മൈത്രിയുടെ കുളിരായി രാഹുല്‍; ഭാരത് ജോഡോ യാത്രയുടെ കശ്മിര്‍ പര്യടനത്തിന് തുടക്കം
ലഖന്‍പൂര്‍: ജമ്മു-കശ്മിരിലെ അതിര്‍ത്തിജില്ലയായ ഹത്‌ലി മോറില്‍ വെള്ളിയാഴ്ചയിലെ ശീതകാല പുലര്‍മഴയ്ക്ക് മൈത്രിയുടെ കുളിരായിരുന്നു. ചാറ്റല്‍മഴയിലൂടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ചുവടുവച്ചപ്പോള്‍ നൂറുകണക്കിനു പേര്‍ യാത്രാസംഘത്തോടൊപ്പം അണിചേര്‍ന്നു. ഇതോടെ ജമ്മു-കശ്മിര്‍ മേഖലാ പദയാത്രയ്ക്ക് തുടക്കമായി. വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പൊലിസും അര്‍ധസൈനിക വിഭാഗവും യാത്രാസംഘത്തെ പൂര്‍ണമായും വലയം ചെയ്തു. ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്.
രാവിലെ 7 മണിക്ക് യാത്ര ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം 1.15 മണിക്കൂര്‍ വൈകി. രാവിലെ മുതല്‍ ജമ്മുവിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴയുണ്ടായി. ജാക്കറ്റ് ധരിച്ച് നടന്നുതുടങ്ങിയ രാഹുല്‍ പിന്നീട് അതുമാറ്റി വെളുത്ത ടീ ഷര്‍ട്ടില്‍ പദയാത്ര തുടര്‍ന്നു. ഉത്തരേന്ത്യയിലൂടെ കൊടും ശൈത്യകാലത്ത് ടീ ഷര്‍ട്ട് ധരിച്ച് മാര്‍ച്ച് ചെയ്ത രാഹുല്‍ ആദ്യമായാണ് ജാക്കറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവുത്ത് ഉള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ കാല്‍നട ജാഥയില്‍ ചേര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് പഞ്ചാബില്‍ നിന്ന് ജമ്മു കശ്മിരില്‍ പ്രവേശിച്ചത്. കശ്മിരിലെ ഉന്നത നേതാവും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാന്‍ ലഖന്‍പൂരിലെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കരാചാര്യര്‍ കന്യാകുമാരിയില്‍ കശ്മിരിലേക്ക് നടത്തിയ യാത്രയ്ക്ക് സമാനമായ യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ പൂര്‍വ്വികര്‍ ഈ മണ്ണില്‍ പെട്ടവരാണെന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ അനുഭവമാണിതെന്നും രാഹുല്‍ പറഞ്ഞു. 'ഞാന്‍ എന്റെ വേരുകളിലേക്ക് മടങ്ങുകയാണ്, ജമ്മു കശ്മീരിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ എനിക്കറിയാം, കുനിഞ്ഞ തലയുമായി ഞാന്‍ നിങ്ങളുടെ അടുത്തേക്കുവരുന്നു- അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിട്ട് അവരെ കൊള്ളയടിക്കുന്ന കേന്ദ്രം 'കൂട്ട പോക്കറ്റടി'യാണ് നടത്തുന്നതെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബി.ജെ.പിയും ആര്‍.എസ്.എസും വിദ്വേഷം പടര്‍ത്തിയപ്പോള്‍ രാജ്യത്തെ ജനങ്ങളുടെ മനസില്‍ ആഴത്തില്‍ ഭിന്നതയുണ്ടാകുമെന്ന് കരുതി. എന്നാല്‍ അത് ടെലിവിഷനില്‍ മാത്രമാണെന്ന് ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചപ്പോള്‍ ബോധ്യമായി. വിദ്വേഷം, അക്രമം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കുന്ന മാധ്യമങ്ങള്‍ ഐശ്വര്യ റായി, അക്ഷയ്കുമാര്‍ തുടങ്ങിയവരുടെ ഗോസിപ്പ് വാര്‍ത്തകളില്‍ അഭിരമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
രാത്രി ചഡ്വാളില്‍ യാത്ര അവസാനിപ്പിക്കും. നാളെ രാവിലെ ഹിരാനഗറില്‍ നിന്ന് ദുഗ്ഗര്‍ ഹവേലി വരെയും ജനുവരി 22ന് വിജയ്പൂരില്‍ നിന്ന് സത്വാരി വരെയും പോകും. റംബാന്‍ ജില്ലയിലെ ബനിഹാലില്‍ ജനുവരി 25ന് രാഹുല്‍ ദേശീയ പതാക ഉയര്‍ത്തും. 27ന് അനന്ത്‌നാഗ് വഴി ശ്രീനഗറിലേക്ക് പ്രവേശിക്കും. ജനുവരി 30ന് ശ്രീനഗറിലാണ് സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."