HOME
DETAILS

കൊളീജിയം: കേന്ദ്രസർക്കാർ വിയോജിപ്പിന് പിന്നിലെന്ത്?

  
backup
January 20 2023 | 19:01 PM

845635263-2

അഡ്വ. കെ.എം ബഷീർ


ആധുനിക ജനാധിപത്യ ഭരണ സംവിധാനങ്ങളുടെ മുഖമുദ്ര രാജ്യത്ത് നിയമവാഴ്ച നിലനിൽക്കുന്നു എന്നതാണ്. രാജ്യഭരണവുമായി ബന്ധപ്പെട്ട എല്ലാ ഏർപ്പാടുകളും നിയമംവഴി നിർവചിക്കപ്പെടുന്നു. നിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യഭരണം നടക്കുന്നു. സർക്കാരുകൾ മാറിവരുന്നു, ഭരണാധികാരികൾ മാറുന്നു, നിയമത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ മാറുന്നില്ല. വ്യക്തികളല്ല ഭരണം നടത്തുന്നത്, നിയമങ്ങളാണ്. അതുകൊണ്ടാണ് ഭരണാധികാരികളുടെ ഇംഗിതങ്ങൾ രാഷ്ട്രത്തിന്റെ അടിസ്ഥാന നിയമ പ്രമാണങ്ങളെ മാറ്റിമറിക്കാത്തത്. നിയമവാഴ്ച നിലനിൽക്കണമെങ്കിൽ സുശക്തമായ ഒരു ഭരണഘടനയും അതിൽനിന്ന് ഉത്ഭവിച്ച നിയമങ്ങളും നിയമങ്ങളെ വ്യാഖ്യാനിക്കാൻ കെൽപുള്ള സ്വതന്ത്രവും നീതിപൂർവവുമായ ജുഡിഷ്യറിയും ഉണ്ടായേ തീരൂ.
ഭരണഘടനയുടെ നിർമാണ വേളയിൽ ഡോ. ബി.ആർ അംബേദ്കർ ഈ വസ്തുത ഉയർത്തിക്കാട്ടിയിട്ടുണ്ട്. അതനുസരിച്ചുള്ള ജുഡീഷ്യൽ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ഭരണനിർവഹണ വിഭാഗത്തിന്റെ നടപടികളെ പരിശോധനക്ക് വിധേയമാക്കാനുള്ള അധികാരം ജുഡീഷ്യറിക്കുണ്ട്. നിയമനിർമാണ സഭകളുടെ നടപടികളെയും പരിശോധനാവിധേയമാക്കാം. ഇത്രത്തോളം വിപുലമായ അധികാരങ്ങളുള്ള ജുഡീഷ്യറിയെ ചൊൽപ്പടിക്ക് നിർത്താൻ സർക്കാർ ശ്രമിക്കുക എന്നത് സ്വാഭാവികം മാത്രമാണ്. ജഡ്ജിമാരുടെ നിയമനത്തിന് ഇപ്പോൾ അവലംബിച്ചുവരുന്ന കൊളീജിയം സമ്പ്രദായം നിയമ നിർമാണസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്ന തരത്തിലുള്ള പ്രസ്താവനകൾ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ വൈസ് പ്രസിഡന്റും രാജ്യസഭയുടെ ചെയർമാനുമായ ജഗ്ദീപ് ധൽകറും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും സമാന വാദഗതികളുമായി രംഗത്തുവന്നിട്ടുണ്ട്.


നിലവിലുള്ള ജഡ്ജ് നിയമന സമ്പ്രദായത്തിൽ സർക്കാർ എത്രമാത്രം അസഹിഷ്ണത പുലർത്തുന്നു എന്ന് മനസ്സിലാക്കാൻ ഇവരുടെ പ്രസ്താവനകൾ ധാരാളം മതി. സർക്കാർ ജുഡീഷ്യറിയെ ഷണ്ഡീകരിക്കാൻ പുറപ്പെട്ടിരിക്കുകയാണ് എന്ന തരത്തിലുള്ള പ്രസ്താവനകൾ പ്രതിപക്ഷ കക്ഷികളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. 2014ൽ നാഷണൽ ജുഡീഷ്യൽ അപ്പോയ്‌മെന്റ്‌സ് കമ്മിഷൻ ആക്ട് കൊണ്ടുവന്നപ്പോൾ പ്രതിപക്ഷം ഈ നിയമത്തെ അനുകൂലിച്ചതായിരുന്നു എന്നത് മറ്റൊരു വസ്തുത. ഈ കാലയളവിനുള്ളിൽ രാജ്യം സമഗ്രാധിപത്യത്തിലേക്ക് നീങ്ങുന്നതായി പ്രതിപക്ഷത്തിന് അനുഭവങ്ങളിലൂടെ ബോധ്യം വന്നിട്ടുള്ളതുകൊണ്ടായിരിക്കാം കേന്ദ്രസർക്കാർ നീക്കങ്ങളെ പ്രതിപക്ഷം ഇപ്പോൾ എതിർക്കുന്നത്.


