മുഖ്യമന്ത്രിക്കെതിരേ വിവാദ പരാമര്‍ശം: എ രാജയ്ക്ക് 48 മണിക്കൂര്‍ പ്രചാരണ വിലക്ക്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഡി.എം.കെ നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എ.രാജക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. രാജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കി.
മുഖ്യമന്ത്രി പളനിസാമി ജാരസന്തതിയാണെന്നായിരുന്നു രാജയുടെ പരാമര്‍ശം. എ.രാജയുടെ പരാമര്‍ശം അപകീര്‍ത്തികരം മാത്രമല്ല, സഭ്യമല്ലാത്തതും മാതൃത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതുമാണെന്ന് അദ്ദേഹത്തിനെതിരായ നടപടി പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ്കമ്മീഷന്‍ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജാഗ്രത പാലിക്കണമെന്നും അപകീര്‍ത്തികരവും സഭ്യമല്ലാത്തതുമായ പരാമര്‍ശങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
നടപടിയ്ക്ക് പിന്നാലെ ഡിഎംകെയുടെ താരപ്രചാര പട്ടികയില്‍ നിന്ന് രാജയെ ഒഴിവാക്കുകയും ചെയ്തു. രാജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള അണ്ണാ ഡിഎംകെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ രാജ പരസ്യമായി മാപ്പു പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും മുഖ്യമന്ത്രിക്ക് മനോവിഷമം നേരിട്ടതില്‍ ഖേദിക്കുന്നതായും രാജ പറഞ്ഞു. നേതാക്കള്‍ എന്ന നിലയില്‍ എം.കെ. സ്റ്റാലിനെയും പളനിസാമിയെയും താരതമ്യം ചെയ്യുക മാത്രമാണു ചെയ്തതെന്നുമായിരുന്നു രാജയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."