ഐ.എസ്.ആര്.ഒ ചാരക്കേസ് ഗുഢാലോചന: സിബി മാത്യൂസ് ഉള്‍പെടെ ആറ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: വിവാദമായ ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സി.ബി മാത്യൂസ് അടക്കമുള്ള മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഒന്നാം പ്രതി എസ്. വിജയന്, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്ത്, നാലാം പ്രതിയും മുന്‍ ഡി.ജി.പിയുമായ സിബി മാത്യൂസ്, ഏഴാം പ്രതി മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.ബി. ശ്രീകുമാര്‍, 11ാം പ്രതി പി.എസ്. ജയപ്രകാശ് അടക്കമുള്ളവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇന്ത്യ വിട്ട് പുറത്ത് പോകരുത്. പ്രതികളെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. ബാബു സുപ്രധാന വിധി പുറപ്പെടുവിച്ചത്.
വ്യാജമായ കേസില്‍ പ്രമുഖ ശാസ്ത്രജ്ഞരെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കേസ്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ വാദിച്ചു. ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്കു പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
പ്രതികള്‍ക്കു നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും സിബിഐ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ച് സുപ്രിം കോടതി കേസ് ഹൈക്കോടതിയിലേക്കു തിരിച്ചയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."