'അടിസ്ഥാന സൗകര്യമാണ് ജനങ്ങള്‍ക്കൊരുക്കേണ്ടത്'- രാഷ്ട്രീയ പാര്‍ട്ടികളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി
ചെന്നൈ: ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. സൗജന്യങ്ങളുടെ വന്‍ വാഗ്ദാനങ്ങള്‍ക്ക് പകരം അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. സംവരണ മണ്ഡലമായ വസുദേവനെല്ലൂരിനെ ജനറല്‍ മണ്ഡലമായി മാറ്റണമെന്നാവശ്യപ്പെട്ട് എം. ചന്ദ്രമോഹന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
വാഗ്ദാനങ്ങള്‍ നല്‍കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. വീട്ടമ്മമാര്‍ക്ക് മാസംതോറും 1000 രൂപ നല്‍കുമെന്ന് ഒരു പാര്‍ട്ടി വാഗ്ദാനം ചെയ്താല്‍ 1500 നല്‍കുമെന്ന വാഗ്ദാനവുമായി അടുത്തയാള്‍ വരും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. സൗജന്യങ്ങള്‍ കൊണ്ട് മുന്നോട്ടുപോകാമെന്ന മനോഭാവമാണ് ഇതോടെ ജനങ്ങളിലുണ്ടാകുന്നതെന്നും ജസ്റ്റിസ് എന്‍. കിരുഭാകരന്‍, ബി. പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിര്‍ഭാഗ്യവശാല്‍, വികസനം, കാര്‍ഷിക മുന്നേറ്റം, തൊഴിലവസരങ്ങള്‍ എന്നിവ സംബന്ധിച്ച് യാതൊരു വാഗ്ദാനങ്ങളുമുണ്ടാകുന്നില്ല. മാന്ത്രിക വാഗ്ദാനങ്ങളില്‍പ്പെട്ടാണ് ജനം വോട്ട് ചെയ്യേണ്ടത്. പതിറ്റാണ്ടുകളായി ഓരോ അഞ്ചുവര്‍ഷത്തിലും ഇതു തന്നെയാണ് ആവര്‍ത്തിക്കുന്നത്. വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളായി അവശേഷിക്കുകയും ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി.
സൗജന്യ വാഗ്ദാനങ്ങള്‍ക്ക് ചെലവിടുന്ന തുക കൊണ്ട് തൊഴിലവസരങ്ങളുണ്ടാക്കുകയോ, ഡാമുകള്‍, തടാകങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയോ, കാര്‍ഷിക മേഖലയ്ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും പ്രോത്സാഹനങ്ങളും നല്‍കുകയോ ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്ത് സാമൂഹിക ഉന്നമനവും പുരോഗതിയുമുണ്ടാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."