അധിനിവേശത്തിന് ഒരുമാസം: നിസഹായരുടെ നിലവിളികൾക്കറുതിയില്ല
ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. ഇതിനകം ഒരു കോടി മനുഷ്യരാണ് അഭയാർഥികളായി ഉക്രൈനിൽ നിന്ന് പലായനം ചെയ്തത്. വെള്ളവും ഭക്ഷണവും കിട്ടാതെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ പൊട്ടിക്കരച്ചിലുകൾ റഷ്യൻ ഭരണാധികാരി പുടിന്റെ മനസലിയിക്കുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളെ ചുമലിലേറ്റി എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുന്ന സ്ത്രീകളുടെ നൊമ്പരക്കാഴ്ചക്ക് അറുതി വരുത്താനുള്ള ഒരു ശ്രമവും എവിടെ നിന്നും ഉണ്ടാകുന്നില്ല. ആര് ജയിച്ചാലും തോൽക്കുന്നത് നിസഹായരായ സാധാരണക്കാരായ മനുഷ്യരാണ്. കുടുംബങ്ങളെ ഛിന്നഭിന്നമാകുന്നതും മാതാപിതാക്കൾ വേർപെട്ട് പോകുന്ന നിരാലംബരായ കുഞ്ഞുങ്ങളുടെ തേങ്ങലുകളും യുദ്ധക്കൊതിയന്മാരായ ഭരണാധികാരികളെ മാനസാന്തരപ്പെടുത്തുന്നില്ല.
അത്തരം ദുരന്ത ചിത്രങ്ങളാണ് ഓരോ ദിവസവും കത്തിയാളുന്ന ഉക്രൈനിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. യുദ്ധത്തിലും ചില മുറകളുണ്ട്. എന്നാൽ എല്ലാ മുറകളും പിഴുതെറിഞ്ഞ് ജനവാസ മേഖലകളിലും ആശുപത്രികളിലും സ്കൂളുകൾക്ക് മുകളിലും ബോംബ് വർഷിക്കുവാൻ റഷ്യൻ ഭരണകൂടത്തിന് യാതൊരു മനഃസാക്ഷിക്കുത്തും ഇല്ല. മുമ്പിൽ പ്രത്യക്ഷപ്പെട്ടേക്കാവുന്ന കാരുണ്യത്തിന്റെ മുഖം പ്രതീക്ഷിച്ചു കൊണ്ടാണ് ഓരോ മനുഷ്യരും ഉക്രൈൻ ഉപേക്ഷിച്ചു പോകുന്നത്. ഇത് ഉക്രൈന്റെ മാത്രം ദീനമുഖമല്ല. സിറിയയുടെ, ഫലസ്തീന്റെ, യുദ്ധക്കെടുതികൾ അനുഭവിക്കുന്ന നിസഹായരായ എല്ലാ സാധാരണ മനുഷരുടെയും മുഖങ്ങളാണ്. ഉക്രൈനിൽ നിന്ന് അഭയാർഥികളെയും വഹിച്ച് പോളണ്ടിലേക്കും ഹംഗറിയിലേക്കും റുമാനിയയിലേക്കും പോകുന്ന നീണ്ട വാഹനനിരകളിലെ മനുഷ്യരുടെ കണ്ണീർ മുഖങ്ങൾ ലോകത്ത് യുദ്ധക്കെടുതി അനുഭവിക്കുന്ന മുഴുവൻ പേരുടെയും പരിഛേദമാണ്. വാഹനം കിട്ടാത്തവർ പിഞ്ചുകുഞ്ഞുങ്ങളെ ചുമലിലേറ്റി കിലോമീറ്റുകൾ താണ്ടുന്ന കണ്ണീർക്കാഴ്ചകൾക്കും അറ്റമില്ലാതാവുകയാണ് ഒരു മാസം പിന്നിട്ടിട്ടും.
മലയാളിക്ക് കേട്ടും ചിത്രങ്ങളിലുടെയുള്ള അറിവും മാത്രമേ യുദ്ധത്തെക്കുറിച്ചും അനന്തരമായുണ്ടാകുന്ന മനുഷ്യരുടെ പലായനങ്ങളെക്കുറിച്ചും ഉണ്ടാവുകയുള്ളൂ. അതുകൊണ്ടായിരിക്കാം യുദ്ധക്കെടുതികൾ അനുഭവിക്കുന്നവർക്ക് വേണ്ടി നാം ഒരു പ്രതിഷേധസ്വരം പോലും ഉയർത്താത്തത്. ലോകത്ത് ദുരിതം അനുഭവിക്കുന്ന മുഴുവൻ മനുഷ്യരാശിയുടെയും നേർചിത്രമാണ് ഉക്രൈനിൽ നാം കണ്ടു കൊണ്ടിരിക്കുന്നതെന്ന് മറക്കാതിരിക്കാം.
