ജി 20ൽ തർക്കം; റഷ്യയെ ഒഴിവാക്കാനാവില്ലെന്ന് ചൈന
ബീജിങ്
വികസിത-വൻ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20ന്റെ അടുത്ത ഉച്ചകോടിയിൽ റഷ്യയെ ഉൾപ്പെടുത്തുന്നതിനെച്ചൊല്ലി തർക്കം.
ഒക്ടോബർ 30, 31 തീയതികളിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന അടുത്ത ജി 20 ഉച്ചകോടിയിൽ പ്രസിഡന്റ് പുടിനും പങ്കെടുക്കുമെന്ന് റഷ്യ അറിയിച്ചിരുന്നു.
കൂട്ടായ്മയിൽനിന്ന് റഷ്യയെ മാറ്റിനിർത്തണമെന്ന ആവശ്യങ്ങൾക്കിടെയാണ് ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമെന്ന് റഷ്യ അറിയിച്ചത്. എന്നാൽ ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പുടിന്റെ സാന്നിധ്യത്തെ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ചോദ്യം ചെയ്തതോടെയാണ് തർക്കം.
അതേസമയം റഷ്യക്ക് ശക്തമായ പിന്തുണയുമായി കൂട്ടായ്മയിലെ പ്രബല അംഗമായ ചൈന രംഗത്തുവന്നു. റഷ്യ ജി 20ലെ പ്രധാന അംഗമാണെന്നും മറ്റൊരു രാജ്യത്തെ പുറത്താക്കാൻ ഒരു അംഗത്തിനും അധികാരമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
ജി 20 രാജ്യാന്തരതലത്തിലെ ഏറ്റവും സുപധാനമായ സാമ്പത്തിക സഹകരണവേദിയാണ്. അതിലെ ഒരു പ്രധാന അംഗത്തെ അങ്ങനെ പുറത്താക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."