എന്താണ് കൊളീജിയം


സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ തെരഞ്ഞെടുക്കാൻ സുപ്രിംകോടതി കണ്ടെത്തിയ നിയമന രീതിയാണ് കൊളീജീയം സമ്പ്രദായം എന്ന് അറിയപ്പെടുന്നത്. ഭരണഘടനയിലെ അനുഛേദം 124(2) പ്രകാരം സുപ്രിംകോടതിയിലേക്കും അനുഛേദം 217 പ്രകാരം ഹൈക്കോടതികളിലേക്കും ജഡ്ജിമാരെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്. പ്രസിഡന്റ് സുപ്രിംകോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് ജഡ്ജിമാരെ നിയമിക്കുന്ന രീതിയാണ് 1993 വരെ നിലവിലുണ്ടായിരുന്നത്. 1993ൽ ഉണ്ടായ ഒരു സുപ്രധാന വിധിയിലൂടെയാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം സുപ്രിംകോടതിയിൽ നിക്ഷിപ്തമാക്കിയത്. ചീഫ് ജസ്റ്റിസും ഏറ്റവും മുതിർന്ന രണ്ട് ജഡ്ജിമാരും ഉൾപ്പെടുന്ന ഒരു കൊളീജിയമായിരിക്കും ഈ വിധി മൂലം ജഡ്ജിമാരെ തെരഞ്ഞെടുക്കേണ്ടത്. രണ്ടാം ജഡ്ജസ് കേസ് എന്നാണ് ഇത് അറിയപ്പെടുന്നത്. 1998ൽ മൂന്നാം ജഡ്ജസ് കേസിലൂടെ കൊളീജിയത്തിലെ അംഗ സംഖ്യ സുപ്രിംകോടതി വർധിപ്പിച്ചു. ഇപ്പോൾ കൊളീജിയത്തിൽ അംഗങ്ങളായിട്ടുള്ളത് ചീഫ് ജസ്റ്റിസും ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാരുമാണ്. ഇവരാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. കൊളീജിയം തെരഞ്ഞെടുക്കുന്ന ജഡ്ജിമാരുടെ പേര് അടങ്ങിയ ലിസ്റ്റ് ചീഫ് ജസ്റ്റിസ് കേന്ദ്ര നിയമമന്ത്രിക്ക് അയക്കുന്നു. നിയമമന്ത്രി അത് പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്നു. പ്രധാനമന്ത്രി ലിസ്റ്റ് പ്രസിഡന്റിന്റെ തീരുമാനത്തിന് അയക്കുന്നു. സാധാരണഗതിയിൽ ഈ പ്രക്രിയയിൽ തടസങ്ങൾ ഉണ്ടാവേണ്ടതില്ല. ചീഫ് ജസ്റ്റിസിന്റെ ശുപാർശ പ്രസിഡന്റ് അംഗീകരിക്കുന്ന കീഴ് വഴക്കമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചീഫ് ജസ്റ്റിസ് അയക്കുന്ന ലിസ്റ്റ് അംഗീകരിക്കാതെ കേന്ദ്രസർക്കാർ തിരിച്ചയക്കുന്ന പ്രവണത കൂടിവരികയാണ്. ഈ പശ്ചാത്തലത്തിൽ വേണം കേന്ദ്രമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ലോക്‌സഭാ സ്പീക്കറുടെയും പ്രസ്താവനകളെ കാണേണ്ടത്.


