷനു തെളിയിക്കാനായില്ല. ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചതായും ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുമ്പോള്‍ പ്രതി ഓടിച്ചിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുണ്ടായിട്ടും ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വിസിലേക്കു തിരിച്ചെടുത്തു. ശ്രീറാം വെങ്കട്ടരാമനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണു സര്‍ക്കാര്‍ നടപടി. പബ്ലിക് ഹെല്‍ത്തില്‍ ഉപരിപഠനം നടത്തിയിട്ടുള്ള ഡോ.ശ്രീറാമിന്റെ സേവനം കൊവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി ഘട്ടത്തില്‍ ഉപയോഗപ്പെടുത്താമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍..!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."