ആറു വർഷം മുമ്പ് മരിച്ചയാൾക്ക് പൗരത്വം തെളിയിക്കാൻ നോട്ടിസ്
ഗുവാഹത്തി
ആറു വർഷം മുമ്പ് മരിച്ച വ്യക്തിക്ക് പൗരത്വം തെളിയിക്കാൻ നോട്ടിസ് അയച്ച് അസം വിദേശകാര്യ ട്രിബ്യൂണൽ.
2016ൽ മരിച്ച ശ്യാമ ചരൺ ദാസിനോടാണ് മാർച്ച് 30ന് മുമ്പ് കോടതിയിൽ നേരിട്ട് ഹാജരാവാൻ ട്രിബ്യൂണൽ മാർച്ച് 15ന് നോട്ടിസ് അയച്ചത്. 2016 സെപ്റ്റംബർ 23ന് ദാസിന്റെ കുടുംബം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെത്തുടർന്ന് ഇതേ കോടതി അദ്ദേഹത്തിന്റെ പൗരത്വം സംബന്ധിച്ച കേസ് അവസാനിപ്പിച്ചിരുന്നു.
അസം സർക്കാർ നൽകിയ മരണ സർട്ടിഫിക്കറ്റ് പ്രകാരം ദാസ് 2016 മെയ് ആറിന് 74ാം വയസിൽ മരിച്ചു.
ഈ വർഷമാദ്യം രേഖകളില്ലാത്ത കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ബോർഡർ പൊലിസ് ദാസിനെതിരേ പുതിയ കേസ് ഫയൽ ചെയ്തതോടെയാണ് ട്രിബ്യൂണൽ നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.
നോട്ടിസ് പ്രകാരം 1966 ജനുവരി ഒന്നിനും 1973 മാർച്ച് 23നും ഇടയിൽ സാധുവായ രേഖകളൊന്നുമില്ലാതെ ദാസ് അസമിൽ പ്രവേശിച്ചെന്നും സിൽച്ചാറിൽ താമസം ആരംഭിച്ചെന്നുമാണ് പൊലിസ് ആരോപണം. തുടർന്ന് കുടുംബം പരാതിയുമായി മുന്നോട്ട് വന്നതോടെ വിഷയം അന്വേഷിക്കുമെന്ന് അതിർത്തി പൊലിസ് സൂപ്രണ്ട് രമൺദീപ് കൗർ പറഞ്ഞു.
തന്റെ പിതാവിന് പൗരത്വം തെളിയിക്കാൻ മതിയായ രേഖകൾ ഉണ്ടായിരുന്നിട്ടും കുടുംബത്തിന് വർഷങ്ങളോളം കോടതിയിൽ കയറിയിറങ്ങേണ്ടി വന്നതായി ദാസിന്റെ മകൾ ബേബി ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."