നാഷണൽ ജുഡിഷ്യൽ
അപ്പോയ്‌മെന്റ്‌സ് കമ്മിഷൻ ആക്ട്


ഭരണഘടനയുടെ 99ാം ഭേദഗതി ആക്ട് 2014ൽ പാർലമെന്റ് പാസാക്കിയ ശേഷമാണ് നാഷണൽ ജുഡിഷ്യൽ അപ്പോയ്‌മെന്റ്‌സ് കമ്മിഷൻ ആക്ട് കൊണ്ടുവന്നത്. കൊളീജിയം സമ്പ്രദായത്തിന്റെ ഘടന ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം വന്നിട്ടുള്ളത്. ഈ നിയമപ്രകാരം കൊളീജിയത്തിന്റെ ഘടന താഴെ കാണിച്ചിട്ടുള്ള പ്രകാരമാണ്. ചീഫ് ജസ്റ്റിസ്, രണ്ട് ജഡ്ജിമാർ, നിയമമന്ത്രി, സിവിൽ സമൂഹത്തിൽ നിന്നുമുള്ള രണ്ട് പ്രമുഖ വ്യക്തികൾ.


സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, രണ്ട് ജഡ്ജിമാർ, നിയമമന്ത്രി എന്നിവർ എക്‌സ് ഒഫീഷ്യോ മെംബർമാരായിരിക്കും. പ്രമുഖ വ്യക്തികളിൽ ഒരാളെ തെരഞ്ഞെടുക്കുന്നത് ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയായിരിക്കും. മറ്റേ പ്രമുഖ വ്യക്തി പട്ടികജാതി/ പട്ടികവർഗം, മറ്റു പിന്നോക്ക വിഭാഗം, ന്യൂനപക്ഷ സമുദായം എന്നിവയിൽപെട്ട ഒരാളായിരിക്കും. ഈ ആറംഗ സമിതിയിലെ ഏതെങ്കിലും രണ്ടംഗങ്ങൾ എതിർത്താൽ കൊളീജിയം ശുപാർശകൾ നടപ്പാക്കാൻ കഴിയില്ല. സത്യത്തിൽ ഇത് കൊളീജിയം സമ്പ്രദായത്തിന്മേലുള്ള വീറ്റോ പ്രയോഗമാണ്. സുപ്രിംകോടതി ചീഫ് ജസ്റ്റിസും രണ്ട് സഹ ജഡ്ജുമാരും കണ്ടെത്തുന്ന ജഡ്ജുമാരുടെ പേര് വെട്ടാൻ കേന്ദ്ര നിയമമന്ത്രിക്ക് ഒരു പ്രമുഖ വ്യക്തിയുടെ സഹായം മാത്രം മതിയാകും. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനഘടനക്ക് എതിരാണെന്ന് പറഞ്ഞ് സുപ്രിംകോടതി 2015ൽ റദ്ദ് ചെയ്തു. അങ്ങനെ കൊളീജിയം സമ്പ്രദായം പഴയപടി തുടരുന്നു.


