കർണാടക ക്ഷേത്രോത്സവം: മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്
ബംഗളൂരു
കർണാടകയിലെ വിവിധ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായുള്ള മേളകളിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്. കഴിഞ്ഞദിവസം ഷിമോഗയിലെ കോട്ടെ മാരികംബ ഉൽസവത്തിൽ നിന്ന് മുസ്‌ലിം വ്യാപാരികൾക്ക് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ സഭവം. ഹിന്ദുത്വ സംഘടനകളുടെ നിർദേശത്തെത്തുടർന്നാണ് ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള മേളകളിൽ കടകൾ നടത്താൻ മുസ്‌ലിംകളെ മാറ്റിനിർത്തുന്നതെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
ദക്ഷിണ കന്നടയിലെ ബപ്പണ്ടു ദുർഗാപരമേശ്വരി ക്ഷേത്രം, മംഗളാദേവി ക്ഷേത്രം, പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങളിൽ അഹിന്ദുക്കൾ സ്റ്റാളുകൾ സ്ഥാപിക്കുന്നത് വിലക്കി ബാനറുകൾ സ്ഥാപിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭരണഘടന അംഗീകരിക്കാത്തവർക്കും കന്നുകാലികളെ കൊല്ലുന്നവർക്കും ഉത്സവത്തിൽ പങ്കെടുക്കാൻ അനുവാദമില്ലെന്നും ബാനറുകളിൽ പറയുന്നു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുള്ള കർണാടക ഹൈക്കോടതി വിധി അംഗീകരിക്കാത്ത മുസ്‌ലിംകളെ ഉത്സവത്തിൽ വ്യാപാരം നടത്താൻ അനുവദിക്കരുതെന്ന് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെട്ടതായി മംഗളൂരുവിലെ ഹോസ മാരിഗുഡി ക്ഷേത്ര ഭരണസമിതി അധ്യക്ഷൻ രമേഷ് ഹെഗ്‌ഡെ പറഞ്ഞു. ലക്ഷക്കണക്കിന് പേർ ഉൽസവം കാണാനെത്തുമെന്നതിനാൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവാതിരിക്കാൻ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് സംബന്ധിച്ച് ക്ഷേതം കമ്മിറ്റി ഭാരവാഹികൾ തങ്ങളെ അറിയിച്ചതായി വ്യാപാരികളും അറിയിച്ചു. ഞങ്ങൾ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ പോയി കണ്ടു, എന്നാൽ അവർ ഹിന്ദുക്കൾക്ക് മാത്രമായി സ്ലോട്ടുകൾ ലേലം ചെയ്യുമെന്നാണ് ഞങ്ങളോട് പ്രതികരിച്ചത്- ഉഡുപ്പിയിലെ വഴിയോര കച്ചവടക്കാരുടെ സംഘടനാ നേതാവ് മുഹമ്മദ് ആരിഫ് പറഞ്ഞു.
വിഷയം കർണാടക നിയമസഭയിലും ചർച്ചയായി. കോൺഗ്രസിലെ യു.ടി ഖാദറും റിസ്‌വാൻ അർഷാദും സഭയിൽ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."