യുദ്ധം ഒരു ദേശത്തെ മാത്രമല്ല ഇല്ലാതാക്കുന്നത്, ഒരു ജനതയെക്കൂടിയാണ്. എല്ലാ ബന്ധങ്ങളെയും അത് ചിതറിത്തെറിപ്പിക്കുന്നു. മിസൈലിൽ നിന്നു വരുന്ന ഒരു ചീൾ മതി ഒരു ഗ്രാമത്തെ കടങ്കഥയാക്കി മാറ്റാൻ. രാഷ്ട്രത്തലവന്മാരുടെ കുടിപ്പകയിൽ, അധികാരം നിലനിർത്താനുള്ള മത്സര ഓട്ടങ്ങളിൽ ചാവേറാകുന്നത് നിസഹായരായ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളുമാണ്. ബോംബിനേക്കാൾ ഭയാനകമാണ് യുദ്ധം മൂലം അറ്റുപോകുന്ന രക്തബന്ധങ്ങൾ.
ശത്രു രാജ്യത്തിലെ സൈന്യം ബലാൽക്കരമായി മാതാവിന്റെ മാറിടത്തിൽ നിന്ന് പറിച്ചെടുക്കുന്ന കുഞ്ഞ് ഒരു പക്ഷേ, ജീവിതാന്ത്യം വരെ അവന്റെ മാതാപിതാക്കളെ പിന്നെ കണ്ടെന്ന് വരില്ല. കുഞ്ഞുങ്ങളുടെയും അവരുടെ അമ്മമാരുടെയും നിലയ്ക്കാത്ത നിലവിളികൾ ഓർമപ്പെടുത്തുന്നത് യുദ്ധങ്ങളുടെ നിരർഥകതയെയാണ്. വംശീയഹത്യകളെപ്പോലെ തന്നെയാണ് യുദ്ധങ്ങളും. രണ്ടും മനുഷ്യരാശിക്ക് മേൽ ഏൽപിക്കുന്നത് പരിഹരിക്കാനാവാത്ത ആഘാതങ്ങളാണ്.
മൈനുകളും മിസൈലുകളും ബോംബുകളും മനുഷ്യമനസുകൾക്ക് ആത്യന്തികമായി നൽകുന്നത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. വെടിമരുന്ന് വീണ് നശിച്ചു പോയത് അവരുടെ കൃഷിയിടങ്ങളും കിടപ്പാടങ്ങളുമാണ്. ദേശാഭിമാനം ഉന്മാദമായി ജനതയിൽ ഭരണാധികാരികൾ ബോധപൂർവം കുത്തിവയ്ക്കുന്നത് അധികാരത്തിന്റെ തുടർച്ചക്ക് വേണ്ടിയാണ്. പുടിൻ ചെയ്തു കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. അത്തരം അധികാര രാഷ്ട്രീയത്തിന്റെ അഭംഗുരമായ നിലനിൽപ്പിന് വേണ്ടി മാത്രമാണ് ഭരണാധികാരികൾ യുദ്ധങ്ങൾ ഉണ്ടാക്കുന്നത്. ജനതയല്ല അധികാരമാണ് അവർക്ക് വലുത്. ജനതയുടെശബ്ദങ്ങളും വിചാരങ്ങളും അപഹരിച്ചാണ് അധികാരക്കൊതിയന്മാരായ ഭരണാധികാരികൾ ലോകത്ത് യുദ്ധങ്ങൾ ഉണ്ടാക്കുന്നത്. അവർക്ക് യുദ്ധം ചെയ്യാൻ ന്യായങ്ങൾ പലതായിരിക്കും.
യുദ്ധത്തിൽ ജയിക്കുന്നത് ഒരു രാജ്യമായിരിക്കും. പക്ഷേ തോൽക്കുന്നത് ഇരു രാജ്യങ്ങളിലേയും സാധാരണക്കാരാണ്. ഒന്നാം ലോകമഹായുദ്ധം മുതൽ ഇറാഖിലും സിറിയയിലും ഫലസ്തീനിലും ഇപ്പോൾ ഉക്രൈനിലും നാം കണ്ടു കൊണ്ടിരിക്കുന്നത് അധികാര രാഷ്ട്രീയത്തിന്റെ നിലനിൽപ്പിന് വേണ്ടി മാത്രമുള്ള യുദ്ധങ്ങളാണ്. ബാക്കിയാകുന്നത് വേദനിക്കുന്നവരുടെ വിലാപങ്ങൾ കൊണ്ട് മുഖരിതമാകുന്ന നിസഹായരുടെ ലോകവും. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് ഒരു മാസം തികയുന്ന ഈ ദിവസത്തിലും സമാധനത്തിന്റെ ഒരു വെള്ളരിപ്രാവ് പോലും നീലാകാശത്തിൽ വട്ടമിട്ട് പറക്കുന്നില്ല, ബോംബർ വിമാനങ്ങളല്ലാതെ.
അശരണരായ മനുഷ്യരുടെ അശ്രുകണങ്ങൾ ഒഴുകുന്ന ദുരന്തക്കാഴ്ചകൾക്ക് ഒരു മാസം കഴിഞ്ഞിട്ടും വിരാമം കുറിക്കാനാകുന്നില്ല. യുദ്ധങ്ങൾ അവശേഷിപ്പിക്കുന്നത് ജനതയുടെ അവസാനിക്കാത്ത ദുരിതങ്ങളാണെന്ന ബോധ്യത്തിൽ, നിരാലംബരായിത്തീരുന്ന ജനതയോട് ഈ ദിനത്തിൽ മനസു കൊണ്ടെങ്കിലും നമുക്ക് ഐക്യപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."