കേന്ദ്ര പ്രസ്താവനയുടെ
ധ്വനികൾ


സുപ്രിംകോടതി 2015ൽ റദ്ദുചെയ്ത നിയമം മറ്റൊരു വിധത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. കൊളീജിയം സമ്പ്രദായം സുതാര്യതയില്ലാത്ത ഒന്നാണ് എന്നാണ് സർക്കാർ പറയുന്നത്. ജഡ്ജിമാർ അവർക്ക് ഇഷ്ടമുള്ളവരെ ശുപാർശ ചെയ്യുന്നു എന്നും കഴിവിന് പ്രധാന്യം നൽകുന്നില്ല എന്നുള്ള ആക്ഷേപവുമുണ്ട്. ജഡ്ജി നിയമനങ്ങളുടെ നാൾവഴികൾ പരിശോധിക്കുമ്പോൾ കൊളീജിയം ജഡ്ജിയാക്കിയ വ്യക്തി പിന്നീട് കൊളീജിയത്തിൽ വരുമ്പോൾ തന്നെ ജഡ്ജിയാക്കിയ ആളുടെ മകനെ ജഡ്ജിയാക്കുന്ന ഏർപ്പാടുകൾ കാണാൻ കഴിയുന്നതാണ്. തികച്ചും അന്യൂനമായ ഒരു സമ്പ്രദായവും നിലവിലില്ലല്ലൊ. എക്‌സിക്യൂട്ടിവിന്റെ അമിതാധികാര പ്രവണതയിൽ അധിഷ്ഠിതമായ ജഡ്ജ് നിയമനങ്ങളേക്കാൾ എന്തുകൊണ്ടും അഭികാമ്യം നിലവിലുള്ള സാഹചര്യത്തിൽ ഇപ്പോഴത്തെ രീതി തന്നെയാണ്. കേന്ദ്ര ഭരണകക്ഷിക്ക് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അജൻഡകൾ നടപ്പാക്കണമെങ്കിൽ ഭരണഘടനാപരമായ തടസങ്ങൾ ഇല്ലാതിരിക്കണം. മതിയായ ഭൂരിപക്ഷമുള്ള സ്ഥിതിക്ക് ഭരണഘടന ഭേദഗതി ചെയ്യാൻ സർക്കാരിന് കഴിയും. 1973ലെ കേശവാനന്ദ ഭാരതി കേസിൽ ഭരണഘടനയുടെ അടിസ്ഥാനഘടന മാറ്റുന്ന ഭരണഘടനാ ഭേദഗതി അനുവദനീയമല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് 1973ലെ കേശവാനന്ദ ഭാരതി കേസിലെ വിധിയെ വൈസ് പ്രസിഡന്റ് എതിർക്കുന്നത്.


ഹിന്ദുത്വ ആശയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഭരണഘടനയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടിവരും. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സെക്കുലർ എന്ന പദം എടുത്തുമാറ്റേണ്ടിവരും. ഒരുപക്ഷേ ആ സ്ഥാനത്ത് ഒരു മതത്തിന്റെ പേരുതന്നെ ചേർത്തെന്ന് വരും. രാഷ്ട്രത്തിന്റെ പേര് തന്നെ മാറ്റിക്കൂടായ്കയില്ല. ഇത്തരം എല്ലാ നീക്കങ്ങളും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് എതിരായതിനാൽ ഈ ദിശയിലുള്ള ഭരണഘടനാ ഭേദഗതികൾ സുപ്രിംകോടതി റദ്ദുചെയ്യാനുള്ള സാധ്യത ഏറെയാണ്.
ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിക്കുന്നത് ജഡ്ജിമാരാണല്ലൊ. ജഡ്ജിമാർ മനുഷ്യരായതുകൊണ്ട് അവരുടെ പ്രത്യയശാസ്ത്ര നിലപാടുകൾ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളിൽ കാണാൻ കഴിയും. നിലവിലുള്ള സുപ്രിംകോടതി ജഡ്ജിമാർ വിരമിക്കൽ പ്രായം എത്താറായവരാണ്. കൊളീജിയം സമ്പ്രദായം ഇല്ലാതാക്കി സർക്കാരിന് മേൽകൈയുള്ള നിയമനരീതി കൊണ്ടുവന്നാൽ നിലവിൽ ഭരിക്കുന്ന കക്ഷിയുടെ ആശയ അഭിലാഷങ്ങളോട് കൂറ് പുലർത്തുന്ന ജഡ്ജിമാരെ സുപ്രിംകോടതിയും ഹൈക്കോടതികളിലും നിയമിക്കാൻ കഴിയും. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റംവരുത്തുന്ന ഭരണഘടനാ ഭേദഗതികൾ കേന്ദ്രസർക്കാർ കൊണ്ടുവന്നാൽ കോടതികളിൽ ചോദ്യം ചെയ്യപ്പെടും എന്നുള്ളത് തീർച്ചയാണ്. സർക്കാരിന്റെ രാഷ്ട്രീയ തീരുമാനങ്ങളോട് കൂറുപുലർത്തുന്ന ജഡ്ജിമാർ ഭരണഘടനാ കോടതികളിൽ ഉണ്ടായാൽ സർക്കാരിന് ഏത് ഭരണഘടനാ ഭേദഗതിയും കൊണ്ടുവരാം എന്നിടത്താണ് കൊളീജിയം സംബന്ധിച്ച നിയമമന്ത്രിയുടെ ഇപ്പോഴത്തെ വേവലാതികളുടെ പൊരുൾ കുടികൊള്ളുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  5 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago